Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിനായരെ കൊല്ലാൻ ശ്രമിച്ച കേസ് പിൻവലിച്ചതിൽ ഗ്രൂപ്പ് പോര്; തീരുമാനം എടുത്തത് ആഭ്യന്തര വകുപ്പെന്ന് പറഞ്ഞ് മുഖ്യമന്ത്രി

സിപിനായരെ കൊല്ലാൻ ശ്രമിച്ച കേസ് പിൻവലിച്ചതിൽ ഗ്രൂപ്പ് പോര്; തീരുമാനം എടുത്തത് ആഭ്യന്തര വകുപ്പെന്ന് പറഞ്ഞ് മുഖ്യമന്ത്രി

കോട്ടയം: മുൻ ചീഫ് സെക്രട്ടറിയായിരുന്ന സി.പി. നായരെ കൊല്ലാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റേതാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതു സംബന്ധിച്ചു തീരുമാനം എടുക്കേണ്ടതു കോടതിയാണ്. സർക്കാർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഇതിൽ നിരവധിപേർ മരിച്ചു. പലരും അവശനിലയിലാണ് ഈ സാഹര്യത്തിലാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിലെ ഐ ഗ്രൂപ്പ് താൽപ്പര്യം മാത്രമാണ് ഇതിന് പിന്നിലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. ഐ ഗ്രൂപ്പുകാരനായ മന്ത്രി അടൂർ പ്രകാശിന്റെ ഇടപെടലാണ് കേസ് പിൻവലിക്കാൻ കാരണം

തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായിരിക്കെ സി.പി. നായരെ മലയാലപ്പുഴ ക്ഷേത്രത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസാണ് വിചാരണയ്ക്കിടെ സർക്കാർ പിൻവലിച്ചത്. കേസിൽ പ്രതികളായ കോൺഗ്രസിന്റെ പത്തനംതിട്ടയിലെ പ്രാദേശിക നേതാക്കളുടെ അപേക്ഷയിലാണു പിൻവലിക്കൽ. 2002 മാർച്ച് 14ന് പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ വച്ച് സി പി നായരെ തടഞ്ഞുവച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഉത്തരവിൽ ഒപ്പുവെക്കാൻ നിർബന്ധിച്ചതാണ് കേസ്. പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണ പുരോഗമിക്കുകയായിരുന്നു. എന്നാൽ, കോൺഗ്രസ് പ്രാദേശികനേതാവ് വെട്ടിയൂർ ജ്യോതിപ്രസാദ് ഉൾപ്പെടെയുള്ളവർ നൽകിയ അപേക്ഷപ്രകാരമാണ് കേസ് ഇല്ലാതാക്കുന്നത്.

മലയാലപ്പുഴ ക്ഷേത്രത്തിൽ 2002 മാർച്ച് 31ന് ശതകോടി അർച്ചന നടത്താൻ അഡ്‌മിന്‌സ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ എട്ടര കോടി രൂപയുടെ ബജറ്റിന് തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായിരുന്ന സി പി നായർ അംഗീകാരം നൽകിയില്ല. ശതകോടി അർച്ചന വലിയ പണച്ചെലവുള്ളതായതുകൊണ്ട് ലക്ഷാർച്ചനയോ കോടി അർച്ചനയോ മതിയാവില്ലേ എന്ന് ദേവസ്വം കമ്മീഷണർ ചോദിച്ചു. കുപിതരായ ജനക്കൂട്ടം സി പി നായരെയും മറ്റ് ഉദ്യോഗസ്ഥരെയും ചർച്ച നടന്ന സദ്യാലയത്തിൽ മൂന്ന് മണിക്കൂറോളം പൂട്ടിയിട്ടു. ശതകോടി അർച്ചന നടത്തുമെന്ന് എഴുതി ഒപ്പിട്ടുനൽകണമെന്ന് സി പി നായരോട് ആവശ്യപ്പെട്ടു. വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകിയെങ്കിലും സ്റ്റാമ്പ് പേപ്പറിൽ എഴുതി ഒപ്പിട്ടു തരണമെന്നായി ആവശ്യം. സ്ഥലത്തെത്തിയ പൊലീസിനെ ജനക്കൂട്ടം ആക്രമിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. 28 പൊലീസുകാരടക്കം 75 പേർക്ക് പരിക്കേറ്റു. സദ്യാലയം ബലമായി തുറന്ന് ദേവസ്വംബോർഡ് അധികൃതരെ പൊലീസ് രക്ഷിച്ചു.

വധശ്രമം, ഭീഷണിപ്പെടുത്തൽ, ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. 146 പേരെ പ്രതികളാക്കി. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കാര്യമായ അന്വേഷണം നടന്നില്ല. 2006ൽ എൽഡിഎഫ് അധികാരത്തിൽ വന്നശേഷം സി പി നായരുടെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ കഴിഞ്ഞ മാർച്ച് മുതൽ പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നു. ആയിരം പേരെ പ്രതിയാക്കി പൊലീസ് കോടതിയിൽ എഫ്‌ഐആർ നൽകിയെങ്കിലും പിന്നീടു 146 പേരെ പ്രതിയാക്കിയാണു ചാർജ്ഷീറ്റ് നൽകിയത്.

സേവാദൾ ജില്ലാ ചെയർമാനും ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റുമായിരുന്ന വെട്ടൂർ ജ്യോതിപ്രസാദാണു കേസിലെ അറിയപ്പെടുന്ന വ്യക്തി. മറ്റുള്ളവരെല്ലാം നാട്ടുകാരായ ഭക്തരാണ്. കേസിൽപ്പെട്ടതിനെ തുടർന്നു 146 പേർക്കും ജോലിക്കു പോകുന്നതിനോ പാസ്‌പോർട്ട് എടുക്കുന്നതിനോ കഴിയാതെ വിഷമിക്കുയായിരുന്നു. നീണ്ട 13 വർഷത്തിനിടെ പ്രതികളിൽ ആറുപേർ മരിച്ചു. മൂന്നുപേർ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാർച്ച് മുതൽ അഡീഷനൽ ജില്ലാ കോടതി(നാല്)യിൽ വിചാരണ നടന്നുവരുന്നു. എല്ലാ ദിവസവും തുടർച്ചയായി കേസ് പരിഗണിക്കുന്നതിനാൽ പ്രതികൾക്കാർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെട്ടൂർ ജ്യോതി പ്രസാദിന്റെ നേതൃത്വത്തിൽ മന്ത്രി അടൂർ പ്രകാശ് മുഖേന ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തോടെയാണു കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP