Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല മാസ്റ്റർ പ്ലാൻ: അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ സർക്കാർ ഉടമസ്ഥതയിൽ പ്രത്യേക ഉദ്ദേശ കമ്പനി; പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂർണമായും സർക്കാർ ഏറ്റെടുക്കാൻ പുതിയ ഓർഡിനൻസ്; സ്‌കൂൾ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം

ശബരിമല മാസ്റ്റർ പ്ലാൻ: അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ സർക്കാർ ഉടമസ്ഥതയിൽ പ്രത്യേക ഉദ്ദേശ കമ്പനി; പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂർണമായും സർക്കാർ ഏറ്റെടുക്കാൻ പുതിയ ഓർഡിനൻസ്; സ്‌കൂൾ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കൽ, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂർണമായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ബജറ്റിൽ ഓരോ വർഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവർത്തിക്കുന്ന കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്. ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയർമാനും വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായി ഗവേണിങ് ബോഡിയുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ഗവേണിങ് ബോഡിയുടെ കൺവീനറായിരിക്കും. കൂടാതെ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ദേവസ്വം ബോർഡ് കമ്മീഷണർ കൺവീനറുമായി ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും രൂപീകരിക്കും.

2019-20 ലെ ബജറ്റിൽ ശബരിമലയിലെ വിവിധ വികസന പദ്ധതികൾക്കായി 739 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല സീസൺ ആരംഭിക്കാൻ ഇനി എട്ടു മാസമേയുള്ളൂ. പ്രവൃത്തികൾ മുൻഗണനാ ക്രമത്തിൽ ഏറ്റെടുക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും ഉദ്ദേശിച്ചാണ് പ്രത്യേക കമ്പനി രൂപീകരിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും കാനനക്ഷേത്രമായ ശബരിമലയുടെ സവിശേഷത നിലനിർത്തുന്നതുമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തും.

പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് സെന്റർ ഫോർ അഡ്വാൻസ്ഡ് മെഡിക്കൽ സർവ്വീസസും അക്കാദമി ഓഫ് മെഡിക്കൽ സർവ്വീസസും അതിന്റെ എട്ട് അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്ത് സർക്കാർ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ഓർഡിനൻസ് പ്രകാരം പരിമിത കാലത്തേക്കാണ് സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനം വഴി ഈ സ്ഥാപനങ്ങൾ ഏറ്റെടുത്തിരുന്നത്. എന്നാൽ, പുതിയ ഓർഡിനൻസിലൂടെ പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂർണമായും സർക്കാർ ഏറ്റെടുക്കുകയാണ്. പരിയാരം മെഡിക്കൽ കോളേജ്, ഡന്റൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കോളേജ് ഓഫ് നഴ്‌സിങ്, സ്‌കൂൾ ഓഫ് നഴ്‌സിങ്, സഹകരണ ഹൃദയാലയ, മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴിൽ പ്രവർത്തിച്ചുവരുന്നത്.

മാലിന്യ നിർമ്മാർജനത്തിന് ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി സർക്കാരിന് ഏറ്റെടുക്കാൻ അധികാരം നൽകുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഈ ഭേദഗതികൾ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ഖാദർ കമ്മിറ്റി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭരണനിർവഹണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഡോ.എം.എ. ഖാദർ അധ്യക്ഷനായ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് തത്വത്തിൽ മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് സർവ്വീസ് സംഘടനകളുമായി ചർച്ച നടത്താനും തീരുമാനിച്ചു.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വില്ലേജിൽ സീക്കുന്ന് നിവാസികൾ നേരിടുന്ന പട്ടയപ്രശ്‌നം പരിഹരിക്കാൻ തീരുമാനിച്ചു.സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ നിലവിലുള്ള ഘടനയിൽ മാറ്റം വരുത്താൻ മന്തിസഭായോഗം തീരുമാനിച്ചു. നാല് റേഞ്ച് ഡി.ഐ.ജി-മാർ, രണ്ട് സോൺ ഐ.ജിമാർ ക്രമസമാധാന ചുമതലയുള്ള ഒരു എ.ഡി.ജി.പി. എന്ന രീതിയിലായിരിക്കും മാറ്റം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP