Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യാജപട്ടയം ഉണ്ടാക്കിയതിന് ലംബോദരനെതിരെ എടുത്ത കേസ് ഇഴഞ്ഞു നീങ്ങുമ്പോൾ സർക്കാർ ഭൂമി കൈവശപ്പെടുത്തിയതിന്റെ പേരിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു; മന്ത്രി എംഎം മണിയുടെ സഹോദരന്റെ പേരിൽ കേസെടുത്തത് ചിന്നക്കനാലിലെ ഒരു ഹൈക്ടറിൽ അധികം ഭൂമി കൈയേറിയതിന്

വ്യാജപട്ടയം ഉണ്ടാക്കിയതിന് ലംബോദരനെതിരെ എടുത്ത കേസ് ഇഴഞ്ഞു നീങ്ങുമ്പോൾ സർക്കാർ ഭൂമി കൈവശപ്പെടുത്തിയതിന്റെ പേരിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു; മന്ത്രി എംഎം മണിയുടെ സഹോദരന്റെ പേരിൽ കേസെടുത്തത് ചിന്നക്കനാലിലെ ഒരു ഹൈക്ടറിൽ അധികം ഭൂമി കൈയേറിയതിന്

തൊടുപുഴ: മന്ത്രി എംഎം മണിയുടെ സഹോദരൻ ലംബോദരനെതിരെ ഭൂമി കൈയേറ്റത്തിന് പുതിയൊരു കേസു കൂടി. താൻ ഭൂമി കൈയേറിയിട്ടില്ലെന്ന് ലംബോദരൻ ആവർത്തിക്കുമ്പോഴാണ് ഈ നടപടി. റവന്യൂരേഖകളിൽ കൃത്രിമം കാണിച്ച് ഭൂമി കൈക്കലാക്കിയ പുതിയ കേസിൽ ലംബോദരൻ രണ്ടാം പ്രതിയാണ്. ചിന്നക്കനാൽ വില്ലേജ് വേണാട് താവളത്ത് 1.05 ഹെക്ടർ സ്ഥലം ലംബോദരൻ കൈവശപ്പെടുത്തിയെന്നാണ് കേസ്.

വ്യാജ പട്ടയമുണ്ടാക്കിയതിന് 2011-ൽ വിജിലൻസ് കോടതി ലംബോദരനെതിരെ കുറ്റപത്രം നൽകിയിരുന്നു. അന്നത്തെ ചിന്നക്കനാൽ വില്ലേജ് ഓഫീസറും കേസിൽ പ്രതിയാണ്. കേസിൽ മറ്റു നാലു പ്രതികളുണ്ട്. കേസ് വിചാരണ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉടൻ തുടങ്ങും. താൻ വിജിലൻസ് കേസിൽ പ്രതിയല്ലെന്നും വ്യാജ പട്ടയമുണ്ടാക്കിയിട്ടില്ലെന്നുംലംബോദരൻ അവകാശപ്പെട്ടിരുന്നു. ഭൂമിസംബന്ധമായി തനിക്കെതിരെ കേസ് ഇല്ലെന്നും പറഞ്ഞിരുന്നു. ഇത് ശരിയല്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.

ചിന്നക്കനാലിലെ ഭൂമി കൈയേറ്റ കേസിൽ ലംബോദരനെ രണ്ടാംപ്രതിയാക്കിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇയാളുടെ ഭാര്യാസഹോദരൻ രാജേന്ദ്രൻ മൂന്നാംപ്രതിയാണ്. ഗുരുതരമായ കുറ്റങ്ങളാണ് ലംബോദരൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ വിജിലൻസ് ചുമത്തിയിരിക്കുന്നത്. ചിന്നക്കനാലിലെ വേണാട് താവളത്തിൽ പ്രതികൾ വ്യാജ പട്ടയമുണ്ടാക്കി സർക്കാർ ഭൂമി കൈയേറിയെന്നാണ് കേസ്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുമായി ചേർന്നാണ് ഭൂമി സ്വന്തമാക്കിയിരിക്കുന്നതെന്നും കുറ്റപത്രം പറയുന്നു. ചിന്നക്കനാൽ വില്ലേജ് ഓഫീസറായിരുന്ന സ്റ്റുവർട്ട് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്റ്റുവർട്ട് അടുത്തിടെ മരണപ്പെട്ടു.

വില്ലേജ് ഓഫീസർമാരായിരുന്ന രാധാകൃഷ്ണൻ, ഇഷാ ദേവി, വില്ലേജ് അസിസ്റ്റന്റായിരുന്ന എം വി സാബു, രാജകുമാരി സബ്രജിസ്ട്രാറായിരുന്ന മോഹൻദാസ്, ഇവിടത്തെ ജീവനക്കാരൻ സെബാസ്റ്റ്യൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2007ൽ വി എസ് സർക്കാരിന്റെ മൂന്നാർ ദൗത്യസംഘത്തിൽ അംഗമായിരുന്ന സിബി മാത്യൂസ് ചിന്നക്കനാലിൽ നേരിട്ടെത്തി വില്ലേജ് രേഖകൾ പരിശോധിച്ചിരുന്നു. രേഖകളിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടറായിരുന്ന സിബി മാത്യൂസ് അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ലംബോദരൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് കാണിച്ച് 2012ൽ കുറ്റപത്രം സമർപ്പിച്ചത്.

മൂന്നാർ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനു വി എസ് നിർദ്ദേശിച്ച ആദ്യ കേസിൽ കുടുങ്ങിയതും ലംബോദരനായിരുന്നു. വിജിലൻസ് പിടിച്ചെടുത്ത രേഖകൾ വിജിലൻസ് സംഘം ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. ലംബോദരൻ മൂന്നാറിൽ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം വ്യാജമാണെന്നുള്ള ഫൊറൻസിക് റിപ്പോർട്ട് പിന്നീടു പുറത്തുവന്നു. സർക്കാർ സ്ഥലം ലംബോദരന്റെ ബന്ധുവിന്റെ പേരിൽ വ്യാജരേഖകൾ ചമച്ചു വാങ്ങുകയും അതു പിന്നീടു വിൽപന നടത്താൻ വേറെയും കൃത്രിമ രേഖകൾ ചമയ്ക്കുകയും ചെയ്തുവെന്നാണു പരാതി. ഇതാണ് ഫോറൻസിക് പരിശോധനയിലേക്കു നയിച്ചത്. ഈ കേസിൽ നടപടിയൊന്നും ആയിട്ടില്ല.,

ലംബോദരൻ മൂന്നാറിൽ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയരേഖയിലെ ഒപ്പ്‌വിരലടയാളം എന്നിവയിൽ കൃത്രിമം നടന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിടേണ്ടെന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം. മൂന്നാറിലെ സർക്കാർ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് യുഡിഎഫ് സർക്കാർ അന്വേഷണം തുടങ്ങിയതോടെയാണ് ഫൊറൻസിക് റിപ്പോർട്ട് പുറത്തായത്. അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കും കുടുംബത്തിനുമെതിരെ ചിലർ ഉന്നയിക്കുന്നതെന്ന് എം.എം. ലംബോദരൻ പറഞ്ഞു. ഭൂമി കയ്യേറിയെന്ന ആരോപണം ശരിയല്ല. 17 വർഷം മുൻപു പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു. നിലവിൽ പാർട്ടി അംഗത്വം പോലുമില്ല. കൃഷിയിലൂടെയാണ് വരുമാനമുണ്ടാക്കിയത്. കരമടയ്ക്കുന്ന വസ്തു മാത്രമാണ് തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളത്. പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ അഞ്ചു ഡയറക്ടർമാരാണുള്ളത്. ഭാര്യയ്ക്കും മകനും പുറമേ പുറത്തുനിന്നുള്ള ബിസിനസുകാരായ മൂന്നുപേർ കൂടി ഡയറക്ടർമാരായുണ്ട്. ഏലം ലേലകേന്ദ്രത്തിനായി ലൈസൻസ് ലഭിച്ചാൽ, ബാങ്കിന്റെ വായ്പ ഉറപ്പാക്കാമെന്ന ധാരണയിലാണ് പുറത്തുനിന്നുള്ള മൂന്നുപേരെ കൂടി ഡയറക്ടർമാരായി ഉൾപ്പെടുത്തിയത്.

പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വിഹിതം നാലര ലക്ഷം രൂപ മാത്രമാണ്. ഇക്കാര്യം രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ അന്വേഷിച്ചാൽ അറിയാം. പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കറന്റ് അക്കൗണ്ട് കുഞ്ചിത്തണ്ണിയിലെ ബാങ്കിലാണ്. ഇത് ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഇതു സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും സ്‌പൈസസ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ലംബോദരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP