Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേകന്നൂർ മൗലവി കേസ്; ഒമ്പത്‌ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാതെ സിബിഐ: ലഭ്യമായ തെളിവുകളും സാഹചര്യങ്ങളും സ്ഥാപിക്കപ്പെടുന്നില്ലെന്നും സംശയങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നതെന്നും വിചാരണക്കോടതിയും പിന്നീട്‌ ഹൈക്കോടതിയും അഭിപ്രായപ്പെട്ടതിനെ തുടർന്നാണ്‌ സിബിഐയുടെ പിന്മാറ്റം

ചേകന്നൂർ മൗലവി കേസ്; ഒമ്പത്‌ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാതെ സിബിഐ: ലഭ്യമായ തെളിവുകളും സാഹചര്യങ്ങളും സ്ഥാപിക്കപ്പെടുന്നില്ലെന്നും സംശയങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നതെന്നും വിചാരണക്കോടതിയും പിന്നീട്‌ ഹൈക്കോടതിയും അഭിപ്രായപ്പെട്ടതിനെ തുടർന്നാണ്‌ സിബിഐയുടെ പിന്മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:  ചേകന്നൂർ മൗലവി കേസിൽ ഒന്നാം പ്രതി പി.വി.ഹംസയെ തെളിവുകളുടെ അഭാവത്തിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. എന്നാൽ, ഹംസയ്ക്ക് വിധിച്ചിരുന്ന ഇരട്ട ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ മറ്റ് എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. ഇതോടെ കേസിൽ എല്ലാവരും സ്വതന്ത്രരായി. ചേകന്നൂർ മൗലവിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ സംഘത്തിൽ പി.വി.ഹംസയെ, മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് ശിക്ഷ ലഭിക്കാൻ വഴിയൊരുക്കിയത്. എന്നാൽ, മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒമ്പത്‌ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയിൽ സിബിഐ. അപ്പീൽ നൽകുന്നില്ല.

കേസിൽ ലഭ്യമായ തെളിവുകളും സാഹചര്യങ്ങളും സ്ഥാപിക്കപ്പെടുന്നില്ലെന്നും സംശയങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നതെന്നും വിചാരണക്കോടതിയും പിന്നീട്‌ ഹൈക്കോടതിയും അഭിപ്രായപ്പെട്ടതിനെ തുടർന്നാണ്‌, സുപ്രീംകോടതിയെ സമീപിക്കാതെ സിബിഐ. പിന്മാറുന്നതെന്ന് സൂചന. എന്നാൽ, സാഹചര്യതെളിവുകൾക്ക് നേരേ ഹൈക്കോടതി കണ്ണുകൾ അടച്ചാണ്‌ പ്രതികളെ വിട്ടതെന്ന്‌ ആരോപിച്ചുകൊണ്ട്‌ പ്രതികളെ ശിക്ഷിക്കാൻ മൗലവിയുടെ അമ്മാവൻ സലിം ഹാജി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഇതിൽ കോടതി വാദംകേൾക്കും.

1993 ജൂലൈ 29നായിരുന്നു ചേകന്നൂർ മൗലവിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും കേസ് അന്വേഷിച്ചു. ഒടുവിൽ സിബിഐക്ക് കേസ് കൈമാറുകയായിരുന്നു. ഖുറാൻ സുന്നത്ത് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായിരുന്ന ചേകന്നൂർ മൗലവി പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതനായിരുന്നു. ചേകന്നൂരിനെ അദ്ദേഹത്തിന്റെ 56-ാം വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകുയും പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തു.

ദുരൂഹസാഹചര്യത്തിലാണ് ചേകന്നൂർ മൗലവിയെ കാണാതാകുന്നത്. മതപ്രഭാഷണത്തിനാണ് എന്ന പേരിൽ ചിലർ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവരുകയായിരുന്നു. ഏറെ കാലത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം സിബിഐ. കോടതിയാണ്‌ കേസ്‌ വിചാരണചെയ്തത്‌. 2010 ഡിസംബർ 29-ന്‌ വിധിപറഞ്ഞു. ഒന്നാംപ്രതി വി.വി. ഹംസ സക്കാഫിയെ മാത്രം ജീവപര്യന്തം ശിക്ഷിക്കുകയും. മറ്റ്‌ എട്ടുപ്രതികളേയും വെറുതെവിട്ടുകയുമായിരുന്നു. ശിക്ഷയ്ക്കെതിരേ ഹംസ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൊലപാതകത്തിന്റെ ഒരുതെളിവും ഇല്ലെന്നുപറഞ്ഞ്‌ കഴിഞ്ഞവർഷം ഒക്‌ടോബർ 10-ന്‌ ഹൈക്കോടതി ഹംസയെ വെറുതെവിട്ടു. മറ്റ്‌ എട്ടുപ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ്‌ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ കേസ്‌ സമർഥിക്കാൻ സുപ്രീംകോടതിയിൽ കഴിയില്ലെന്നുള്ള നിലപാട്‌ എടുത്തുകൊണ്ടാണ്‌ സിബിഐ. അപ്പീൽനൽകാതെ പിന്മാറുന്നതെന്നുള്ള ആരോപണം ഉയർന്നിരുന്നു. സലിം ഹാജിയുടെ അപ്പീലിൽ സിബിഐ.യെ എതിർകക്ഷിയാക്കിയിട്ടുണ്ട്‌. കേസ്‌ സുപ്രീംകോടതി പരിഗണിക്കുമ്പോൾ സിബിഐ. തങ്ങളുടെ നിലപാട്‌ വ്യക്തമാക്കും. മൗലവിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ടുവെന്ന്‌ ആരോപിക്കപ്പെടുന്നയാളുടെ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും വിശ്വാസയോഗ്യമായ സാഹചര്യത്തെളിവുകൾ സ്ഥാപിക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞിരിക്കണമെന്നാണ്‌ സുപ്രീംകോടതിവ്യവസ്ഥ.

ഒന്നാംപ്രതി സക്കാഫിയെ ശിക്ഷിക്കാൻ കേസ്‌ വിചാരണചെയ്ത സിബിഐ. കോടതി സ്വീകരിച്ച നിലപാടുമായി ഹൈക്കോടതി യോജിച്ചില്ല. തെളിവുകൾ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നാണ്‌ ഹൈക്കോടതി പറഞ്ഞത്‌. സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അതിനാൽ, മൗലവിയുടെ മരണം തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. മൗലവിയുടെ മരണത്തിന്‌ ഒമ്പത്‌ പ്രതികളും ഉത്തരവാദികളാണെന്നുള്ളതിന്‌ യതൊരു സാഹചര്യവും തെളിയിക്കാൻ സിബിഐ.ക്ക്‌ കഴിഞ്ഞിട്ടില്ലെന്നുള്ളത്‌ നിർഭാഗ്യകരമാണെന്നാണ്‌ ഹൈക്കോടതിവിധിയിൽ ചൂണ്ടിക്കാട്ടിയത്‌.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP