Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുരിശു നാട്ടിയിട്ടുള്ളത് കൈയേറ്റഭൂമിയാണെങ്കിൽ അതെവിടെയാണെങ്കിലും ഒഴിപ്പിക്കണമെന്ന നിലപാടിലുറച്ച് കത്തോലിക്കാ സഭ; പാപ്പാത്തിച്ചോലയിലെ കുരിശു നീക്കിയതുകൊണ്ട് ആരുടെയും മതവികാരം വ്രണപ്പെട്ടതായി പറഞ്ഞിട്ടില്ല; ചാനലുകളെ കൂട്ടിപ്പോയതാണു വിവാദത്തിനു കാരണമെന്നും സഭാ വക്താവ്

കുരിശു നാട്ടിയിട്ടുള്ളത് കൈയേറ്റഭൂമിയാണെങ്കിൽ അതെവിടെയാണെങ്കിലും ഒഴിപ്പിക്കണമെന്ന നിലപാടിലുറച്ച് കത്തോലിക്കാ സഭ; പാപ്പാത്തിച്ചോലയിലെ കുരിശു നീക്കിയതുകൊണ്ട് ആരുടെയും മതവികാരം വ്രണപ്പെട്ടതായി പറഞ്ഞിട്ടില്ല; ചാനലുകളെ കൂട്ടിപ്പോയതാണു വിവാദത്തിനു കാരണമെന്നും സഭാ വക്താവ്

തിരുവനന്തപുരം: മൂന്നാർ പാപ്പാത്തി മലയിൽ കൈയേറ്റമൊഴിപ്പിക്കാനെത്തിയ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കുരിശു നീക്കം ചെയ്തതിനെ എതിർക്കാതെ കത്തോലിക്കാ സഭ. കൈയേറ്റമെവിടെ നടന്നിട്ടുണ്ടെങ്കിലും മുഖം നോക്കാതെ ഒഴിപ്പിക്കുകയാണു വേണ്ടതെന്നു കെസിബിസി വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകതന്നെയാണു വേണ്ടത്. എന്നാൽ, കുരിശു പോലുള്ള കാര്യങ്ങൾ നീക്കം ചെയ്യേണ്ടിവരുമ്പോൾ കുറച്ചുകൂടി മാന്യത കാണിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമാഫിയ എവിടെയാണെങ്കിലും ഒഴിപ്പിക്കണം. ഭൂമാഫിയയിൽനിന്നു കേരളത്തെ രക്ഷിക്കണം. കുരിശു നീക്കിയതിന്റെ പേരിൽ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽനിലച്ചു പോകരുത്. കുരിശു വച്ചത് കൈയേറ്റം മറയ്ക്കാനാണങ്കിൽ അതു നീക്കം ചെയ്യുകതന്നെ ചെയ്യണം. ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുമ്പോൾ അതു മതവികാരം വ്രണപ്പെടുന്ന രീതിയിലാകരുത്.

സാധാരണക്കാരുടെ മനസിൽ കുരിശിനു നേരെ അതിക്രമം നടന്നു എന്ന രീതിയിലെ നടപടികൾ ഒഴിവാക്കണമെന്നാണ് സിറോ മലബാർ സഭാ വക്താവ് വ്യക്തമാക്കിയത്. മൂന്നാർ പാപ്പാത്തി മലയിൽ ഇന്നലെ നടന്ന കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു കുറച്ചുകൂടി ശ്രദ്ധയാകാമായിരുന്നു. ജെസിബി കൊണ്ട് എടുത്തു മാറ്റുകയല്ല, കുറച്ചൂകൂടി മാന്യമായും ശ്രദ്ധാപൂർവവുമായിരുന്നു കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹംപറഞ്ഞു.

ആളുകളുടെ മനസിൽ വേദനയുണ്ടാക്കരുത്. നിയമം പാലിക്കുക തന്നെചെയ്യണം. ഇന്നലെ നടപടികൾ തത്സമയം ജനങ്ങളിലേക്കെത്തുന്ന രീതിയിൽ കാമറകളും ചാനലുകളുമൊക്കെയായി പാപ്പാത്തി മലയിലേക്കു പോയ നടപടി ഒഴിവാക്കേണ്ടതായിരുന്നു. ജെസിബിയും കൂടവുമൊക്കെ ഉപയോഗിച്ചു കുരിശു നീക്കം ചെയ്യുന്ന കാഴ്ച തൽസമയം കാണുന്ന വിശ്വാസി അതിനെ എങ്ങനെ എടുക്കുമെന്നു ചിന്തിക്കേണ്ടതായിരുന്നു.

കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്നുതന്നെയാണു സഭയുടെ നിലപാട്. അതിനുള്ള മാർഗങ്ങൾ ശ്രദ്ധാപൂർവം ചെയ്യണമെന്നു മാത്രമാണുള്ളത്. ഇന്നലത്തെ നടപടികൊണ്ട് ആരുടെയും മതവികാരം വ്രണപ്പെട്ടതായി മനസിലാക്കുന്നില്ല. പക്ഷേ, അത്തരത്തിലൊരു സാഹചര്യമുണ്ടാകാതെ നോക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഫാ. ജിമ്മി പൂച്ചക്കാട്ടു പറഞ്ഞു.

പാപ്പാത്തി മലയിൽ മൂന്നാർ സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ ഇന്നലെ കുരിശു നീക്കം ചെയ്ത നടപടിക്കെതിരായി സിപിഐഎംതന്നെ രംഗത്തുവന്നിരുന്നു. സബ് കളക്ടർ തെമ്മാടിത്തരം കാണിക്കുന്നെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ പ്രതികരണം. പൊളിക്കലല്ല ഏറ്റെടുക്കലാണ് സർക്കാരിന്റെ നയമെന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ഇന്നലത്തെ കുരിശു നീക്കം ചെയ്യൽ വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP