Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണൂരിൽ നിന്ന് ആദ്യയാത്രാവിമാനം പറന്നുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ തകൃതി; വിമാനത്താവളത്തിന് പഴശ്ശിരാജയുടെ പേരു നൽകണമെന്ന് ബിജെപി; ഗാന്ധിക്കും മുൻപേ നിസ്സഹകരണത്തെ വിദേശികൾക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചയാളാണ് പഴശ്ശിയെന്ന് ശ്രീധരൻപിള്ള

കണ്ണൂരിൽ നിന്ന് ആദ്യയാത്രാവിമാനം പറന്നുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ തകൃതി; വിമാനത്താവളത്തിന് പഴശ്ശിരാജയുടെ പേരു നൽകണമെന്ന് ബിജെപി; ഗാന്ധിക്കും മുൻപേ നിസ്സഹകരണത്തെ വിദേശികൾക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചയാളാണ് പഴശ്ശിയെന്ന് ശ്രീധരൻപിള്ള

റിയാസ് ആമി അബ്ദുള്ള

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് കേരളവർമ പഴശ്ശിരാജയുടെ പേരു നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പഴശ്ശിയുടെ വീരാഹുതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്സഹകരണത്തിലൂടെ ബ്രിട്ടിഷ് സാമ്രാജ്യത്തെ ഗാന്ധിജി മുട്ടുകുത്തിച്ചു. എന്നാൽ, അതിനും ഏറെ വർഷങ്ങൾക്കു മുൻപ് നിസ്സഹകരണത്തെ വിദേശികൾക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചയാളാണ് പഴശ്ശി. സ്വാതന്ത്ര്യ സമരത്തിലെ പഴശ്ശിരാജയുടെ പങ്ക് ചർച്ചയാവണമെന്നും ഇതിലൂടെ ഉത്തരവാദിത്തബോധമുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. വിമാന സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തിൽ ആവശ്യമായ ആധുനിക യന്ത്രങ്ങളും മറ്റും എത്തിച്ചു. വിമാനത്തിൽ നിന്നു സാധനങ്ങൾ ഇറക്കാനും കയറ്റാനും കാർഗോ കോംപ്ലക്‌സിലെത്തിക്കാനുമുള്ള യന്ത്രങ്ങളാണ് കൊണ്ടുവന്നത്. ഫ്രാൻസിൽ നിന്നു കപ്പൽ മാർഗം ചെന്നൈയിലെത്തിച്ച ഉപകരണങ്ങൾ ആറു ട്രക്കുകളിൽ റോഡ് മാർഗമാണ് വിമാനത്താവളത്തിലെത്തിച്ചത്. എയർ ഇന്ത്യ എക്സ്‌പ്രസ് കമ്പനിക്കാവശ്യമായ യന്ത്രങ്ങങ്ങളാണ് എത്തിച്ചത്. ഉദ്ഘാടന ചടങ്ങിനുള്ള പന്തലിന്റെ പണിയും പൂർത്തിയായി വരുന്നുണ്ട്. എടിസി കെട്ടിടത്തിനു സമീപത്തായാണ് കൂറ്റൻ പന്തൽ ഒരുങ്ങുന്നത്.

വിമാനത്താവളത്തിൽ യാത്രക്കാരെ വരവേൽക്കാൻ 'മലബാറിന്റെ പൈതൃകവും ഇന്ത്യൻ നൃത്ത രൂപങ്ങളും' ഒരുക്കിയിട്ടുണ്ട്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനകത്ത് ഒന്നാം നിലയിൽ ചെക്കിങ് ഏരിയയുടെ പിറകിലാണ് മ്യൂറൽ പെയ്ന്റിങ് ഉപയോഗിച്ച് ചിത്രങ്ങൾ ക്രമീകരിച്ചത്. 10 കലാകാരന്മാർ 3 മാസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മലബാറിന്റെ തനത് പാരമ്പര്യം മ്യൂറൽ ചിത്രങ്ങളുടെ അകമ്പടിയിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. തലശ്ശേരിയുടെ പെരുമ വിളിച്ചോതുന്ന ക്രിക്കറ്റ്, കേക്ക്, സർക്കസ് മുതൽ ബ്രിട്ടീഷുകാർ പണി തീർത്ത കോട്ടകൾ വരെ അടയാളപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്നവർക്ക് അറക്കൽ കൊട്ടാരവും സാമുതിരി കോവിലകവും വടക്കൻ പാട്ടും കാവുകളും അമ്പലങ്ങളും കണ്ട് യാത്ര തിരിക്കാം. ഇതിനു പുറമെ ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ള നൃത്തരൂപങ്ങളും ചുമരുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നോർത്ത് ഇന്ത്യൻ സംഘ നൃത്തങ്ങളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്തരൂപങ്ങളും അതിന്റെ തനിമ ചോരാതെ ചുമരുകളിൽ പ്രതിഫലിക്കുന്നുണ്ട്. എസ്‌കലേറ്ററിനു സമീപം ആലേഖനം ചെയ്ത യക്ഷഗാനത്തിന്റെ ചിത്രീകരണം കാഴ്ചക്കാരിൽ കൗതുകം ഉണർത്തും. വേഷവിതാനങ്ങളും അലങ്കാരങ്ങളും അതിന്റെ സൂക്ഷ്മ ഭാവത്തോടെയുണ്ട്.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിലാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. കണ്ണൂർ,തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. ഉദ്ഘാടനം കഴിയുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമാകും ഇത്. എയർപോർട്ട് പ്രവർത്തനം തുടങ്ങിയാൽ 55 ശതമാനം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കുറയും.വാഹനപാർക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്‌സികളും 25 ബസുകളും ഒരേസമയം പാർക്ക് ചെയ്യാം. 2016 ഫെബ്രുവരി 29 ന് ആദ്യത്തെ പരീക്ഷണ പറക്കൽ നടത്തിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത് 2018 ഡിസംബർ 9നാണ്. പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂർഖൻപറമ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാൻ സമീപ പ്രദേശങ്ങളിൽ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു.

വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള പരസ്യ ക്യാംപെയിനുകളിൽ പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്നു കണ്ണൂർ വിമാനത്താവള കമ്പനി (കിയാൽ) അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്, ഫ്‌ളെക്സ് തുടങ്ങി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കൾ പൂർണമായും ഒഴിവാക്കിയാവും പ്രചാരണം. ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ശുദ്ധജല വിതരണം ഉൾപ്പെടെ എല്ലാം ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചായിരിക്കും. ഫ്‌ളെക്സിനു പകരം തുണിയാണ് വലുതും ചെറുതുമായ ബോർഡുകളിൽ ഉപയോഗിക്കുക. എല്ലാ ജില്ലകളിലും ഇത്തരം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള നിലവാരമേറിയ തുണി ഉപയോഗിക്കുന്നത് അധിക സാമ്പത്തികബാധ്യത വരുത്തുമെങ്കിലും പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ പൂർണമായും ഒഴിവാക്കാൻ തന്നെയാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.ഭാവിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണമായും സൗരോർജം ഉപയോഗിക്കാനും കിയാൽ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP