ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിയന്ത്രണംവിട്ട് കാനയിൽ ഇടിച്ചു നിന്നു ഡ്രെെവർ വെന്തുമരിച്ചു; വണ്ടിക്കുള്ളിൽ നിന്നും പെട്രോൾ കുപ്പി കണ്ടെത്തി; ആത്മഹത്യയാണോ അപകടമാണോ എന്ന് സംശയിക്കുന്നതായി ദൃക്സാക്ഷികൾ
December 02, 2019 | 12:58 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഡ്രെെവർ മരിച്ചു. കൊടുങ്ങല്ലൂർ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണ് സംഭവം. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മൽ ടൈറ്റസാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെ ഗൗരിശങ്കർ ജംഗ്ഷനിലെ സർവീസ് റോഡിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിയന്ത്രണംവിട്ട് കാനയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചില്ല.
ജോലി സ്ഥലത്തേയ്ക്ക് എന്ന് പറഞ്ഞ് രാവിലെ ടൈറ്റസ് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാറിൽ നിന്ന് തീ ഉയരാനുള്ള കാരണം വ്യക്തമല്ല. കാറിനുള്ളിൽ നിന്ന് പെട്രോളിന്റെ കുപ്പി ലഭിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.കൂടുതൽ വിശദമായി പരിശോധിച്ചാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാറിന് ഉള്ളിൽ നിന്നാണ് തീ ഉയർന്നതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അപകടമരണമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താൻ സാധിക്കുമെന്ന് പൊലീസ് പറയുന്നു. എന്നാൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിയന്ത്രണംവിട്ട് കാനയിൽ ഇടിച്ചുനിൽക്കുകയായിരുന്നു ദൃക്സാക്ഷികളുടെ മൊഴി കൂടുതൽ സംശയമുണ്ടാക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് വെെക്കം ഉദയനാപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചത്. സംയോചിതമായ ഇടപെടലിൽ കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
