Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴ് വർഷം കാത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല: ഭൂമി അളക്കാൻ ആളെത്തുമെന്നും രണ്ടായിരം രൂപ വീതം രണ്ട് പേർക്ക് നൽകണമെന്നും സർവേ ഉദ്യോഗസ്ഥർ; വിജിലൻസ് നേതൃത്വത്തിൽ വ്യക്തമായ പദ്ധതി തയ്യാറാക്കി കാത്തിരുന്നു; കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കിയത് സിനിമാ സ്‌റ്റൈലിൽ

ഏഴ് വർഷം കാത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല: ഭൂമി അളക്കാൻ ആളെത്തുമെന്നും രണ്ടായിരം രൂപ വീതം രണ്ട് പേർക്ക് നൽകണമെന്നും സർവേ ഉദ്യോഗസ്ഥർ; വിജിലൻസ് നേതൃത്വത്തിൽ വ്യക്തമായ പദ്ധതി തയ്യാറാക്കി കാത്തിരുന്നു; കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കിയത് സിനിമാ സ്‌റ്റൈലിൽ

മറുനാടൻ മലയാളി ബ്യൂറോ

ഉഴവൂർ:   ഉഴവൂരിൽ വസ്തു അളക്കാനെത്തിയ താലൂക്ക് ഹെഡ് സർവയറും സർവയറും വസ്തു ഉടമയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ബുധനാഴ്ച വൈകിട്ട് 5.30ന് ഉഴവൂർ അരീക്കയിലാണ് സംഭവം. ഭൂമിയുടെ വിസ്തീർണം ശരിയാക്കി നൽകാനായി കൈക്കൂലി വാങ്ങിയ മീനച്ചിൽ താലൂക്ക് ഹെഡ്സർവേയറും സർവേയറുമാണ് അറസ്റ്റിലായത്. അരീക്കര വലിയവീട്ടിൽ വി ടി കുരുവിള തന്റെ പേരിലുള്ള സ്ഥലം ആധാരത്തിലുള്ള വിസ്തീർണം കൃത്യമായി രേഖപ്പെടുത്താൻ നൽകിയ അപേക്ഷയിലെ നടപടിക്കാണ് കൈക്കൂലി വാങ്ങി സർവേയർമാർ പിടിയിലായത്. മീനച്ചിൽ താലൂക്ക് ഹെഡ്സർവേയർ കൊല്ലം തൃക്കരുവ അഞ്ച് വിളാകം എസ് സജീവ് (52), സർവേയർ തിരുവനന്തപുരം നെയ്യാറ്റിൻകര താഴെ നിന്ന് ജോയിഭവൻ സ്വദേശി ജോയിക്കുട്ടി (51) എന്നിവരാണ് അറസ്റ്റിലായത്. വിജിലൻസ് ഡിവൈഎസ്‌പി എൻ രാജൻ, സിഐമാരായ റിജോ പി ജോസഫ്, രാജൻ കെ അരമന, എസ് ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ ഇക്കഴിഞ്ഞ ദിവസം പിടികൂടിയത്. 

അരീക്കര സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ കുട്ടിയുടെ ഉടമസ്ഥതയിൽ ആകെയുള്ള 24 സെന്റ് സ്ഥലം റീസർവേയിലൂടെ രേഖകളിൽ 17 സെന്റായതോടെയാണ് യഥാർഥ അളവ് രേഖപ്പെടുത്താൻ ശ്രമിച്ചത്. വെളിയന്നൂർ വില്ലേജിൽ കരമടച്ചിരുന്നപ്പോൾ 24 സെന്റ് സ്ഥലമുണ്ടായിരുന്നെങ്കിലും ഉഴവൂരിലേക്ക് മാറുകയും റിസർവേ നടക്കുകയും ചെയ്തതോടെയാണ് 17സെന്റായി രേഖകളിൽ മാറിയതെന്ന് ഓട്ടോഡ്രൈവറായ കുട്ടി പറയുന്നു. മക്കളിൽ മൂത്തയാൾക്ക് വീടുവെയ്ക്കാനായി ഭൂമി ആധാരം ചെയ്തു നൽകാനാണ് യഥാർഥ വിസ്തീർണം രേഖപ്പെടുത്താൻ ശ്രമിച്ചത്.

മീനച്ചിൽ താലൂക്ക് ഓഫീസിൽ നൽകിയ അപേക്ഷയിൽ നടപടിയുണ്ടാകാതെ വന്നതോടെ ജില്ലാ ഓഫീസിൽ പരാതികളും അപേക്ഷകളും നൽകി. 7വർഷം കാത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയിൽ മൂന്ന് തവണ സ്ഥലം അളന്നുതിട്ടപ്പെടുത്തിയെങ്കിലും രേഖപ്പെടുത്തൽ നടന്നില്ല. ഈ അളവുകൾക്കെല്ലാം പണവും വാഹനസൗകര്യങ്ങളും വാങ്ങിയതായി കുട്ടി പറയുന്നു.

വീണ്ടും താലൂക്ക് ഓഫീസിനെ തന്നെ ആശ്രയിച്ചതോടെ അപേക്ഷയടങ്ങിയ ഫയൽ കാണുന്നില്ലെന്ന മറുപടി ലഭിച്ചു. കുരുവിള നേരിട്ട് ഇടപെട്ട് ഫയൽ ഇതേ ഓഫീസിൽ നിന്ന് കണ്ടെത്തിയെങ്കിലും വീണ്ടും നടപടി വൈകി. ഒടുവിൽ ബുധനാഴ്ച ഭൂമി അളക്കാൻ ആളെത്തുമെന്നും രണ്ടായിരം രൂപ വീതം രണ്ട് പേർക്ക് നൽകണമെന്നും സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഈ വിവരം വിജിലൻസ് എസ്‌പി പി ജി വിനോദ്കുമാറിനെ അറിയിച്ചു. സ്ഥലം അളക്കാനെത്തിയ ഹെഡ്സർവേയർക്കും സർവേയർക്കും ആവശ്യപ്പെട്ടതനുസരിച്ച് കുരുവിള നൽകിയത് വിജിലൻസ് നൽകിയ നോട്ടുകളായിരുന്നു. ഈ നോട്ടുകൾ വാങ്ങിയ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിലാകുകയായിരുന്നു.

വിജിലൻസ് എസ്‌പി വി.ജി.വിനോദ്കുമാർ, ഡിവൈഎസ്‌പി എൻ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ വ്യക്തമായ പദ്ധതി തയാറാക്കിയാണ് കുടുക്കിയത്. 15 ഉദ്യോഗസ്ഥർ അരീക്കരയിലേക്ക്. ഒരു ഉദ്യോഗസ്ഥൻ വി.ടി.കുരുവിളയുടെ ബന്ധുവിന്റെ വേഷം അണിഞ്ഞു. കാറുമായി പാലായിൽ പോയി സർവേ ഓഫിസിലെ 2 ഉദ്യോഗസ്ഥരെയും അരീക്കരയിൽ എത്തിച്ചത് ബന്ധുവായി വേഷം മാറിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സർവേയർമാർ സ്ഥലത്തിന്റെ അളവ് പരിശോധന നടത്തുമ്പോൾ വിജിലൻസ് ഉദ്യോഗസ്ഥർ തൊഴിലാളികളുടെ വേഷത്തിൽ ഇതേ പുരയിടത്തിൽ ഉണ്ടായിരുന്നു.

അളവ് ജോലികളിൽ സഹായിക്കുകയും ചെയ്തു. ജോലികൾ കഴിഞ്ഞതോടെ ചായ കുടിക്കാനായി വീട്ടിലേക്കു ക്ഷണിച്ചു. വീടിനകത്ത് ചായ കുടിച്ചു കൊണ്ടിരിക്കെയാണ് 2 ഉദ്യോഗസ്ഥർക്കും കൈക്കൂലി പണം കൈമാറിയത്.വിജിലൻസിന്റെ നിർദ്ദേശമനുസരിച്ചു നോട്ടുകൾ കൈമാറുന്നതിനിടെ ജോയിക്കുട്ടൻ, എസ്.സജീവ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP