Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

19 ലക്ഷം രൂപ സ്വന്തം പേരിലേക്ക് മാറ്റിയത് വ്യാജ ചെക്ക് ലീഫും മെയിൽ ട്രാൻസ്ഫറും വഴി; ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടന്റിനെതിരെ വിജിലൻസ് കുറ്റപത്രം; യഥാർഥ നിക്ഷേപകർ അറിയാതെയുള്ള തട്ടിപ്പ് നടത്തിയതുകൊല്ലം ജില്ല സഹകരണ ബാങ്ക് അക്കൗണ്ടന്റ്

19 ലക്ഷം രൂപ സ്വന്തം പേരിലേക്ക് മാറ്റിയത് വ്യാജ ചെക്ക് ലീഫും മെയിൽ ട്രാൻസ്ഫറും വഴി; ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടന്റിനെതിരെ വിജിലൻസ് കുറ്റപത്രം; യഥാർഥ നിക്ഷേപകർ അറിയാതെയുള്ള തട്ടിപ്പ് നടത്തിയതുകൊല്ലം ജില്ല സഹകരണ ബാങ്ക് അക്കൗണ്ടന്റ്

പി.നാഗ് രാജ്‌

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കിൽ നിന്നും 19.17 ലക്ഷം രൂപയുടെ അപഹരണം നടത്തിയ കേസിൽ അക്കൗണ്ടന്റിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് ഡിവൈഎസ്‌പി കുറ്റപത്രം സമർപ്പിച്ചത്. കുറ്റം ചുമത്തുന്നതിലേക്കായി പ്രതിയെ ഡിസംബർ 12ന് ഹാജരാക്കാൻ വിജിലൻസ് ഡിവൈഎസ്‌പിക്ക് വിജിലൻസ് ജഡ്ജി ഡി.അജിത്കുമാർ ഉത്തരവ് നൽകി.

കൊല്ലം ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടന്റ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര തെങ്ങുവിള വീട്ടിൽ എ.ഷാജഹാനാണ് കേസിലെ പ്രതി. 1996 ജൂൺ 14 മുതൽ 2001 ജൂൺ 30 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ ചെക്ക് ലീഫുകൾ ഉപയോഗിച്ച് ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കൽ, യഥാർത്ഥ നിക്ഷേപകർ അറിയാതെ അവരുടെ അക്കൗണ്ടിൽ നിന്നും മെയിൽ ട്രാൻസ്ഫർ വഴി പണം സ്വന്തം പേരിലേക്ക് മാറിയെടുക്കൽ എന്നീ പ്രവർത്തന രീതികളിലാണ് പണാപഹരണം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ജില്ലാ സഹകരണ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് പരിശോധന വിങ് സൂപ്രണ്ട് പുഷ്പാംഗദൻ പിള്ള 2001 ജൂലൈ 11 ന് നടത്തിയ പരിശോധനയിലാണ് പണം വെട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തുടർന്ന് 2001 ഓഗസ്റ്റ് 8 ന് ഡെപ്യൂട്ടി ജനറൽ മാനേജർ രഘുനാഥൻ ചെട്ടിയാർ നടത്തിയ വിശദമായ പരിശോധനയിൽ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് സംഭവം വിജിലൻസിന് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി കെ.അശോക് കുമാർ ആണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ലെഡ്ജറുകളിലെയും വ്യാജ ചെക്ക് ലീഫുകളിലെയും കൈയക്ഷരങ്ങൾ ഷാജഹാന്റേതാണെന്ന് വിജിലൻസ് കണ്ടെത്തി.സീനിയർ അക്കൗണ്ടന്റ് എൻ.വിജയന് നൽകാനുണ്ടായിരുന്ന 30,000 രൂപയുടെ കടബാദ്ധ്യത ഇത്തരത്തിൽ വീട്ടി. ചെക്കിലെ സ്‌ക്രോൾ നമ്പർ, ക്രെഡിറ്റ് ട്രാൻസ്ഫർ സ്ലിപ് എന്നിവയിലെ രേഖപ്പെടുത്തലുകളും ഷാജഹാൻ ചെയ്തതായി വിജിലൻസ് കണ്ടെത്തി. ക്യാഷ് ക്രെഡിറ്റ് സ്റ്റാഫ് അക്കൗണ്ട് രജിസ്റ്റർ, സബ്‌സിഡിയറി ദിന ബുക്ക്, സ്ഥിര നിക്ഷേപ വായ്പാ രജിസ്റ്റർ, കാഷ്യർമാരുടെ ദിന ബുക്ക് തുടങ്ങി 53 രേഖകൾ കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP