Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തടവുകാരുടെ ശിക്ഷായിളവ് തീരുമാനിക്കാൻ എല്ലാ ഘടകക്ഷി മന്ത്രിമാരും ഉൾപ്പെട്ട സമിതി രൂപീകരിക്കും; നടപടി മണിച്ചനും ഷെറിനും നിസാമിനും ശിക്ഷാ ഇളവ് നല്കാനുള്ള ഫയൽ ഗവർണർ തിരിച്ചയച്ച സാഹചര്യത്തിൽ

തടവുകാരുടെ ശിക്ഷായിളവ് തീരുമാനിക്കാൻ എല്ലാ ഘടകക്ഷി മന്ത്രിമാരും ഉൾപ്പെട്ട സമിതി രൂപീകരിക്കും; നടപടി മണിച്ചനും ഷെറിനും നിസാമിനും ശിക്ഷാ ഇളവ് നല്കാനുള്ള ഫയൽ ഗവർണർ തിരിച്ചയച്ച സാഹചര്യത്തിൽ

തിരുവനന്തപുരം: തടവുകാരുടെ ശിക്ഷാ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ മന്ത്രിമാരുടെ ഉപസമിതി രൂപീകരിക്കും. എല്ലാ ഘടകകക്ഷി മന്ത്രിമാരും സമിതിയിൽ അംഗങ്ങളായി ഉണ്ടാകും. ശിക്ഷാ ഇളവ് സംബന്ധിച്ച ശുപാർശ ഗവർണർ തിരിച്ചയച്ച സാഹചര്യത്തിലാണ് ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.

1850 തടവുകാരുടെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന ഫയലാണ് ഗവർണർ തിരിച്ചയച്ചത്. സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമായ നടപടിയെന്നുകണ്ടാണ് ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഗവർണറുടെ ഓഫീസ് പത്രക്കുറിപ്പും ഇറക്കിയിരുന്നു. ഗവർണർ പത്രക്കുറിപ്പ് ഇറക്കിയതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി ഫയൽ തിരിച്ചയക്കുന്നത് പതിവാണെന്നും എന്നാൽ പത്രക്കുറിപ്പ് ഇറക്കുന്നത് ശരിയായ നടപടിയല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊടുംകുറ്റവാളികളും ജീവപര്യന്തം തടവിന് ശിക്ഷിച്ചവരും കൊലപാതകക്കേസിലെ പ്രതികളും പോലുള്ളവരെ വിട്ടയക്കാൻ സർക്കാർ നിർദേശിച്ചിട്ടില്ല. ശിക്ഷാ കാലാവധിയിൽ നിയമപ്രകാരമുള്ള ഇളവിനുമാത്രമാണ് ശുപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ, ശിക്ഷയിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാക്കിയ തടവുകാരുടെ പട്ടികയിൽ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളും ഉൾപ്പെട്ടിരുന്നു. കുപ്രസിദ്ധമായ കാരണവർ വധക്കേസിലെ പ്രതി ഷെറിനും കണിച്ചുകുളങ്ങര കേസിലെ പ്രതികളും പട്ടികയിലുണ്ട്.ഇപ്പോൾ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ കഴിയുന്ന മണിച്ചന് നേരത്തെ ശിക്ഷയിൽ ഇളവുനൽകാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ, ജയിൽ ഉപദേശക സമിതിയിലെ ചിലരുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. മണിച്ചന്റെ സഹോദരൻ വിനോദും പട്ടികയിലുണ്ട്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവർ പട്ടികയിലുണ്ട്. ഇവർ തിരുവനന്തപുരം സെൻട്രൽ, വിയ്യൂർ ജയിലുകളിലാണുള്ളത്. 2005-ൽ എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി.ജി. രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളും പട്ടികയിലുണ്ട്.

ജയിൽവകുപ്പ് നൽകിയ 2262 തടവുകാരിൽനിന്നാണ് 1850 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇളവുനൽകാൻ സുപ്രീംകോടതി ഉത്തരവുപ്രകാരം ഓരോ കേസും വിശദമായി പരിശോധിക്കേണ്ടതുണ്ട്. തടവുകാരനുണ്ടായ മനഃപരിവർത്തനം, നല്ലനടപ്പ് തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിഗണിക്കണം. ഇക്കാര്യങ്ങൾ പരിഗണിച്ചാണോ പട്ടിക തയ്യാറാക്കിയതെന്ന സംശയത്തെത്തുടർന്നാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവം സർക്കാരിനോട് വിശദീകരണം തേടിയത്.

സമിതി ശുപാർശ ചെയ്തവരിൽ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമും ഉൾപ്പെട്ടിരുന്നതായാണ് സൂചന.ഗുണ്ടാനിയമം ചുമത്തപ്പെട്ട നിസാം ഉൾപ്പെടെ 150 പേരെ ഒഴിവാക്കിയാണ് അന്തിമപട്ടിക രാജ്ഭവനിലേക്ക് അയച്ചത്. കുപ്രസിദ്ധ കേസുകളിൽ ഉൾപ്പെട്ട നിരവധി പേർ പട്ടികയിൽ കടന്നുകൂടിയതുകാരണം 80 വയസ്സുകഴിഞ്ഞ 20 തടവുകാരുടെ മോചനം പ്രതിസന്ധിയിലാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP