Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൻഷൻ പ്രായം 58 ആക്കി ഉയർത്തണം; അടിസ്ഥാന ശമ്പളം 17,000 രൂപ; കൂടിയത് 1.20 ലക്ഷം രൂപ; അടിസ്ഥാന പെൻഷൻ 8500; പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ സർക്കാറിന് സമർപ്പിച്ചു

പെൻഷൻ പ്രായം 58 ആക്കി ഉയർത്തണം; അടിസ്ഥാന ശമ്പളം 17,000 രൂപ; കൂടിയത് 1.20 ലക്ഷം രൂപ; അടിസ്ഥാന പെൻഷൻ 8500; പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ സർക്കാറിന് സമർപ്പിച്ചു

തിരുവനന്തപുരം: പെൻഷൻ പ്രായം 58 ആക്കി ഉയർത്താൻ ശുപാർശ ചെയ്തുകൊണ്ട് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശമ്പള കമ്മീഷൻ ശുപാർശ സർക്കാറിന് സമർപ്പിച്ചു. കുറഞ്ഞ പെൻഷൻ 8500 രൂപയാക്കി ഉയർത്തിക്കൊണ്ടും അടിസ്ഥാന ശമ്പളം 17000 രൂപയാക്കി കൊണ്ടുമാണ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ശമ്പള കമ്മീഷൻ റിപ്പോർട്ട് ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഏറ്റുവാങ്ങി. സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവുമായി നിശ്ചയിച്ചാണ് ശമ്പള കമ്മീഷന് ശുപാർശ സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ തീരുമാനം പിന്നീട് അറിയിക്കും. അതേസമയം പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശക്കെതിരെ യുവജനസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പെൻഷൻ പ്രായം വർധിപ്പിച്ചതിൽ ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ലോവർ ഡിവിഷൻ ക്ലാർക്കിന്റെ അടിസ്ഥാന ശമ്പളം 21,000 രൂപയും അപ്പർ ഡിവിഷൻ ക്ലാർക്കിന്റേത് 26,500 രൂപയുമാക്കി ഉയർത്തിക്കൊണ്ടുള്ളതാണ് റിപ്പോർട്ട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കാകട്ടെ 17,000 രൂപയാണ് അടിസ്ഥാന ശമ്പളം, അലവൻസുകൾ ഉൾപെടെ പരമാവധി 35,700 രൂപയും. അതായത് സർവീസ് പുരോഗമിക്കുന്തോറാകും ഈ പരമാവധി തുകയിലേക്ക് എത്തുക. തുടക്കത്തിൽ ഒരു ലാസ്റ്റ് ഗ്രേഡ് സർവന്റിന് 17,000 രൂപയാണ് ലഭിക്കുക. ഓരോ വർഷം കഴിയുന്തോറും ഇൻക്രിമെന്റ് വർധിക്കും. ബേസിക് പേയിൽ അതാതു തോതിൽ വർധന വരികയും ചെയ്യും.

നിലവിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 8,73012,550 രൂപയാണ്. ഈ സ്‌കെയിലിൽ നിന്നാണ് 17,00035,700 എന്ന സ്‌കെയിലിലേക്ക് ഉയർത്താനുള്ള ശുപാർശ. റിപ്പോർട്ട് വന്നാൽ മാത്രമേ എത്ര രൂപ വർഷം ഇൻക്രിമെന്റ് ഉള്ളതെന്നും മറ്റുമുള്ള വിവരങ്ങൾ കൃത്യമായി അറിയാനാകൂ. പരമാവധി ശമ്പളമായ 35,700ലേക്ക് ഘട്ടം ഘട്ടമായി മാത്രമാകും എത്താനാകുക. സർവീസിന്റെ അവസാനഘട്ടത്തിലാകും ഈ ഫുൾ സാലറി എന്ന നിലയിലേക്ക് ചില ജീവനക്കാർക്ക് എത്താൻ കഴിയുക. ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ കയറാൻ കഴിയുന്നവർക്ക് നേരത്തെതന്നെ മുഴുവൻ ശമ്പളമെന്ന നിലയിലേക്ക് എത്താനാകും.

ഹൈസ്‌കൂൾ അദ്ധ്യാപകരുടെ (എച്ച്എസ്എ) അടിസ്ഥാന ശമ്പളം 30,700 രൂപയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റേത് 28,000 രൂപയുമായി ഉയർത്താനും ശുപാർശയുണ്ട്. നിലവിൽ ഹൈസ്‌കൂൾ അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളം 14,620 മാത്രമാണ്. 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാണ് പുതിയ സ്‌കെയിലുകൾക്ക് രൂപം നൽകിയിട്ടുള്ളതെന്നാണ് സർക്കാർ പറയുന്നത്. പന്ത്രണ്ട് ശതമാനം വീതം വെയിറ്റേജും ഫിറ്റ്‌മെന്റ് അലവൻസുകളും ഉൾപ്പെടുത്തി അടിസ്ഥാന ശമ്പളം 17,000 രൂപയായി നിശ്ചയിക്കുകയായിരുന്നു. 8,500 രൂപയായിരുന്നു കഴിഞ്ഞ ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലെ അടിസ്ഥാന ശമ്പളം. കഴിഞ്ഞ തവണത്തെ കൂടിയ ശമ്പളം 59,840 ആയിരുന്നു. 2000 മുതൽ 12,000 രൂപവരെയാണ് വർദ്ധന. കഴിഞ്ഞ തവണത്തെ വർദ്ധന 1104 മുതൽ 4,490 രൂപ വരെയായിരുന്നു. ഏറ്റവും കുറഞ്ഞ ഇംക്രിമെന്റ് 450 രൂപ. കൂടിയത് 2000 രൂപ. നിലവിൽ 230 രൂപയും 1200 രൂപയുമാണ്.

പൂർണ പെൻഷനുള്ള കുറഞ്ഞ സർവീസ് പരിധി 30 വർഷമെന്നത് 25 വർഷമായി കുറയ്ക്കാനും വിരമിക്കൽ പ്രായം 56 വയസ്സിൽ നിന്ന് 58 വയസ്സാക്കി ഉയർത്താനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. സർക്കാർ ഈ ശുപാർശ എങ്ങനെ നടപ്പാക്കണമെന്ന് മന്ത്രിതല സമിതി നിർദ്ദേശിക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ 8,500 രൂപയും കൂടിയത് 60,000 രൂപയുമായിരിക്കും. കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക കുറഞ്ഞ പെൻഷനായും ഉയർന്ന ശമ്പളത്തിന്റെ പകുതി കൂടിയ പെൻഷനായും കണക്കാക്കിയാണ് പെൻഷൻ നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ പെൻഷൻ തുകയിൽ വ്യത്യാസം വരാം.

ശമ്പള പരിഷ്‌കരണ ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ 2014 ജൂലായ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്‌കരണം നടപ്പാവുക. കുടിശ്ശിക പി. എഫിൽ ലയിപ്പിക്കാനാണ് ശുപാർശ. വിവിധ വകുപ്പുകളിൽ അധികമുള്ള 30,000 ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിപ്പിക്കും. ഉയർന്ന ശമ്പള സ്‌കെയിലുകൾ നിർദ്ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലിയിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. മുൻകാലങ്ങളിൽ എല്ലാ ജീവനക്കാർക്കും നൽകിയിരുന്ന സ്‌പെഷ്യൽ പേ നിറുത്തലാക്കും. ഇതിന് ആനുപാതികമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും. സിറ്റി കോമ്പൻസേറ്ററി അലവൻസ്, വീട്ടുവാടക, യാത്രാബത്ത, ദിനബത്ത, കണ്ണട അലവൻസ് തുടങ്ങിയവയിൽ വർദ്ധന വരും. നിലവിലുള്ള 27 സ്‌കെയിലുകൾ നിലനിർത്തും. ഗ്രാറ്റുവിറ്റി പതിനഞ്ച് ലക്ഷമായി ഉയർത്തും. നിലവിൽ കുറഞ്ഞ ഗ്രാറ്റുവിറ്റി ഏഴ് ലക്ഷമാണ്.

ഹെഡ്‌മാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടാത്ത അദ്ധ്യാപകർക്കു നിശ്ചിത സർവീസ് കഴിയുമ്പോൾ ജോലിയിലെ മികവുകൂടി പരിഗണിച്ചു ഡപ്യൂട്ടി ഹെഡ്‌മാസ്റ്റർ പദവി നൽകാനും നിർദ്ദേശമുണ്ട്. എൽഡി ക്ലാർക്കിനു മുകളിലുള്ളവർക്കു നിലവിലുള്ള മൂന്നു ഗ്രേഡിനു പകരം തസ്തികയോടു കൂടി നാലാമത് ഒരു ഗ്രേഡ് കൂടി നൽകും. നാലാമത്തെ ഗ്രേഡ് സർവീസ് മാത്രം കണക്കാക്കിയായിരിക്കില്ല എന്നുമാത്രം. യോഗ്യതയുടെ അടിസ്ഥാനത്തിൽ സിലക്ഷൻ ഗ്രേഡ് തസ്തികയായിരിക്കും. എൽഡി ക്ലാർക്ക് വരെയുള്ളവർക്ക് ഇപ്പോൾ തന്നെ നാലു ഗ്രേഡ് ഉള്ളതു നിലനിർത്തും. കമ്മിഷന്റെ രണ്ടാംഘട്ട റിപ്പോർട്ടിലായിരിക്കും ഗ്രേഡ് സംബന്ധിച്ച ശുപാർശ.

ജസ്റ്റ്‌സ് സി. എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനും ഹൈക്കോടതി അഡ്വ: ടി. വി. ജോർജ് അംഗവും, കെ. വി. തോമസ് മെമ്പർ സെക്രട്ടറിയുമായ പത്താം ശമ്പളക്കമ്മിഷന്റെ ശുപാർശ നടപ്പാക്കുന്നതിൽ മന്ത്രിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP