ചിങ്ങവനം- ഇരട്ട റെയിൽപ്പാത അതിവേഗ പരീക്ഷണ ഓട്ടം നാളെ; ജാഗ്രതാ നിർദ്ദേശം; പരീക്ഷണ ഓട്ടം ഉച്ചക്ക് രണ്ടുമണിക്കും അഞ്ചുമണിക്കും ഇടയിൽ; അനുവാദമില്ലാതെ റെയിൽവേ ലൈനിലും പരിസരങ്ങളിലും ജോലി ചെയ്യുകയോ ട്രാക്കിൽ പ്രവേശിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശം
December 06, 2018 | 10:26 PM IST | Permalink

സ്വന്തം ലേഖകൻ
കോട്ടയം; ചങ്ങനാശേരി- ചിങ്ങവനം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയതായി നിർമ്മിച്ച ലൈനിൽ വെള്ളിയാഴ്ച റെയിൽവേ സേഫ്റ്റി എൻജിനിയറുടെ സുരക്ഷാ പരിശോധന നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബംഗളൂരു ആസ്ഥാനമായ സതേൺ റെയിൽവേ ചീഫ് സേഫ്റ്റി കമീഷണർ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സുരക്ഷാസംഘം ഇരട്ടപ്പാതയിൽ ആദ്യം ട്രോളിയിലും പിന്നീട് രണ്ട് ബോഗികൾ ഘടിപ്പിച്ച എൻജിനിലും യാത്ര ചെയ്താണ് സുരക്ഷ പരിശോധിക്കുക.
ഉച്ചക്ക് രണ്ടുമണിക്കും അഞ്ചുമണിക്കും ഇടയിലാണ് അതിവേഗ പരീക്ഷണ ഓട്ടം നടത്തുന്നത്. കോട്ടയം ജില്ലയിലെ ചിങ്ങവനം ചങ്ങനാശേരി റെയിൽവേ സെക്ഷനുകൾക്കിടയിൽ പൊതു ജനങ്ങൾ, ലെവൽ ക്രോസ് ഉപയോക്താക്കൾ എന്നിവർ ജാഗ്രത പുലർത്തണമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. അനുവാദമില്ലാതെ റെയിൽവേ ലൈനിലും പരിസരങ്ങളിലും ജോലി ചെയ്യുകയോ ട്രാക്കിൽ പ്രവേശിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
