Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു രൂപക്ക് അരി'കൂടുതൽ പേർക്ക്; ദേശീയ ഗെയിംസിൽ മെഡൽ കിട്ടിയാൽ സർക്കാർ ജോലി; ജിജി തോംസൺ തന്നെ ചീഫ് സെക്രട്ടറി; കിനാലൂരിലെ ഭൂമി തൊഴിലാളികൾക്ക് നൽകാനും മന്ത്രിസഭാ തീരുമാനം

'ഒരു രൂപക്ക് അരി'കൂടുതൽ പേർക്ക്; ദേശീയ ഗെയിംസിൽ മെഡൽ കിട്ടിയാൽ സർക്കാർ ജോലി; ജിജി തോംസൺ തന്നെ ചീഫ് സെക്രട്ടറി; കിനാലൂരിലെ ഭൂമി തൊഴിലാളികൾക്ക് നൽകാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: റേഷൻകാർഡ് പുതുക്കുമ്പോൾ മുൻഗണനാ വിഭാഗത്തെ (ബി.പി.എൽ) തെരഞ്ഞെടുക്കുന്നത് താലൂക്ക് അടിസ്ഥാനത്തിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ളതിനേക്കാൾ 60 ലക്ഷം പേർക്ക് കൂടി ഒരു രൂപക്ക് അരി കിട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 184.8 ലക്ഷം പേർക്ക് ഒരു രൂപ അരിയും മറ്റ് ആനുകൂല്യങ്ങളും കിട്ടും. ദേശീയ ഗെയിംസിന് വ്യക്തിഗത മെഡൽ നേടുന്ന മലയാളികൾക്ക് സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായി ജിജി തോംസണെ നിയമിക്കാനുള്ള മുൻ തീരുമാനത്തിനും അംഗീകാരം നൽകി

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുൻഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ മന്ത്രിമാരായ അനൂപ് ജേക്കബ്, അടൂർ പ്രകാശ്, മഞ്ഞളാംകുഴി അലി എന്നിവർ ഉൾപ്പെടുന്ന ഉപസമിതിയെ നിയോഗിച്ചിരുന്നു. അവർ ഇക്കാര്യം വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് താലൂക്ക് അടിസ്ഥാനത്തിൽ റാങ്കിങ് നടത്തി, മുൻഗണനാ വിഭാഗത്തിൽപെട്ടവരെ കണ്ടെത്താൻ തീരുമാനിച്ചത്. ഇങ്ങനെ ചെയ്യുമ്പോൾ നിലവിലുള്ള ബിപിഎൽ, എഎവൈ കുടുംബങ്ങളിൽ ഉള്ളതിനെക്കാളും വളരെയധികം ആളുകളെ എല്ലാ ജില്ലകളിലും കണ്ടെത്താൻ കഴിയും. സംസ്ഥാന-ജില്ലാ തലങ്ങളിൽ റാങ്കിങ് നടത്തുന്നതിനെക്കാളും താലൂക്ക് തലത്തിൽ റാങ്കിങ് നടത്തുന്നത് ഭരണപരമായി സൗകര്യപ്രദവും റേഷൻകാർഡ് മാനേജ്‌മെന്റ് സുഗമവുമാക്കും.

2011 ലെ നാഷണൽ സാമ്പിൾ സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ നിന്നും 52.63 ശതമാനംപേരെയും നഗരമേഖലയിൽ നിന്നും 39.5 ശതമാനം പേരെയും ഉൾപ്പെടുത്തി, മൊത്തം 154.8 ലക്ഷം പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. 2011 ലെ സെൻസസ് പ്രകാരം 333.87 ലക്ഷം വരുന്ന കേരളത്തിലെ ജനസംഖ്യയിൽ 174.55 ലക്ഷം പേർ ഗ്രാമവാസികളും 159.32 ലക്ഷം പേർ നഗരവാസികളുമാണ്.

ഇതിൽ ഗ്രാമവാസികളായ 91.868 ലക്ഷം പേർക്കും നഗരവാസികളായ 62.93 ലക്ഷം പേർക്കും മുൻഗണനാ പരിഗണന ലഭിക്കും. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുമ്പോൾ ഇപ്പോൾ ഉള്ള ബി.പി.എൽ./എ.എ.വൈ. കുടുംബങ്ങൾക്കു പുറമേ, ഏറ്റവും പുതിയ കണക്കു പ്രകാരം 60 ലക്ഷം പേർക്കു കൂടി ഒരു രൂപ നിരക്കിൽ അരി ലഭിക്കും.

കോഴിക്കോട് കിനാലൂർ എസ്റ്റേറ്റിൽ 600 ഏക്കർ ഭൂമി 533 തൊഴിലാളികൾക്ക് സർവീസ് ആനുകൂല്യം എന്ന നിലയിൽ രജിസ്റ്റർ ചെയ്ത് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഇവർക്ക് രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കും. കോഴിക്കോട് ജില്ലയിലെ കൊച്ചിൻ മലബാർ എസ്റ്റേറ്റ്‌സ് & ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കിനാലൂർ എസ്റ്റേറ്റിലെ 600 ഏക്കർ സ്ഥലം ഏറ്റെടുത്ത ശേഷം തൊഴിലാളികളുടെ സർവീസ് ആനുകൂല്യം എന്ന നിലയ്ക്ക് 533 തൊഴിലാളികൾക്ക് പതിച്ചു നൽകുന്നതിന് നടപടി സ്വീകരിക്കാൻ ലാൻഡ് ബോർഡ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇത് രജിസ്റ്റ്രേഷൻ ചെയ്യുന്നതിന് ആവശ്യമായ മുദ്രപ്പത്ര വിലയായ 2.39 കോടി രൂപയാണ് ഒഴിവാക്കിയത്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഐരവൺ വില്ലേജിൽ, കൃഷിവകുപ്പിന്റെ 25 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് പാട്ടത്തിന് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം താലൂക്കിലെ ആറ്റിപ്ര വില്ലേജിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് 1.73 ഹെക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് (കോഴിക്കോട്) റിസർച്ച് & എഡ്യൂക്കേഷണൽ ക്യാമ്പസ് തുടങ്ങാൻ പാട്ടത്തിന് നൽകും. സെന്റ് ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്കിൽ 30 വർഷത്തേക്ക് നിലവിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നൽകുന്നതാണ്.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ

ആറ്റുകാൽ പൊങ്കാലക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ 3 കോടി അനുവദിച്ചു
കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറികൾ നടത്താൻ 13 കോടി അനുവദിച്ചു
പി.എസ്.സി സെക്രട്ടറിയായി സാജു ജോർജിനെ നിയമിക്കാൻ തീരുമാനിച്ചു
കോഴിക്കോട് ഐ.ഐ.എമ്മിന്റെ പുതിയ കാമ്പസ് തിരുവനന്തപുരത്ത് തുടങ്ങും. ഇതിനായി 1.73 ഹെക്ടർ ഭൂമി സെന്റിന് 100 രൂപ നിരക്കിൽ പാട്ടത്തിന് നൽകും
തിരുവനന്തപുരം കിറ്റ്‌സിലെ അദ്ധ്യാപകർക്ക് എ.ഐ.സി.ടി.ഇ സ്‌കെയിൽ നടപ്പിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP