Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തോലിക്കാ വൈദികനെ വഴിയരികിലെ വെള്ളച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം നടന്നത് അർദ്ധരാത്രിയിൽ

കത്തോലിക്കാ വൈദികനെ വഴിയരികിലെ വെള്ളച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം നടന്നത് അർദ്ധരാത്രിയിൽ

തൃശൂർ: കുണ്ടന്നൂരിൽ വൈദികനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി സരിതപുരം ഫാത്തിമ മാതാ പള്ളി വികാരി ഫാ. സിജോ ചീരനെയാണ് (34) കുണ്ടന്നൂർ പള്ളിക്ക് സമീപത്തെ മെയിൻ റോഡിന് അരികിലെ വെള്ളച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് വൈദികന്റെ മൃതദേഹം കാണപ്പെട്ടത്. വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്കും മൃതദേഹത്തിനു സമീപമുണ്ടായിരുന്നു.

മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും സിജോ സഞ്ചരിച്ച് ബെക്ക് നിയന്ത്രണം വിട്ട് മെയിൻ റോഡരികിലെ ചാലിലേക്കു ചാടി മറിഞ്ഞുണ്ടായ അപകടമാകാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബൈക്കും വെള്ളച്ചാലിലായിരുന്നു കാണപ്പെട്ടത്.
പുലർച്ചെ കുണ്ടന്നൂരിൽ മെയിൻ റോഡിലൂടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സിജോയെ കണ്ടെത്തിയത്. ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രഭാതസവാരിക്കാരാണ് ആദ്യം കണ്ടത്. തുടർച്ചയായി മൊബൈൽ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് പ്രഭാതനടത്തത്തിന് ഇറങ്ങിയവർ ശ്രദ്ധിക്കുന്നത്. രാവിലെ പള്ളിയിൽ കുർബ്ബാനയർപ്പിക്കാൻ ഫാ. സിജോ എത്താത്തതിനെ തുടർന്ന് കപ്യാർ ഫോൺ വിളിക്കുകയായിരുന്നു.

ഉടൻ തന്നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാത്രി 12നും പുലർച്ചെ നാലിനും ഇടയിലാണ് അപകടമുണ്ടായതായി കരുതുന്നത്. മൃതദേഹത്തിൽ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഹെൽമെറ്റ് ഊരിത്തെറിച്ചിട്ടില്ല. കുന്നംകുളം ഡിവൈഎസ്‌പി കെ. രവീന്ദ്രൻ, വടക്കാഞ്ചേരി സിഐ വിപിൻദാസ് എന്നിവരും വിരലടയാള വിദഗ്ദ്ധരും സ്ഥലം സന്ദർശിച്ചു.

രാത്രി പാവറട്ടി എളവള്ളിയിൽ പിതൃ സഹോദരിയുടെ വീട്ടിൽനിന്ന് പള്ളിയിലേക്കു തിരികെ മടങ്ങും വഴിയാണ് അപകടമുണ്ടായത്. എട്ടു വർഷം മുമ്പ് വൈദിക പട്ടം സ്വീകരിച്ച ഫാ. സിജോ ചീരൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് സരിതപുരം പള്ളിയിൽ വികാരിയായി ചുമതലയേറ്റത്.

അരിമ്പൂർ, ഒല്ലൂർ, ഒളരിക്കര, എളവള്ളി, പെരുവല്ലൂർ, ഒരുമനയൂർ, വരവൂർ പള്ളികളിൽ സേവനമനുഷ്ഠിച്ചു. ഏങ്ങണ്ടിയൂർ എം.ഐ. ബോയ്‌സ് ടൗൺ ഡയറക്ടറായും ഛാന്ദാ രൂപതയിലും സേവനം ചെയ്തിട്ടുണ്ട്. മുള്ളൂർക്കര മഹാജൂബിലി ട്രെയിനിങ് കോളേജ് വിദ്യാർത്ഥിയാണ്. തണ്ടിലം കുറുവന്നൂർ ചീരൻ കുര്യാക്കോസിന്റെയും ആനിയുടെയും മകനാണ്. സഹോദരങ്ങൾ: സിബു, പരേതയായ സീന.

മൃതദേഹം രാവിലെ സരിതപുരം ഇടവകപള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കും. ശവസംസ്‌കാരം 2.15ന് തണ്ടിലം പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP