Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോം ജോസിനെതിരെ വിജിലൻസ് കേസെടുത്തു; തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഫ്‌ലാറ്റുകളിൽ റെയ്ഡ്; വിജിലൻസ് നടപടി ഐഎഎസ് സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ; അവഹേളിക്കുനുള്ള ശ്രമമെന്ന് ടോംജോസ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോം ജോസിനെതിരെ വിജിലൻസ് കേസെടുത്തു; തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഫ്‌ലാറ്റുകളിൽ റെയ്ഡ്; വിജിലൻസ് നടപടി ഐഎഎസ് സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ; അവഹേളിക്കുനുള്ള ശ്രമമെന്ന് ടോംജോസ്

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ നടപടിയെടുക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകാതെ ജേക്കബ് തോമസ്. കെ എം എബ്രഹാമിന്റെ വീടിലെ പരിശോധനയ്ക്ക് പിന്നാലെ തൊഴിൽവകുപ്പ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ലാറ്റുകളിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തുകയും ചെയ്തു.

എറണാകുളത്തെ വീട്ടിലും റെയ്ഡ് നടത്താനെത്തിയെങ്കിലും വീട്ടിൽ ആരുമില്ലാത്തതിനാൽ റെയ്ഡ് നടത്താൻ സാധിച്ചിട്ടില്ല. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലൻസ് കോടതിയിൽ എഫ്‌ഐആർ നൽകുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. പൊതുമരാമത്തു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ വാങ്ങിയ ഭൂമിയും അനധികൃത സമ്പാദ്യമാണെന്നു വിജിലൻസ് അറിയിച്ചു. കൊച്ചിയിലെ പുതിയ ഫ്‌ലാറ്റിന്റെ സാമ്പത്തിക ഇടപാടും പരിശോധിക്കും. നിലവിൽ തൊഴിൽ വകുപ്പ് സെക്രട്ടറിയാണ് ടോം ജോസ്.

അതേസമയം, തന്റെ സ്വത്ത് നിയമപ്രകാരം വെളിപ്പെടുത്തിയിട്ടുള്ളതാണെന്ന് ടോം ജോസ് പ്രതികരിച്ചു. ചീഫ് സെക്രട്ടറി പരിശോധിച്ച് ഇതിൽ വ്യക്തത വരുത്തിയതാണ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരാണു പരാതിക്കാരെന്നും ടോം ജോസ് കൂട്ടിച്ചേർത്തു.

കെ.എം.എം.എൽ. എം.ഡി. ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്‌നീഷ്യം ഇടപാടിലൂടെ സർക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.പ്രാദേശിക വിപണിയിൽ 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേഗുണനിലവാരമുള്ള മഗ്‌നീഷ്യം വിദേശത്തുനിന്നു 2.62 കോടി രൂപയ്ക്ക് വാങ്ങി. ഇത്തരത്തിൽ 162 മെട്രിക് ടൺ ഇറക്കുമതി ചെയ്തു. ഇതിലൂടെ സർക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.എം.എം.എല്ലിലെ രണ്ട് ഉന്നതഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ ജില്ലയിൽ 50 ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലും വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എറണാകുളം വിജിലൻസ് സെല്ലാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്. ടോം ജോസ് മഹാരാഷ്ട്രയിലെ ദോദാമാർഗ് താലൂക്കിൽ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടിൽ ദുരൂഹത ഉള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.

2010 ഓഗസ്റ്റ് പതിനാറിനാണ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടോം ജോസ് സർക്കാർ അനുമതി ഇല്ലാതെ മഹാരാഷ്ട്രയിലെ സിന്ദൂർഗ ജില്ലയിലെ ദോദാമാർഗ് താലൂക്കിൽ ജിറോഡ് വില്ലേജിൽ 45 ഏക്കറോളം എസ്റ്റേറ്റ് വാങ്ങിയത്. സർക്കാരിനെ അറിയിക്കാതെ എസ്റ്റേറ്റ് വാങ്ങിയതിനാൽ അന്നത്തെ ചീഫ് സെക്രട്ടറി പി. പ്രഭാകരൻ ടോം ജോസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം നീറമൺകര ബ്രാഞ്ചിൽ നിന്ന് 1.34 കോടി രൂപ വായ്പയും മറ്റു നിക്ഷേപങ്ങളും ഉപയോഗിച്ച് 1.63 കോടി രൂപയ്ക്കാണ് ദുമാസ്‌കറിൽ നിന്ന് ടോം ജോസ് എസ്റ്റേറ്റ് വാങ്ങിയത്. എസ്റ്റേറ്റ് തനിക്ക് വിൽക്കുമ്പോൾ ചെയ്യാമെന്നറിയിച്ച വികസന പ്രവർത്തനങ്ങൾ നടത്താത്തതിനാൽ 25 ലക്ഷം രൂപ ദുമാസ്‌കർ തനിക്ക് തിരികെ തന്നെന്നും ടോം ജോസ് സർക്കാരിന് നൽകിയ കണക്കുകളിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം താൻ നിയമപരവും സുതാര്യവുമായാണ് എസ്റ്റേറ്റ് വാങ്ങിയതെന്നാണ് ടോം ജോസിന്റെ നിലപാട്. ഇടപാടുകൾ ബാങ്ക് വഴിയാണ് നടത്തിയതെന്നും സന്തോഷ് നകുൽ ദുമാസ്‌കറിൽ നിന്നുതന്നെയാണ് ഭൂമി വാങ്ങിയതെന്നുമാണ് അന്ന് ടോം ജോസ് പ്രതികരിച്ചത്. ഭൂമി വാങ്ങുന്നത് രേഖകൾ പരിശോധിച്ചാണെന്നും വിൽക്കുന്നയാൾ ദരിദ്രനാണോ എന്ന് അന്വേഷിക്കേണ്ടതില്ലെന്നും ടോം ജോസ് പറഞ്ഞു.

കഴിഞ്ഞദിവസം ധനവകുപ്പ് അ!ഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. വാറന്റില്ലാതെയും ചട്ടവിരുദ്ധവുമായാണു പരിശോധന നടത്തിയതെന്നു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ അറിയിച്ചു. നടപടിയിൽ അമർഷവും പ്രതിഷേധവും വ്യക്തമാക്കി. ഇതോടെ വിജിലൻസ് ഡയറക്ടറും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുമായുള്ള പോര് പൊട്ടിത്തെറിയിലേക്കു നീങ്ങി. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും വിജിലൻസ് നീക്കം. ഐഎഎസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് ടോം ജോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP