Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്റെ നിർദ്ദേശപ്രകാരമാണ് കൊല നടത്തിയതെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ പറയുന്നു ; 'മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പീതാംബരന്റെ വീട്ടിൽ പോയി പണം നൽകുന്നു'; പെരിയ ഇരട്ടകൊലപാതകം പാർട്ടിയുടെ ഉന്നതതല ഗൂഢാലോചനയാണെന്നും ചെന്നിത്തല

'ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്റെ നിർദ്ദേശപ്രകാരമാണ് കൊല നടത്തിയതെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ പറയുന്നു ; 'മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പീതാംബരന്റെ വീട്ടിൽ പോയി പണം നൽകുന്നു'; പെരിയ ഇരട്ടകൊലപാതകം പാർട്ടിയുടെ ഉന്നതതല ഗൂഢാലോചനയാണെന്നും ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കാസർകോഡ് പെരിയ ഇരട്ടക്കൊലപാതകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഉന്നതതല ഗൂഢാലോചനയുണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദുമ എംഎൽഎയായ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും കൊലയിൽ പങ്കുണ്ടെന്നും കെ. കുഞ്ഞിരാമൻ എംഎൽഎ തെളിവുകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും കേസിൽ പിടിയിലായ
പീതാംബരന്റെ വീട്ടുകാർക്ക് മുൻ എംഎൽഎയായ കെവി കുഞ്ഞിരാമൻ കാശു നൽകി സ്വാധീനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി ഏരിയ കമ്മറ്റി ഓഫീസിലാണ് കൊലപാതകത്തിന് നേതൃത്വം നൽകിയയാൾ ആദ്യം അഭയം തേടിയതെന്നും പാർട്ടി അറിയാതെ കൊലപാതകം നടത്തില്ലെന്നും പീതാംബരന്റെ ഭാര്യ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് കേസ് അട്ടിമറിക്കാനാണ് എന്നുറപ്പാണ്. രണ്ട് കുഞ്ഞിരാമന്മാർക്കും കേസുലുള്ള പങ്ക് അന്വേഷിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും കൊല നടത്തിയത് ഉദുമ എംഎൽഎയുടെ നിർദ്ദേശപ്രകാരമാണെന്ന് കൊലപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ രക്ഷിതാക്കൾ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ വാക്കുകൾ

'മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പീതാംബരന്റെ വീട്ടിൽ പോയി ബന്ധുക്കൾക്ക് പണം നൽകുന്നു. ഒന്നും പറയരുത് എന്ന് അവരോട് പറയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പാർട്ടിയുടെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയാണ് കൊലപാതകം എന്നതാണ്' ചെന്നിത്തല പറയുന്നു. തെളിവുകൾ നശിപ്പിക്കാനാണ് കുഞ്ഞിരാമൻ എംഎൽഎ ശ്രമിക്കുന്നത്. ഉദുമ ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സ്വാഗതം സംഘം രൂപീകരണ യോഗത്തിനു ശേഷം അവിടെ നിന്ന് പതിനാറായിരം പേരാണ് ഭക്ഷണം കഴിച്ചത്. സ്വാഗത സംഘം അധ്യക്ഷൻ എംഎ‍ൽഎ ആയിരുന്നിട്ടും അദ്ദേഹം മാറിനിന്നു.

സിപിഎം ജില്ലാ സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നു അദ്ദേഹവും മാറിനിന്നു. ഇവർ സ്ഥലത്തുണ്ടായിട്ടും ചടങ്ങിൽ പങ്കെടുക്കാതെ മാറി നിന്നത് ദുരൂഹമാണ്. അന്നു രാത്രിയിലാണ് കൊലപാതകം ഉണ്ടാകുന്നത്. എംഎ‍ൽഎ കുഞ്ഞിരാമന്റെ വീടിനടുത്തുവച്ചാണ് കൊലപാതകത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ എം.എൽഎ ഭീഷണിപ്പെടുത്തി. കേസന്വേഷിച്ച കാസർഗോഡ് എസ്‌പിയെ മാറ്റി. അറസ്റ്റിലായ പീതാംബരനിൽ മാത്രം കേസ് ഒതുക്കാൻ ശ്രമം നടക്കുന്നു. പീതാംബരൻ പ്രതിയാണെന്ന് പറയുന്നതിന് മുമ്പെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

ലോക്കൽ കമ്മിറ്റി അംഗം മാത്രമായ പീതാംബരൻ വിചാരിച്ചാൽ ഇതുപോലൊരു കൊലപാതകം നടക്കില്ല. കൊലക്ക് ഉപയോഗിച്ചതെന്ന് പറഞ്ഞ് പൊലീസ് കണ്ടെടുത്തത് മൂർച്ചയില്ലാത്ത പഴയ ആയുധങ്ങളാണ്. 'പാർട്ടി പുറത്താക്കിയ പീതാംബരന്റെ വീട്ടിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പോകേണ്ട കാര്യമെന്തിനാണ്. ഇതൊക്കെ നോക്കുമ്പോൾ കേസ് അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കം മാർക്സിസ്റ്റ് പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുന്നു. കുഞ്ഞിരാമൻ എംഎ‍ൽഎ അടക്കമുള്ള ആളുകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുകയാണെന്നും', ചെന്നിത്തല ആരോപിക്കുന്നു.

കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണെന്നും ചെന്നിത്ത ആരോപിച്ചു. ആസൂത്രിതമായ തിരക്കഥയുടെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്. കൃപേഷിന്റെയും ശരത്തിന്റെയും മുന്നു സുഹൃത്തുക്കൾ ജീവഭയത്താൽ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ പ്രതികലെ ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള 29-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. സിപിഎം ഭീകര സംഘടനയായി മാറി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ ബാധിച്ച അർബുദമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP