Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സത്‌നാംസിങ്ങിന്റെ കുടുംബത്തിന് 10 ലക്ഷം നൽകും; വിഴിഞ്ഞത്തെ ബ്രേക്ക് വാട്ടർ നിർമ്മാണകാലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് മണ്ണെണ്ണ നൽകാൻ പാക്കേജ്; റേഷൻ സമരം തീർക്കാനും ഇടപെടൽ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

സത്‌നാംസിങ്ങിന്റെ കുടുംബത്തിന് 10 ലക്ഷം നൽകും; വിഴിഞ്ഞത്തെ ബ്രേക്ക് വാട്ടർ നിർമ്മാണകാലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് മണ്ണെണ്ണ നൽകാൻ പാക്കേജ്; റേഷൻ സമരം തീർക്കാനും ഇടപെടൽ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ നിർമ്മാണ കാലയളവായ രണ്ടുവർഷത്തേക്ക് മത്സ്യബന്ധന ബോട്ടുകൾക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുള്ളപാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. 27.18 കോടി രൂപയാണ് ഇതിനുള്ള ചെലവ്.

തുറമുഖ നിർമ്മാണം നടക്കുന്നതിനാൽ വിഴിഞ്ഞം സൗത്ത്, നോർത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 2353 ബോട്ടുകൾക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാൽ കൂടുതൽ മണ്ണെണ്ണ ഉപയോഗിക്കേണ്ടിവരും. അത് കണക്കിലെടുത്താണ് പാക്കേജ് നടപ്പിലാക്കുന്നത്. തുറമുഖനിർമ്മാണം നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താൻ ആർഡിഓയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്.

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച ബിഹാർ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു. ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മർദനമേറ്റാണ് സത്‌നാം സിങ്ങ് മരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2012 ഓഗസ്റ്റ് 4-നാണ് സത്‌നാം സിങ്ങ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച് ജീവനക്കാർക്കെതിരെ എടുത്ത കേസുകൾ കോടതിയുടെ പരിഗണനയിലാണ്.

റേഷൻ ചില്ലറ വ്യാപാരികൾക്ക് കമ്മീഷൻ പാക്കേജ്

സംസ്ഥാനത്തെ റേഷൻ ചില്ലറവ്യാപാരികൾക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/- രൂപ കമ്മീഷൻ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാൻ മന്ത്രിസഭ തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതിൽ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുള്ളവരിൽ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കിൽ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സർക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സർക്കാർ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവിൽ കമ്മീഷൻ ഇനത്തിൽ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ.

റേഷൻ വ്യാപാരിക്ക് കമ്മീഷൻ നൽകുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. വിൽപനയിലെ കുറവിന് ആനുപാതികമായി വിൽപ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാൻ കാർഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും 2018 മാർച്ച് 31-നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷൻ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം.

45 ക്വിന്റലോ അതിൽ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കിൽ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാർഡുകളുടെ എണ്ണവും ധാന്യത്തിന്റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും. ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതു വരെ ക്വിന്റലിനു 100 രൂപ എന്ന കമ്മീഷൻ നിരക്ക് തുടരും.

കെ.കെ ദിനേശൻ ഓംബുഡ്‌സ്മാൻ

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി കെ.കെ. ദിനേശനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി ലെഫ്റ്റനന്റ് കേണൽ (റിട്ട) പി.കെ. സതീഷ്‌കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.

പുതിയ തസ്തികകൾ

സാംസ്‌കാരിക ഡയറക്ടേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കണ്ണൂർ ചെറുപ്പുഴ സബ്ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, ട്രഷറർ എന്നീ 3 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഐടിഐകളിൽ പുതിയ യൂണിറ്റ്

പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരം വാമനപുരത്തും ആരംഭിച്ച ഐടിഐകളിൽ അനുവദിച്ച 2 ട്രേഡുകളിൽ ഓരോ യൂണിറ്റ് കൂടി അനുവദിക്കാൻ തീരുമാനിച്ചു.

രാജപാത നിവാസികൾക്ക് 3 സെന്റ് വീതം

കരമന-കളിയിക്കാവിള റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന 22 രാജപാത നിവാസികൾക്ക് പള്ളിച്ചൽ വില്ലേജിൽ 3 സെന്റ് വീതം ഭൂമി അനുവദിക്കാൻ തീരുമാനിച്ചു. മൂക്കുന്നിമല സർക്കാർ എയ്ഡഡ് റബർ പ്ലാന്റേഷൻ സൊസൈറ്റി ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയുടെ തീർപ്പിനു വിധേയമായാണ് ഭൂമി നൽകുക. കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് നിർമ്മിച്ചു നൽകാനും തീരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP