Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശാപ്പ് നിരോധിക്കുന്ന വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് പിണറായിയുടെ കത്ത്; റംസാൻ നോമ്പു തുടങ്ങുന്നതിനു മുമ്പു കൊണ്ടുവന്ന നിയന്ത്രണങ്ങൾ സമുദായത്തിനു നേർക്കുള്ള ആക്രമണം; ഭരണഘടനാ വിരുദ്ധമായ തീരുമാനം ദശലക്ഷങ്ങളുടെ ഉപജീവനം തകരാറിലാക്കുമെന്നും മുഖ്യമന്ത്രി

കശാപ്പ് നിരോധിക്കുന്ന വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് പിണറായിയുടെ കത്ത്; റംസാൻ നോമ്പു തുടങ്ങുന്നതിനു മുമ്പു കൊണ്ടുവന്ന നിയന്ത്രണങ്ങൾ സമുദായത്തിനു നേർക്കുള്ള ആക്രമണം; ഭരണഘടനാ വിരുദ്ധമായ തീരുമാനം ദശലക്ഷങ്ങളുടെ ഉപജീവനം തകരാറിലാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാർഗവും തകരാറിലാക്കുന്നതാണെന്നും അതിനാൽ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രം ഇറക്കിയ വിജ്ഞാപന പ്രകാരം, കന്നുകാലികളെ കാർഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നൽകിയാലേ ചന്തയിൽ കാലികളെ വിൽക്കാനും വാങ്ങാനും കഴിയൂ. ഇത് കാർഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ ഉപയോഗിക്കുന്ന ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ്.

കർഷകരിൽ തീരെ ചെറിയ ശതമാനത്തിനു മാത്രമേ ഇത്തരം രേഖകൾ ഹാജരാക്കാൻ പറ്റുകയുള്ളൂ. ജില്ലാതലത്തിൽ മൃഗവിപണന കമ്മിറ്റികളും മേൽനോട്ട കമ്മിറ്റികളും രൂപീകരിക്കാൻ പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നുണ്ട്. കാലിവ്യാപാരികൾക്കും കാലികളെ കൊണ്ടുപോകുന്നവർക്കുമെതിരെ ആക്രമണം നടത്തികൊണ്ടിരുന്ന ഗോരക്ഷാ സമിതികൾ ഈ കമ്മിറ്റികളുടെ അധികാരം കൈയാളുമെന്ന ഉത്കണ്ഠ ജനങ്ങൾക്കുണ്ട്.

രാജ്യത്തെ ദലിതർ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് പാവങ്ങൾക്ക് മാംസത്തിൽനിന്നാണ് മുഖ്യമായും പ്രോട്ടീൻ ലഭിക്കുന്നത്. റമസാൻ വ്രതം ആരംഭിക്കുന്നതിന്റെ തലേദിവസം ഇത്തരം നിയന്ത്രണം കൊണ്ടുവന്നത് ചില സമുദായങ്ങളുടെ നേർക്കുള്ള ആക്രമണമായേ കാണാൻ കഴിയൂ. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും മാംസം കഴിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. പുതിയ തീരുമാനം 25 ലക്ഷം പേർ തൊഴിലെടുക്കുന്ന തുകൽ വ്യവസായത്തിന് അസംസ്‌കൃത സാധനം കിട്ടാതാക്കും. ഈ വ്യവസായത്തിലെ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ ഈ തീരുമാനം രാജ്യത്തെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെയും ജീവിതോപാധിയേയും ഗുരുതരമായി ബാധിക്കും.

മാംസ കയറ്റുമതിയിൽ ആഗോള വിപണിയിൽ ഇന്ത്യക്ക് പ്രമുഖ സ്ഥാനമുണ്ട്. നിരോധനം മാംസ കയറ്റുമതിയെയും അതുവഴി ഇന്ത്യയ്ക്കു ലഭിക്കുന്ന വിദേശ നാണ്യത്തെയും ബാധിക്കും. കേരളാ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യാ ഉൾപ്പെടെ ഈ രംഗത്തുള്ള പൊതുമേഖലാ മാംസ സംസ്‌കരണ വ്യവസായങ്ങളെ തകർക്കും. കേരളത്തിൽ വലിയ വിഭാഗം ജനങ്ങൾ മാംസാഹാരം കഴിക്കുന്നവരാണ്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കു സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. അസം, ബിഹാർ, ഛത്തിസ്ഗഡ്, ഗോവ, ജമ്മു-കശ്മീർ, ജാർഘണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതൽ. അതിനാൽ സംസ്ഥാനങ്ങളോട് ആലോചിച്ചുമാത്രമേ ഇത്തരത്തിലുള്ള തീരുമാനം എടുക്കാൻ പാടുള്ളൂ.

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം ദൂരവ്യാപകഫലമുണ്ടാക്കുന്ന നടപടികൾ ജനാധിപത്യത്തിനു വലിയ ദോഷമുണ്ടാക്കും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നാക്രമണമാണിത്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് എതിരായ വെല്ലുവിളിയാണിത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും എതിരായ നടപടി കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ നടപടി റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP