Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം കലക്ടറുടെ പരസ്യപ്രസ്താവനയെ വിമർശിച്ച് മന്ത്രിസഭാ യോഗം; പുറ്റിങ്ങൽ ദുരന്തം സിബിഐക്കു വിടും; നിലപാടു ഹൈക്കോടതിയെ അറിയിക്കും; ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ വിമർശനം

കൊല്ലം കലക്ടറുടെ പരസ്യപ്രസ്താവനയെ വിമർശിച്ച് മന്ത്രിസഭാ യോഗം; പുറ്റിങ്ങൽ ദുരന്തം സിബിഐക്കു വിടും; നിലപാടു ഹൈക്കോടതിയെ അറിയിക്കും; ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം കലക്ടർ ഷൈനമോൾക്കെതിരെ മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശനം. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരസ്യപ്രസ്താവനയെയാണു മന്ത്രിസഭാ യോഗത്തിൽ വിമർശിച്ചത്.

കലക്ടറുടെ പരസ്യ പ്രസ്താവനകളിൽ മന്ത്രിസഭ അതൃപ്തിയും രേഖപ്പെടുത്തി. വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നായിരുന്നു കലക്ടർ എ ഷൈനാമോൾ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് മന്ത്രിസഭാ യോഗം ചർച്ച ചെയ്യവെയാണ് കലക്ടർക്കെതിരെ വിമർശനം ഉയർന്നത്.

പരവൂരിലെ പുറ്റിങ്ങൽ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിനു വിടാനും മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം ഹൈക്കോടതിയെ സർക്കാർ അറിയിക്കും. ദുരന്തത്തിൽ അട്ടിമറിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ റവന്യൂ-ആഭ്യന്തര വകുപ്പുകൾ തമ്മിലെ തർക്കമായി സംഭവം മാറിയതിനാൽ സിബിഐ അന്വേഷിക്കട്ടേ എന്നാണ് സർക്കാർ തീരുമാനം. ഇതാണ് മന്ത്രിസഭയുടെ നിലപാടിൽ പ്രതിഫലിക്കുന്നതും.

പുറ്റിങ്ങൽ ദുരന്തത്തിലെ നാശനഷ്ടങ്ങൾ മനസ്സിലാക്കാൻ മന്ത്രിസഭാ ഉപസമിതിയേയും നിശ്ചയിച്ചു. റവന്യൂമന്ത്രി അടൂർ പ്രകാശ്, തൊഴിൽ മന്ത്രി ഷിബു ബേബിജോൺ, ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ സംഭവ സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും. ദുരന്തമുണ്ടാക്കിയ നാശനഷ്ടത്തിന്റെ കണക്കെടുക്കും. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിച്ച ശേഷം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള തീരുമാനം എടുക്കും. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട സിപിഐ(എം) പിബി അംഗം പിണറായി വിജയന്റെ പ്രസ്താവനയേയും മുഖ്യമന്ത്രി വിമർശിച്ചു.

പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം എന്നിവ ഇടത് സർക്കാരിന്റെ കാലത്തുണ്ടായതാണ്. അന്നും സുരക്ഷാ വീഴ്ചയുടെ പ്രശ്നങ്ങളുണ്ടായി. എന്നാൽ ആരും ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടില്ല. അന്ന് എല്ലാവരും ദുരന്തത്തിൽപ്പെട്ടവർക്ക് സഹായം എത്തിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇന്ന് പ്രതിപക്ഷം രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെടുന്നു. ഇത് ശരിയായ നടപടിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഇക്കാര്യമാണ് വാർത്താ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി വിശദീകരിച്ചു.

ദുരന്തത്തിൽ ഹൈക്കോടതിയുടെ രൂക്ഷ പരാമർശമുള്ളതും കേസ് സിബിഐയ്ക്ക് വിടാൻ സർക്കാരിനെ പ്രേരിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ സംഭവത്തിൽ എൻഐഎ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ക്ഷേത്ര ഭാരവാഹികളായ സുരേന്ദ്രനാഥപിള്ള, മുരുകൻ എന്നിവർ കൂടി കീഴടങ്ങിയതോടെ കസ്റ്റഡിയിലായവർ 13 ആയി. കസ്റ്റഡിയിലുള്ള രണ്ട് തമിഴ്‌നാട്ടുകാരടക്കം ആറ് തൊഴിലാളികളെ കേസിൽ പ്രതിചേർക്കും. കമ്പക്കെട്ടിന്റെ മുഖ്യകരാറുകാരൻ കഴക്കൂട്ടം സുരേന്ദ്രന്റെ മക്കളായ ഉമേഷ്, ദീപു എന്നിവരെയും അറസ്റ്റ് ചെയ്യും. ഉമേഷ് തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. കൊല്ലത്ത് ചികിത്സയിലായിരുന്ന ദീപു പൊലീസിനെ വെട്ടിച്ച് മുങ്ങിയിരിക്കുകയാണ്.

വിവാദങ്ങൾ ഒഴിവാക്കാൻ സിബിഐ അന്വേഷണമാണ് നല്ലതെന്നാണ് മന്ത്രിസഭയുടെ നിലപാട്. കമ്പക്കെട്ടിന് നിരോധനമേർപ്പെടുത്തിയ അഡി. ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവ് നടപ്പാക്കാതിരുന്ന കൊല്ലം കമ്മിഷണർ പി. പ്രകാശിനെ തത്സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുന്നോടിയായി ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചാത്തന്നൂർ അസി. കമ്മിഷണർ, പരവൂർ സി.ഐ, എസ്.ഐ എന്നിവർക്കെതിരെയും നടപടിയുണ്ടാവും. വിഷയത്തിൽ സർക്കാരിന് ആരേയും രക്ഷിക്കാനില്ലെന്ന സന്ദേശം നൽകാനാണ് ഇത്. അതിനിടെ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് കളക്ടർ നൽകിയ റിപ്പോർട്ടും നിർണ്ണായകമാണ്. ഇതുകൊണ്ട് തന്നെ പൊലീസുകാർക്കെതിരെ കടുത്ത നടപടി എടുക്കേണ്ടി വരുമെന്നാണ് സൂചന.

അങ്ങനെ പൊലീസിന് വീഴ്ച വന്നുവെന്ന് പ്രാഥമികമായി വിലയിരുത്തിയ സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷിക്കട്ടേ എന്നാണ് സർക്കാർ നിലപാട്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പക്കെട്ട് തടയാൻ ശ്രമിച്ചിരുന്നെങ്കിൽ കലാപമുണ്ടാകുമായിരുന്നെന്നാണ് കൊല്ലം പൊലീസിന്റെ റിപ്പോർട്ട്. വർഷങ്ങളായി ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കമ്പക്കെട്ട് നടത്തുന്നത്. ദുരന്തത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് കൊല്ലം കളക്ടർ എ. ഷൈനാമോൾ ഇന്നലെ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇത് റവന്യൂ, ആഭ്യന്തര സെക്രട്ടറിമാർക്ക് കൈമാറിയിട്ടുണ്ട്. ഇതും മന്ത്രിസഭായോഗം കളക്ടറുടെ റിപ്പോർട്ട് ചർച്ച ചെയ്തു. കളക്ടറുടെ റിപ്പോർട്ടിലെ നിഗമനങ്ങൾ അതീവ ഗൗരവതരമാണ്. അതുകൊണ്ട് സിബിഐ അന്വേഷിക്കട്ടേ എന്നാണ് മന്ത്രിസഭയുടെ പൊതുവികാരം.

എക്സ്പ്ളോസീവ്സ് ആക്ടിലെ ഏഴു ചട്ടങ്ങൾ ലംഘിച്ചാണ് പരവൂരിൽ വെടിക്കെട്ടു നടത്തിയതെന്ന് കേന്ദ്ര സർക്കാരിനും ചീഫ് എക്സ്പ്ളോസീവ് കൺട്രോളറും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദൂരപരിധി, സമയം, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, വെടിക്കെട്ടിനുള്ള നിയമപരമായ അനുമതി, സുരക്ഷാ മുൻകരുതൽ തുടങ്ങിയ വ്യവസ്ഥകളാണ് ലംഘിച്ചത്. പൊലീസ് ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും തടഞ്ഞില്ലെന്നതാണ് ആക്ഷേപം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിൽ പൊലീസിന്റെ നടപടികളും പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP