Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിവറേജസുകൾ പൂട്ടിയതോടെ കർണാടകത്തിൽനിന്ന് വയനാട്ടിലേക്ക് വ്യാജമദ്യം ഒഴുകുന്നു; നിലവാരം കുറഞ്ഞ സ്പിരിറ്റിൽ കളർ ചേർത്ത മദ്യം വിൽപനയ്ക്കെത്തിക്കുന്നത് ഫ്രൂട്ടി പാക്കറ്റുകളിൽ; അടിയന്തര നടപടി എടുക്കാൻ എക്സൈസിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര നിർദ്ദേശം

ബിവറേജസുകൾ പൂട്ടിയതോടെ കർണാടകത്തിൽനിന്ന് വയനാട്ടിലേക്ക് വ്യാജമദ്യം ഒഴുകുന്നു; നിലവാരം കുറഞ്ഞ സ്പിരിറ്റിൽ കളർ ചേർത്ത മദ്യം വിൽപനയ്ക്കെത്തിക്കുന്നത് ഫ്രൂട്ടി പാക്കറ്റുകളിൽ; അടിയന്തര നടപടി എടുക്കാൻ എക്സൈസിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര നിർദ്ദേശം

ബത്തേരി: കർണാടക അതിർത്തിയിൽ വ്യാജമദ്യം സുലഭമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സൈസ് കമ്മീഷണർക്കും വയനാട് ജില്ലാ കളക്ടർക്കും നിർദ്ദേശം നല്കി. വയനാട് ജില്ലയിലെ തിരക്കേറിയ രണ്ട് ബീവറേജസുകൾ പൂട്ടിയതോടെയാണ് കർണാടകത്തിൽനിന്ന് വ്യാജമദ്യം ഒഴുകുന്നത്. ആദിവാസികളുടേത് അടക്കമുള്ളവരുടെ ജീവിതത്തിൽ വ്യാജമദ്യം വരുത്തിയേക്കാവുന്ന പ്രത്യാഖാതങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി. മദ്യനയവും, സുപ്രീം കോടതി വിധിയുടെയും പശ്ചാത്തലത്തിൽ പ്രവർത്തനം താളം തെറ്റിയ കേരളത്തിലെ സർക്കാർ മദ്യശാലകളിൽ നടക്കുന്ന മനുഷ്യാവകാശ- നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വടക്കേ വയനാട്ടിലെ ഏഴോളം പഞ്ചായത്തുകളിലെയും അയൽ ജില്ലകളിലെയും മദ്യ ഉപഭോക്താക്കൾ ആശ്രയിച്ചിരുന്നത് മാനന്തവാടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റിനെ ആയിരുന്നു. നിലവാരമുള്ള മദ്യം സർക്കാർ നിയന്ത്രണത്തിൽ ലഭ്യമായിരുന്ന പണമരത്തെയും വൈത്തിരിയിലെയും ബീവറേജസ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടിയത് വയനാടിന്റെ ജന ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പരാതിയിൽ ശ്രീജിത് ചൂണ്ടിക്കാട്ടി.

വൈത്തിരി മുതൽ, പനമരം വരെയും അവിടെ നിന്ന്‌നും മാനന്തവാടി വരെയുമുള്ള പ്രദേശങ്ങളിലെ മദ്യ ഉപഭോക്താക്കൾക്ക് ഏക ആശ്രയമായിരിക്കുകയാണ് മാനന്തവാടിയിലെ മദ്യശാല. എന്നാൽ അടിസ്ഥാന സൗകര്യങ്ങളാൽ പൊറുതിമുട്ടുന്ന പ്രസ്തുത ഔട്ട്‌ലെറ്റിനു മുൻപിൽ ഇപ്പോൾ ടൗൺ വരെയെത്തുന്ന ക്യൂവും തിരക്കുമാണ് അനുഭവപ്പെടുന്നത്.

ജനസംഖ്യയിൽ ഭൂരിപക്ഷവും ആദിവാസികൾ തിങ്ങിപ്പാർക്കുന്ന തിരുനെല്ലി, തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട, ഇടവക, മാനന്തവാടി തുടങ്ങിയ പഞ്ചായത്ത് /മുനിസിപ്പാലിറ്റി കളിലെ മദ്യ ഉപഭോക്താക്കൾ നിലവാരമുള്ള മദ്യത്തിനായി ആശ്രയിക്കുന്ന ഏക മദ്യവിപണന കേന്ദ്രമാണ് സർക്കാർ നിയന്ത്രണത്തിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ പണമരത്തെയും വൈത്തിരിയിലെയും ഔട്ട്‌ലെറ്റുകൾ അടച്ചത് മാനന്തവാടിയിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കിയിരിക്കുകയാണ്. ഇതാണ് കർണാടകത്തിൽനിന്ന് വയനാട്ടിലേക്ക് വ്യാജമദ്യം ഒഴുകാനുള്ള കാരണം.

കേരളാ അതിർത്തിയിൽ നിന്നും കേവലം മീറ്ററുകളുടെ മാത്രം അകലെ ബാവലിയിൽ പ്രവർത്തിക്കുന്ന അനധികൃത ബാറുകളിലും മദ്യശാലകളിലും യഥേഷ്ട്ടം വ്യാജ മദ്യങ്ങൾ ലഭ്യമാണ്. അതിർത്തികളിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം മദ്യശാലകളും വിറ്റഴിക്കുന്നത് വ്യാജമായി നിർമ്മിച്ച വിദേശ മദ്യവും, പാക്കറ്റ് ചാരായവുമാണ്. നിലവാരം കുറഞ്ഞ സ്പിരിറ്റിൽ കൃത്രിമ കളറുകൾ ചേർത്ത് വ്യാജമായി നിർമ്മിക്കുകയും പന്നീട് കടലാസ് ഉപയോഗിച്ചുള്ള ഫ്രൂട്ടി പാക്കറ്റുകളിലാക്കി ചെറിയ വിലയ്ക്ക് വില്പനയ്ക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. കർണാടകയുടെ ഭാഗമായ ആനമാളം മച്ചൂർ, കോട്ട തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ വ്യാജമദ്യ നിർമ്മാണത്തിനും പാക്കറ്റ് ചാരായ നിർണമാണത്തിനും ആവശ്യമായ അനധികൃത മദ്യ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് .

കേരള അതിർത്തിയിലെ ചെറിയ പലചരക്കു കടകളിൽ മുതൽ ആദിവാസി ഊരുകളിൽ വരെ ഇത്തരത്തിൽ മദ്യം സ്റ്റോക്ക് ചെയ്ത് വില്പന നടത്താറുണ്ട്. തലച്ചുമടായി കൊണ്ടുവന്നു വീടുകളിൽ സൂക്ഷിച്ച ശേഷം ബോക്‌സുകളിലാക്കി കാടിനുള്ളിലും, റോഡരികിലെ കുറ്റിക്കാടുകളും മറഞ്ഞിരുന്നാണ് വില്പന. മുൻ സർക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായി വയനാട്ടിൽ ഉൾപ്പെടെ ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിയതാണ് അതിർത്തികളിലെ മദ്യ ലോബികൾ മുതലെടുക്കുകയും വ്യാജമദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വലിയ തോതിൽ അനധികൃതമായി വില്പന നടത്തുകയും ചെയ്യുവാനുണ്ടായ കാരണം.

വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അതിർത്തിയിലെ മദ്യ ശാലകളിലേക്ക് എത്തുന്നവരിൽ ഭൂരിപക്ഷം ആളുകളും വിവിധ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ്. മദ്യത്തിന്റെ വിലക്കുറവും ഏത് സമയത്തും ലഭ്യമാണ് എന്നുള്ളതും, പൊലീസ്, എക്‌സൈസ് തുടങ്ങി നിയമപാലകരെ ഭയക്കാതെ റോഡരികിൽ വച്ചും, ഹോട്ടലുകളിൽ വച്ചും, മദ്യശാലകളിൽ വച്ചു തന്നെയും പരസ്യമായി മദ്യപിക്കാം എന്നതും ആദിവാസി വിഭാഗങ്ങളെ കൂടുതലായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.

പത്തു വർഷത്തിലേറെയായി മറ്റൊരു കേരള അതിർത്തിയായ ബാവലിയിൽ മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ ലൈസൻസുകളൊന്നുമില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന അനധികൃത മദ്യശാലകൾ പ്രദേശത്തെ പ്രത്യേകിച്ചും... വയനാട്ടിലെ ആദിവാസി സമൂഹങ്ങളെ പൊതുവിലും കടുത്ത ആരോഗ്യ സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചിരുന്നു. കൂടാതെ വയനാട് വന്യജീവി സങ്കേതത്തിനോടും ചേർന്നും നാഗർഹൊളെ ടൈഗർ റിസർവിനുള്ളിലും പ്രവർത്തിച്ചു വന്നതിനാൽ വന്യ ജീവികളുടെ സോയ്‌ര്യ ജീവിതത്തിനും കടുത്ത വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. കർണാടകയിൽ പ്രവർത്തിക്കുന്ന ഇത്തരം മദ്യശാലകളിൽ നിന്നും നിരന്തരം വ്യാജമദ്യങ്ങൾ കഴിച്ച് നിരവധിയാളുകൾ അകാലത്തിൽ രോഗബാധിതരായ് മരണപ്പെടുകയും.. കിടപ്പിലാകുകയും ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

ഗാന്ധി ജയന്തി ദിനത്തിലുൾപ്പെടെ എല്ലാ ദേശീയ സംസ്ഥാന അവധി ദിവസങ്ങളിലും അതിർത്തികളിൽ മദ്യ വ്യാപാരം നിർലോപം സുഗമമായി നടക്കാറുണ്ട്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് മദ്യ മാഫിയകൾ വില്പന നടത്താറുള്ളത്. ആദിവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളികളാണ് ദിവസേന ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. കേരളത്തിലെ മദ്യനയം മുതലെടുത്തു കൂടുതൽ ബാറുകൾ കർണാടകയുടെ അതിർത്തി പ്രദേശങ്ങളിൽ ആരംഭിക്കുവാനുള്ള മദ്യ മാഫിയകളുടെ ശ്രമങ്ങൾ തകൃതിയായി നടന്നു വരികയാണ്. 17ൽ പരം ബാറുകൾ / മദ്യശാലകൾക്കായുള്ള അപേക്ഷകളാണ് കർണ്ണാടക എക്‌സൈസ് വകുപ്പിൽ മദ്യ ലോബികൾ നൽകിയിരിക്കുന്നത്.

മാന്തവാടിയിലെ ബീവറേജസ് ഒറ്റ്ലെറ്റിന് മുൻപിൽ ആദിവാസികളെ അണിനിരത്തി 200 ദിവസത്തിലേറെയായ് നടത്തിവന്ന സമരങ്ങൾക്ക് പിന്നിൽ കർണ്ണാടകയിലെ മദ്യ ലോബികളുടെ താത്പര്യങ്ങളാണെന്നും പ്രസ്തുത സമരത്തിനായുള്ള ഫണ്ടുകൾ കർണ്ണാടകയിലെ ബാർ മുതലാളിമാർ സ്‌പോൺസർ ചെയ്തതാണെന്നും ചുരുക്കത്തിൽ നടന്നത് ഒരു സ്പോൺസേർഡ് സമരമാണെന്നും ആദിവാസി നേതാക്കൾ ഉൾപ്പെടെ പലരും പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.

സർക്കാർ നിയന്ത്രണത്തിൽ മാന്തവാടിയിൽ പ്രവർത്തിക്കുന്ന ഏക മദ്യശാലയ്ക്കും പൂട്ടുവീണാൽ മദ്യ ഉപഭോക്താക്കളെ മുഴുവൻ കർണ്ണാടകയിലെ മദ്യശാലകളിലേക്ക് ആകർഷിക്കാൻ സാധിക്കും എന്നത് വസ്തുതയാണ്. ബീവറേജസ് ഔട്‌ലെറ്റ് പ്രവർത്തിച്ചിരുന്നപ്പോൾ പോലും വില കുറഞ്ഞ മദ്യത്തിനായി മദ്യപിക്കാൻ ഒരു സ്ഥലത്തിനായ് കർണ്ണാടകയിലേക്ക് സാധാരണക്കാരായ ആദിവാസികളുടെ വലിയ തോതിലുള്ള ഒഴുക്കുണ്ടായിരുന്നു.

മണിക്കൂറുകൾ ഇടവിട്ട് മാനന്തവാടി ഡിപ്പോയിൽ നിന്നും കർണ്ണാടകയിലെ കുട്ടത്തേക്ക് കെഎസ്ആർടിസി നടത്തുന്ന സർവീസുകൾ പ്രധാനമായും മദ്യപരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. മാനന്തവാടിയിലെ മദ്യശാല പൂട്ടിയാൽ പ്രസ്തുത റൂട്ടിൽ സാധാരണക്കാർക്ക് യാത്ര അസഹനീയമാകുമെന്നതിൽ തർക്കമില്ല. ബാവലിയിൽ പ്രവൃത്തിച്ചു വന്ന മദ്യശാലകളിലേക്ക കേരളത്തിലെ ഡ്രൈ ഡേയിൽ മദ്യപരെയും വഹിച്ചുകൊണ്ട് ഗടഞഠഇ നടത്തിയ പ്രത്യേക സർവ്വീസുകൾ മാസങ്ങൾക് മുൻപ് മാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം വാർത്തയായിരിന്നു.

വയനാട് വന്യജീവി സാങ്കേതിനുള്ളിലൂടെ കടന്നു പോകുന്ന അന്തർസംസ്ഥാന പാതകളിൽ രാത്രി ഗതാഗതം നിരോധിച്ചിട്ടില്ലാത്ത ഏക പാത മാനന്തവാടി കുട്ട ആയതിനാൽ മദ്യശാലകളിലേക്കുള്ള മദ്യപരുടെ രാപ്പകൽ ഇടതടവില്ലാത്ത യാത്ര വന്യജീവികളുടെ സോയ്‌ര്യ വിഹാരത്തിന് കടുത്ത വിഘാതം സൃഷ്ട്ടിക്കും.
മാനന്തവാടി കാട്ടിക്കുളം എന്നിവിടങ്ങളിൽ നിന്നും നിലവിൽ ജീപ്പുകൾ ലോക്കൽ സർവ്വീസുകൾ നടത്താറുണ്ട്. 50 രൂപ കൊടുത്താൽ കൂട്ടത്തെ മദ്യശാലകളിൽ കൊണ്ടുപോയി വിടുകയും മദ്യപിക്കാനുള്ള നിശ്ചിത സമയം നൽകി തിരികെ എത്തിക്കുകയും ചെയ്യും. എന്നാൽ മാനന്തവാടിയിലെ മദ്യശാല പൂട്ടുകയാണെങ്കിൽ അനിയന്ത്രിതമായ രീതിയിൽ വന്യജീവി സങ്കേതത്തിനുളിലൂടെയുള്ള ട്രാഫിക് പ്രശ്‌നങ്ങളും., മലിനീകരണ പ്രശനങ്ങളും സംജാതമാകും.

കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ കൂലിയുമായ് കർണ്ണാടകയിലേക്ക് വണ്ടികയറുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള ആളുകൾ വിലകുറഞ്ഞ വ്യാജ മദ്യവും കഴിച്ച് വണ്ടിക്ക് കൂലിക്ക് പണം ഇല്ലാതെ മൃഗങ്ങൾ തിങ്ങി പാർക്കുന്ന കൊടും വനത്തിലൂടെ കാൽനടയായി വരികയും ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുവാനുള്ള സാധ്യതകൾ ഏറെയാണ്. ഇത്തരത്തിൽ വനത്തിലൂടെ മദ്യപിച്ച് നടന്നുവരികയായിരുന്നു പലർക്കും ജീവൻ നഷ്ട്ടപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് സംഭവത്തിന്റെ ഭീതി വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 6 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി ആളുകൾക്ക് പരിക്കുപറ്റിയിട്ടുണ്ട്

മദ്യത്തിന്റെ പൊതുവിലുള്ള ലഭ്യതക്കുറവും, പൊലീസ് എക്‌സൈസ് വകുപ്പുദ്യോഗസ്ഥരുടെ വാഹന പരിശോധന ഉൾപ്പെടെയുള്ള പരിശോധനകളും, വയനാട്ടിലെ പ്രത്യേകിച്ച് ആദിവാസി മേഖലയായ വടക്കേ വയനാടിന്റെ വിവിധ പ്രദേശങ്ങളിലെ ഒരു വലിയ വിഭാഗം ജനങ്ങളെ മദ്യ ഇതര ലഹരികളുടെ വഴികളിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുകയാണ്. കഞ്ചാവ്, ചരസ്, സിറിഞ്ചുകൾ ഉപയോഗിച്ചുള്ള മരുന്നു കുത്തിവയ്‌പ്പ്, വ്യാജ വാറ്റ്, പാമ്പിൻ വിഷം, ഹാൻസ് പാൻ പരാഗ് തുടങ്ങിയ പാൻ മസാലകൾ, വിവിധതരം ഗുളികകൾ, സോഡയും പാരാസിറ്റാമോളും, വ്യാജ കള്ള്, മറ്റ് നാടൻ ലഹരികൾ തുടങ്ങിയവയിലേക്ക് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മാറിക്കൊണ്ടിരിക്കുകയാണെന്നു കണക്കുകളും വാർത്തകളും വ്യക്തമാക്കുന്നു. മണമില്ല എന്നതുകൊണ്ട് തന്നെ എളുപ്പത്തിൽ മറ്റുള്ളവർക്ക് മനസിലാകുകയില്ല എന്നതാണ് പ്രധാനമായും ഇത്തരം ലഹരികളുടെ പ്രത്യേകത. മദ്യത്തിന്റെ ലഭ്യത കുറവും, ചാരായം വാറ്റുന്നത് നിരോധനമുള്ളതും ഇത്തരം ലഹരികളിലേക്ക് ആദിവാസി സമൂഹമുൾപ്പെടെ മാറുന്നതിനു കാരണമായിട്ടുണ്ട്. അതിർത്തികളിലെ മദ്യശാലകളിലും സമീപങ്ങളിലുള്ള ചെറിയ കടകളിലും ഏജന്റുമാർ വഴിയും യാതൊരു മറയുമില്ലാതെ ഇത്തരം ലഹരി വസ്തുക്കൾ ലഭ്യമാണ്.

സർക്കാർ നിയന്ത്രണത്തിൽ നിലവാരമുള്ള മദ്യം ന്യായ വിലയ്ക്ക് ലഭ്യമാകുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് അതിർത്തി പ്രദേശവും അതിലുപരി ആദിവാസി മേഖലയുമായ മാനന്തവാടി പോലുള്ള സ്ഥലങ്ങളിൽ നിലനിർത്തിയില്ലെങ്കിൽ ജോലി ചെയ്ത് ലഭിക്കുന്ന പണം ജീവിതാവശ്യങ്ങൾക്കുപോലും കുടുംബങ്ങളിൽ എത്താത്ത സാഹചര്യം സംജാതമാകും. മാത്രവുമല്ല കിലോമീറ്ററുകൾ അകലെ മദ്യപിക്കുന്നതിനായ് പോകുകയും ചൂതാട്ടത്തിലേക്കും മറ്റ് അനാശ്വാസ്യ പ്രവണതകളിലേക്കും വഴിമാറുവാനും വീടുകളിലേക്കും കുടുംബങ്ങളിലേക്കും തിരികെ എത്താത്ത സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടും.വ്യാജ മദ്യം കഴിച്ച് മാരക രോഗികളായ ആദിവാസി കോളനികളിൽ കഴിയുന്ന ആളുകളുടെയും മരണപ്പെട്ട ആളുകളുടെയും എണ്ണമെടുത്താൽ തന്നെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുന്നതാണ്.കൂടാതെ കള്ളവാറ്റും കഞ്ചാവുൾപ്പെടെയുള്ള മറ്റ് ലഹരികളുമായ് ആദിവാസി ഊരുകളും കോളനികളും അശാന്തിയിലേക്ക് നീങ്ങും.

അതിർത്തിയിൽ പൂട്ടിയ മദ്യശാലകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന ഭൂരിപക്ഷ ആദിവാസി പഞ്ചായത്തായ തിരുനെല്ലി ഭരണസമിതി മൈസൂർ ജില്ലാ കളക്ടർക്ക് അയച്ച കത്തും അഡ്വ ശ്രീജിത്ത് പെരുമന മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.

പ്രാദേശികമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാനന്തവാടിയിൽ പ്രവർത്തിച്ചു വരുന്ന സർക്കാർ നിയന്ത്രണത്തിലുള്ള നിലാവാരമുള്ള മദ്യ വിപണന കേന്ദ്രമായ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് അടിസ്ഥാന സൗകര്യങ്ങളോടുകൂടെ മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കണമെന്നും, സാങ്കേതിക കാരങ്ങളാൽ ജില്ലയിൽ അടച്ചു പൂട്ടിയ ഔട്ട്‌ലെറ്റുകൾ എത്രയും പെട്ടന്ന് തുറന്നു പ്രവർത്തിക്കണമെന്നും അല്ലാത്ത പക്ഷം ആദിവാസികൾ അടക്കമുള്ള ജനവിഭാഗങ്ങളുടെയും,പൊതുജനാരോഗ്യത്തെയും അത് സാരമായ രീതിയിൽ ബാധിക്കുമെന്നും അറിയിക്കട്ടെ. ഘട്ടം ഘട്ടമായി മദ്യവർജ്ജന ബോധവത്കരണത്തിലൂടെ നിലവിലെ സാമൂഹികാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണമെന്നും അപ്രകാരം കാലക്രമേണ മദ്യത്തിന്റെ വിപത്തുകൾ മനസ്സിലാകുന്ന ജനത ക്രമേണ മദ്യ ഉപഭോഗം കുറയ്ക്കുകയും ആ സാഹചര്യത്തിൽ മദ്യശാലകൾ അടച്ചുപൂട്ടുന്നതിനും പൂർണ്ണ മദ്യ വർജ്ജനത്തിലേക്കു സർക്കാരിനും ജനങ്ങൾക്കും പോകാൻ കഴിയുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ അതിലേറെ പ്രാധാന്യമുള്ള വയനാടിന്റെ സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന കർണ്ണാടകത്തിലെ വ്യാജ മദ്യ മാഫിയകളെ നിയന്ത്രിച്ച് അതിർത്തി പ്രദേശങ്ങളെ ലഹരി വിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഡ്വ ശ്രീജിത്ത് പെരുമന പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP