Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ശമ്പളം കൊടുത്തിട്ടും രേഖകൾ തരാതെ വട്ടം കറക്കുന്നവരെ കുടുക്കാൻ താഹിറ ഖാലിദയെ മാതൃക ആവേശമാകട്ടെ; കൈവശാവകാശരേഖ നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കൈയോടെ പിടികൂടി

സർക്കാർ ശമ്പളം കൊടുത്തിട്ടും രേഖകൾ തരാതെ വട്ടം കറക്കുന്നവരെ കുടുക്കാൻ താഹിറ ഖാലിദയെ മാതൃക ആവേശമാകട്ടെ; കൈവശാവകാശരേഖ നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കൈയോടെ പിടികൂടി

കാസർകോട്: കൈക്കൂലിക്കാരെ ശരിയാക്കാൻ എൽഡിഎഫ് സർക്കാർ വന്നിട്ടും സാധിച്ചിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ഇപ്പോഴും സാധാരണക്കാരെ രേഖകൾ നൽകാതെ വട്ടംകറക്കുന്ന പതിവുണ്ട്. ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് കുരുഡപ്പദവിലെ താഹിറ ഖാലിദയെ മാതൃകയാക്കുയാണ് വേണ്ടി. സർക്കാർ രേഖ കിട്ടാൻ വേണ്ടിയാണ് താഹിറിനോട് ഒരുദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.

കൈവശാവകാശ രേഖ നൽകുന്നതിനായി വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് താഹിറ ഖാലിദ ഉദ്യോഗസ്ഥനെ കുടുക്കിയത്. മഞ്ചേശ്വരം ബായാർ വില്ലേജ് ഓഫീസർ മാവേലിക്കര സ്വദേശി ഇ.സുധാകരൻ (51) ആണ് അറസ്റ്റിലായത്. കൊല്ലം അഞ്ചൽ സ്വദേശിയായ ഇവർ മുംബൈയിൽ അദ്ധ്യാപികയാണ് താഹിറ ഖാലിദ. വായ്പയെടുക്കുന്നതിനുവേണ്ടി സ്ഥലത്തിന്റെ രേഖകൾ തയ്യാറാക്കി നൽകുന്നതിനാണ് വില്ലേജ് ഓഫീസർ വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വായ്പാ ആവശ്യത്തിന് ഐ സ്‌കെച്ച് നൽകണമെങ്കിൽ 1000 രൂപ കൈക്കൂലി നൽകണമെന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു.

വിജിലൻസിൽ പരാതി നൽകിയശേഷം അവർ നൽകിയ 1000 രൂപയുമായി താഹിറ വില്ലേജ് ഓഫീസിൽ എത്തി. പണം കൈമാറിയ ഉടൻ ഡിവൈ.എസ്‌പി. കെ.വി.രഘുരാമന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വില്ലേജ് ഓഫീസറെ അറസ്റ്റു ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെയായിരുന്നു അറസ്റ്റ്. സുധാകരനെ ഞായറാഴ്ച തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

കൈക്കൂലിക്കെതിരെ വിജിലൻസിന് പരാതി നൽകാൻ ധൈര്യം കാണിച്ച അപൂർവം സ്ത്രീകളിൽ ഒരാളായിരിക്കുകയാണ് താഹിറ. 28 വർഷമായി മുംബൈയിൽ ഭർത്താവിനൊപ്പമാണ് താമസം. റബ്ബറിന് വിലയിടിഞ്ഞപ്പോൾ നേരത്തേ എടുത്ത വായ്പയുടെ തിരിച്ചടവ് തടസ്സപ്പെട്ടു. ബാങ്ക് അധികൃതർ അറിയിച്ചത് അനുസരിച്ച് ബായാറിലെ സ്ഥലം ഈടുവച്ച് വായ്പയെടുക്കാനാണ് വില്ലേജ് ഓഫീസിൽ അനുബന്ധ രേഖകൾക്കായി അപേക്ഷ നൽകിയത്. കൈവശാവകാശ രേഖ, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ഐ സ്‌കെച്ച് എന്നിവ ആവശ്യപ്പെട്ട് ഒക്ടോബർ ആറിന് അപേക്ഷ നൽകി. ലൊക്കേഷൻ സർട്ടിഫിക്കറ്റ് 17നും കൈവശാവകാശ രേഖ 26നും നൽകി. ഐ സ്‌കെച്ചിന് രണ്ടായിരം രൂപ തരണമെന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടതായി താഹിറ പറഞ്ഞു.

പണം തന്നില്ലെങ്കിൽ രേഖ തരില്ലെന്ന് അദ്ദേഹം വാശിപിടിച്ചു. വായ്പയെടുത്ത് ബാങ്കിലെ പ്രശ്‌നം പരിഹരിക്കേണ്ടതും അത്യാവശ്യമായിരുന്നു. സഹികെട്ടപ്പോഴാണ് വിജിലൻസിന് പരാതി നൽകാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. മുംബൈയിൽ വ്യാപാരിയും കുരുഡപ്പദവ് സ്വദേശിയുമായ ഭർത്താവ് ഖാലിദും തീരുമാനത്തിനൊപ്പം ഉറച്ചുനിന്നതായി താഹിറ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ രേഖകൾക്കായി എത്തുന്ന വേറൊരാൾക്കും മേലിൽ ഇത്തരം ദുരിതം ഉണ്ടാകാതിരിക്കണമെന്ന തീരുമാനമാണ് വിജിലൻസിനെ സമീപിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് താഹിറ പറഞ്ഞു. ഇത്തരം അനീതിക്കെതിരെ സ്ത്രീകളും രംഗത്തിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും അവർ പറഞ്ഞു.

ഇൻസ്‌പെക്ടർമാരായ പി.ബാലകൃഷ്ണൻ നായർ, എ.അനിൽകുമാർ, എഎസ്ഐ. ശശിധരൻ പിള്ള, സിവിൽ പൊലീസ് ഓഫീസർമാരായ പി.ജെ.ജോസഫ്, എ.വിനോദ്, രമേശൻ, ദിനേശൻ, മജീദ്, ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് കെ.വി.രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽ കൃഷി ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസർ ജി.ബിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിജിലൻസ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP