Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം മാറാടിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ ബിജെപി നേതാക്കളും കള്ളക്കളി നടത്തി; 432 കോടിയുടെ കള്ളപ്പണ ഇടപാടും സംശയം; മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം ഇങ്ങനെ

രണ്ടാം മാറാടിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ ബിജെപി നേതാക്കളും കള്ളക്കളി നടത്തി; 432 കോടിയുടെ കള്ളപ്പണ ഇടപാടും സംശയം; മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം ഇങ്ങനെ

കോഴിക്കോട്: രണ്ടാംമാറാട് ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ബിജെപി നേതാക്കളുടെ പിന്തുണയോടെ അട്ടിമറിച്ചെന്ന് വെളിപ്പെടുത്തൽ.

അന്വേഷണഉദ്യോഗസ്ഥൻ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്രഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ ബിജെപിയെ സമ്മർദത്തിലാക്കുന്നതാണ് സത്യവാങ്മൂലം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്നാണ് വെളിപ്പെടുത്തൽ. ചില മുസ്ലിംലീഗ് നേതാക്കളും സി ബി ഐ അന്വേഷണത്തെ എതിർത്തു. സാക്ഷിമൊഴികളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങളാണ് മുൻ ഉദ്യോഗസ്ഥൻ സി.എം പ്രദീപ് കുമാർ സത്യവാങ്മൂലത്തിൽ പ്രസ്താവിക്കുന്നത്.

1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തി. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ നിരോധിത സംഘടനയായ സിമിയുടെയും പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെയും പങ്ക് സംശയിക്കുന്നുണ്ട്. താൻ തയ്യാറാക്കിയ 2012 പേജുള്ള കേസ് ഡയറിയിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രദീപ്കുമാറിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

രണ്ടാം മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഗവൺമെന്റ് പ്ലീഡറും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് വ്യക്തമായ തെളിവുകൾ നിരത്തി പതിമൂന്ന് പേജുള്ള സത്യവാങ്മൂലം ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിരിക്കുന്നത്. 2003ലെ മാറാട് കൂട്ടകൊലയ്ക്ക് പിന്നിൽ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തുന്നു. മാറാട് അന്വേഷണ കമ്മീഷന്റെ ശുപാർശയെ തുടർന്ന് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ചത് റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാറായിരുന്നു.

മാറാട് കലാപത്തിൽ കൊളക്കാടൻ മൂസ ഹാജി എന്നയാൾ ചീഫ് ജസ്റ്റിസ് മുമ്പാകെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് പ്രദീപ് കുമാർ കോടതിയെ സമീപിക്കുന്നത്. കൊളക്കാടൻ മൂസ ഹാജിയുടെ ഹർജിയിൽ സിബിഐ, സംസ്ഥാന സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടമുണ്ടായിരുന്ന അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോൾ, അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം. പ്രദീപ് കുമാർ എന്നിവരെയായിരുന്നു ഒന്നു മുതൽ നാലുവരെയുള്ള എതിർകക്ഷികളായി ചേർത്തിരുന്നത്. ഇതിൽ സിബിഐ ആദ്യം മറുപടി സത്യവാങ്മൂലം സമർപ്പിച്ചു. തൊട്ടു പിന്നാലെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവൺമെന്റ് പ്ലീഡറും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് കുമാറിനോടോ വിൻസൻ.എം പോളിനോടോ ഒരു കാര്യവും തിരക്കാതെയാണ് മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്.

മറുപടി സത്യവാങ്മൂലം നൽകാനായി കോടതി പുറപ്പെടുവിച്ച നോട്ടീസ് ഇരുവർക്കും നൽകുകയോ അറിയിക്കുകയോ ഉണ്ടായില്ല. ഇതേത്തുർന്ന് കേസിൽ തന്നെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ പ്രദീപ് കുമാർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. കേസിൽ നിലവിൽ തന്നെ പ്രദീപ് കുമാർ നാലാം എതിർ കക്ഷിയാണെന്നും അതിനാൽ പ്രത്യേകം കക്ഷി ചേരേണ്ടതില്ലെന്നും ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 2003 മെയ്‌ രണ്ടിനാണ് മാറാട് കടൽത്തീരത്ത് കൂട്ടകൊല നടന്നത്.

നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിശദവും വിപുലവുമായ അന്വേഷണമാണ് ആവശ്യം. കേരള പൊലീസിന് ഇത് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ മാറാട് അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം സിബിഐ സെൻട്രൽ ഇന്റലിജൻസ് ബ്യൂറോഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവർ ഉൾപ്പെടുന്ന ബഹുഅന്വേഷണ ഏജൻസികളെ സമന്വയിപ്പിച്ച് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.

ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നോണ് സ്ഥലം മാറ്റപ്പെട്ടത്. അന്വേഷണം ശകക്തമായി മുന്നേറുന്നതിനിടെ ഉണ്ടായ സ്ഥലം മാറ്റം അന്വേഷണത്തെ തുടർന്ന് മരവിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP