Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൺസൂൺകാല വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ലീഗ്; ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തിപ്പിന് പൊതുമേഖലാ കമ്പനി: മന്ത്രി കടകംപള്ളി

മൺസൂൺകാല വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ലീഗ്; ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തിപ്പിന് പൊതുമേഖലാ കമ്പനി: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ലോക വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന് പുത്തൻ മാനങ്ങൾ സൃഷ്ടിക്കാനാവുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നടത്തിപ്പിനായി പൊതുമേഖലാ കമ്പനി രൂപീകരിക്കും. സംസ്ഥാനത്തെ വള്ളംകളി ക്ലബ്ബുകൾക്ക് കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടാകും.

പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് കമ്പനി രൂപീകരണം പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകൾ ജൂലൈ പത്തിനു മുൻപ് തീരുമാനിക്കും. ബന്ധപ്പെട്ടവർക്ക് ജൂലൈ രണ്ടിനു മുൻപ് നിർദേശങ്ങൾ സമർപ്പിക്കാമെന്നും ബോട്ട് ഉടമകൾ, ബോട്ട് ക്ലബ്ബ്- തുഴച്ചിലുകാരുടെ സംഘടനാ ഭാരവാഹികൾ തുടങ്ങിയവരുടെ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

മൺസൂൺകാല വിനോദസഞ്ചാരികളെ ആകർഷിക്കാനാവുന്ന തരത്തിൽ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച ആരംഭിച്ച് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സമാപിക്കുന്ന തരത്തിൽ ലീഗ് പ്രോഗ്രാം തയ്യാറാക്കും. ലോകത്തിന്റെ ഏതു കോണിലിരുന്നും കേരളത്തിന്റെ വള്ളംകളി മത്സരങ്ങൾ ആസ്വദിക്കാവുന്ന തരത്തിൽ അന്തർദേശീയ നിലവാരത്തിലുള്ള മത്സരമായിരിക്കും ഇത്. 40 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്രുട്രോഫി വള്ളംകളിയോടെ ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് നവംബർ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടെ സമാപിക്കും.

ഓഗസ്റ്റ് 17 പുളിങ്കുന്ന് (ആലപ്പുഴ), 24 താഴത്തങ്ങാടി (കോട്ടയം), 31 പിറവം (എറണാകുളം), സെപ്റ്റംബർ 7 മറൈൻഡ്രൈവ് (എറണാകുളം), 14 കോട്ടപ്പുറം (തൃശൂർ), 21 പൊന്നാനി (മലപ്പുറം), 28 കൈനകരി (ആലപ്പുഴ), ഒക്ടോബർ 5 കരുവാറ്റ (ആലപ്പുഴ), 12 കായംകുളം (ആലപ്പുഴ), 19 കല്ലട (കൊല്ലം) എന്നീ ക്രമത്തിലാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കുക.

ടൂറിസം ഉൽപ്പന്നങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട മനുഷ്യരുടെ ജീവിതവുമായി ഇഴേ ചർന്നതാകണമെന്ന സർക്കാർ നയം ഉയർത്തിപ്പിടിക്കുന്നതായിരിക്കും ചാമ്പ്യൻ ലീഗ് എന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. 2018 ലെ നെഹ്രുട്രോഫി വള്ളംകളിയിൽ ആദ്യമെത്തിയ ഒൻപതു വള്ളങ്ങളാണ് പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലെ മത്സരാർത്ഥികൾ. 2019ൽ അവസാന റൗണ്ടിലെത്തുന്ന നാലുപേരും നെഹ്രുട്രോഫി വള്ളം കളിയിലെ ആദ്യ അഞ്ച് സ്ഥാനക്കാരുമായിരിക്കും 2020ലെ മത്സരാർത്ഥികൾ. നിയമസഭാ സാമാജികർ അദ്ധ്യക്ഷന്മാരും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ കൺവീനർമാരുമായ പ്രാദേശിക സംഘാടക സമിതികളുടെ മേൽനോട്ടത്തിലായിരിക്കും മത്സരങ്ങൾ.

അടിസ്ഥാന തുക നിശ്ചയിച്ചായിരിക്കും സ്‌പോൺസർമാരേയും ഫ്രാഞ്ചൈസികളേയും തെരഞ്ഞെടുക്കുന്ന ലേലം. പന്ത്രണ്ടു കേന്ദ്രങ്ങളിലും ഒരേ തുഴച്ചിലുകാർ തന്നെയായിരിക്കണം. എന്നാൽ പത്തുശതമാനം പകരക്കാരെ വയ്ക്കാവുന്നതാണ്. പകരക്കാരേയും മുൻകൂട്ടി അറിയിക്കണം.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഗുണഫലം വരുംവർഷങ്ങളിൽ ഉണ്ടാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പഴയ മത്സര വള്ളങ്ങൾ സർക്കാർ വാങ്ങി അവ ആലപ്പുഴയിൽ ഒരുക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. പ്രാദേശിക വള്ളംകളി മത്സരങ്ങൾ പരമ്പരാഗതമായി നടക്കുമെന്നും വള്ളംകളികൾക്കു നൽകുന്ന ധനസഹായം കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാമ്പ്യൻസ് ബോട്ട് ലീഗിനെ രാജ്യാന്തര നിലവാരത്തിലുള്ള കായിക വിനോദമാക്കി മാറ്റുമെന്ന് ടൂറിസം ഡയറക്ടർ ശ്രീ പി ബാല കിരൺ വ്യക്തമാക്കി.

പ്രഥമ ചാമ്പ്യൻ ബോട്ട് ലീഗിന്റെ വിജയകരമായ നടത്തിപ്പിനായി ടൂറിസം മന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും സാന്നിധ്യത്തിൽ ബന്ധപ്പെട്ട എംഎൽഎമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം തിങ്കളാഴ്ച തലസ്ഥാനത്ത് ചേർന്ന് വിശദമായ പരിപാടികൾക്ക് രൂപം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP