Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗംഭീര കരിമരുന്നുപ്രയോഗത്തെ കരുണയുടെ വഴിയെ തിരിച്ചുവിട്ട് നോബി അമ്പൂക്കൻ; ധൂർത്ത് ഒഴിവാക്കി ഇടവകയിലെ ക്ലേശമനുഭവിക്കുന്നയാൾക്ക് വീട് വിച്ച് നൽകി കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് പള്ളി

ഗംഭീര കരിമരുന്നുപ്രയോഗത്തെ കരുണയുടെ വഴിയെ തിരിച്ചുവിട്ട് നോബി അമ്പൂക്കൻ; ധൂർത്ത് ഒഴിവാക്കി ഇടവകയിലെ ക്ലേശമനുഭവിക്കുന്നയാൾക്ക് വീട് വിച്ച് നൽകി കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് പള്ളി

കോട്ടപ്പടി: ആഘോഷമൊഴിവാക്കി കരുണയുടെ വഴിയേ നീങ്ങണമെന്നാണ് മാർപ്പാപ്പയുടെ ആഹ്വാനം. അത് ഏല്ലാ അർത്ഥത്തിലും നടപ്പിലാക്കുകയാണ് കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് പള്ളിയിലെ ഇടവകാംഗങ്ങൾ. തിരുനാൾദിനത്തിൽ 'ഗംഭീര കരിമരുന്നുപ്രയോഗം' വേണ്ടെന്ന ഇടവകക്കാരുടെ തീരുമാനത്തിൽ ഒലക്കേങ്കിൽ പൊറിഞ്ചുകുട്ടി തോമസിന് കിടപ്പാടം കിട്ടുകയാണ്. അങ്ങനെ വെടിക്കെട്ട് നാമമാത്രമാക്കി ചുരുക്കി സാമ്പത്തിക ക്ലേശമനുഭവിക്കുന്ന ഇടവകാംഗത്തിനു വീടു നിർമ്മിച്ചുനൽകി കോട്ടപ്പടിക്കാർ കരുണയുടെ ആഘോഷമാക്കി തിരുനാളിനെ മാറ്റി.

വർഷങ്ങളായി വൻതുക ചെലവഴിച്ചാണ് തിരുനാളിന്റെഭാഗമായി വെടിക്കെട്ട് നടത്തിയിരുന്നത്. എന്നാൽ ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് ഇത്തവണ വേണ്ടെന്ന് വികാരി ഫാ. നോബി അമ്പുക്കനും ഇടവകാംഗങ്ങളും തീരുമാനിച്ചതോടെയാണ് കരുണയുടെ സ്പർശം എത്തിയത്. കാട്ടപ്പടി സെലിബ്രേഷൻ കമ്മിറ്റി ക്ലബിന്റെ നേതൃത്വത്തിലായിരുന്നു വീടു നിർമ്മാണം. ക്ലബ് അംഗങ്ങളായ നാല്പതോളം പേരാണ് നാലു ലക്ഷത്തിലേറെ രൂപ മുടക്കി നാനൂറു ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമ്മിച്ചത്. പണി പൂർത്തിയാക്കിയ വീടിന്റെ വെഞ്ചരിപ്പ് വികാരി ഫാ. നോബി അമ്പൂക്കൻ നിർവഹിച്ചു.

പുതുവത്സര നാളിൽ പുതിയ വീടിന്റെ താക്കോൽ കൈമാറും. മൂന്നാം തീയതിയാണു കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിലെ വിശുദ്ധ ലാസറിന്റേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും തിരുനാൾ. വെടിക്കെട്ട് വെട്ടിക്കുറച്ച് നല്ലൊരു കിടപ്പാടം തിരുനാളിനുമുമ്പേ സമ്മാനിക്കാനായതിന്റെ ആഹ്ലാദത്തിലും പുണ്യത്തിലുമാണു ക്ലബ് അംഗങ്ങൾ അടക്കമുള്ള കോട്ടപ്പടിക്കാർ. ജീവിതസ്വപ്നമായ പുതിയ വീടു ലഭിച്ചതിന്റെ ആഹ്ലാദം ആ കുടുംബത്തിന് അവിസ്മരണീയമാണ്.

തിരുനാൾ കേമമാക്കാൻ കലാസന്ധ്യയും മറ്റും സംഘടിപ്പിക്കാൻ ആരംഭിച്ചതാണു ക്ലബ്. ഒന്നാം തീയതി വൈകുന്നേരം ഏഴിന് ക്ലബ് ഒരുക്കുന്ന കലാസന്ധ്യക്കിടെ വികാരിയച്ചൻ വീടിന്റെ താക്കോൽ കൈമാറും. ഇത്തവണ വീടു നിർമ്മിച്ചു നല്കുന്നതടക്കമുള്ള ജീവകാരുണ്യ സേവനങ്ങൾകൂടി ആരംഭിച്ചതോടെ അംഗത്വത്തിനായി കൂടുതൽ പേർ വരുന്നുണ്ടെന്ന് കെസിസി ക്ലബ് സെക്രട്ടറി വി സി. ലോറൻസ് പറഞ്ഞു.

ക്ലബ് രണ്ടാം തീയതി വൈകുന്നേരം ഏഴിനു ഡിജിറ്റൽ വെടിക്കെട്ടും ഒരുക്കുന്നുണ്ട്. തിരുനാൾദിനമായ മൂന്നാം തീയതി വൈകുന്നേരം ഏഴിനു വെടിക്കെട്ട് കമ്മിറ്റിയുടെ ഫാൻസി വെടിക്കെട്ടുമുണ്ടാകും. എന്നാൽ ഗംഭീരമായ കരിമരുന്നു പ്രയോഗവും വെടിക്കെട്ടും ജീവകാരുണ്യത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. വികാരി ഫാ. നോബി അമ്പൂക്കനാണ് ഈ തീരുമാനത്തിലേക്ക് ക്ലബ്ബിനെ എത്തിച്ചത്.

ഇടവകയിലെ മറ്റുസംഘടനകളുടെ നേതൃത്വത്തിൽ ജാതിമതഭേദമില്ലാതെ നിർധനരായ 50 പെൺകുട്ടികൾക്ക് വിവാഹത്തിന് ഓരോപവൻ വീതം നൽകാനും ഈ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. പാവപ്പെട്ടവർക്ക് വീട് പണിക്കും ചികിത്സയ്ക്കും സഹായം നൽകുന്ന പദ്ധതിക്ക് തിരുനാൾദിനത്തിൽ തുടക്കംകുറിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP