ഗസ്റ്റ് ഹൗസിൽ ചർച്ച തുടങ്ങിയപ്പോൾ സൗമ്യരും ശാന്തരും; പറഞ്ഞ് പറഞ്ഞ് ദേവസ്വം മന്ത്രിയുമായി രൂക്ഷമായ വാക്കേറ്റവും ശരണം വിളിയും; കാഞ്ഞങ്ങാട്ട് ബിജെപി ജില്ലാ നേതാക്കൾ കസ്റ്റഡിയിൽ
November 20, 2018 | 04:18 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കാസർകോഡ്: ദേവസ്വം മന്ത്രിയുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടിതിനെ തുടർന്ന് കാസർകോട്ടെ ബിജെപി ജില്ലാ നേതാക്കൾ കസ്റ്റഡിയിൽ. ശരണം വിളിച്ചു പ്രതിഷേധിച്ച ബിജെപി ജില്ല പ്രസിഡന്റിനെയടക്കം 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കാഞ്ഞങ്ങാടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചയ്ക്കു ബിജെപി പ്രസിഡന്റ് കെ.ശ്രീകാന്ത് അനുവാദം തേടിയിരുന്നു. മന്ത്രിയിൽനിന്ന് അനുവാദം വാങ്ങിയ പൊലീസ് ഗസ്റ്റ് ഹൗസിൽ ചർച്ചയ്ക്കു സൗകര്യം ഏർപ്പെടുത്തി.
എന്നാൽ ശബരിമല വിഷയത്തിൽ ചർച്ചയ്ക്കിടെ മന്ത്രിയും ബിജെപി നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്നു ഉച്ചത്തിൽ ശരണം വിളികളുമായി ബിജെപി നേതാക്കൾ പ്രതിഷേധമുയർത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി.കെ.സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് ഉടൻ തന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. ബിജെപി ജില്ല പ്രസിഡന്റ് കെ.ശ്രീകാന്ത്, നേതാക്കളായ എ.വേലായുധൻ, സുധാമ ഗോസാദ, പ്രേംരാജ്, മണിലാൽ, എൻ.ബാബുരാജ്, രാജേഷ് കായ്ക്കാർ, പ്രദീപ് എം.കുട്ടാക്കണി എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.
