Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാപ്രളയത്തിന്റെ പേരിൽ വന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് തിരഞ്ഞെടുപ്പുകാലത്ത് ചിലർ സർക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാൻ ഉപയോഗിക്കുന്നു; നമ്മുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ലോകംതന്നെ അംഗീകരിച്ചത്; താഴ്‌ത്തിക്കെട്ടാനുള്ള ശ്രമം കേരളീയർ ഒറ്റക്കെട്ടായി പ്രതിരോധിക്കണം; ഡാമുകൾ തുറന്നതല്ല പ്രളയകാരണമെന്ന് തീയതികൾ അക്കമിട്ട് നിരത്തി അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി

മഹാപ്രളയത്തിന്റെ പേരിൽ വന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് തിരഞ്ഞെടുപ്പുകാലത്ത് ചിലർ സർക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാൻ ഉപയോഗിക്കുന്നു; നമ്മുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ലോകംതന്നെ അംഗീകരിച്ചത്; താഴ്‌ത്തിക്കെട്ടാനുള്ള ശ്രമം കേരളീയർ ഒറ്റക്കെട്ടായി പ്രതിരോധിക്കണം; ഡാമുകൾ തുറന്നതല്ല പ്രളയകാരണമെന്ന് തീയതികൾ അക്കമിട്ട് നിരത്തി അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് സർക്കാരിനെതിരെ ജനവികാരം തിരിച്ചു വിടാനുള്ള ശ്രമത്തിനു അമിക്കസ് ക്യൂറി റിപ്പോർട്ട് ചിലർ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തെ കേരളം ഫലപ്രദമായാണ് നേരിട്ടത്. രക്ഷാപ്രവർത്തനങ്ങളേയും ജനങ്ങളാകെ അണിനിരന്ന് പ്രളയത്തെ നേരിട്ടതിനേയും യുഎൻ ഉൾപ്പെടെ ശ്‌ളാഘിച്ചതാണ്. എ്ന്നിട്ടും അമിക്കസ് ക്യൂറി റിപ്പോർട്ട് ചർച്ചയാക്കി സർക്കാരിനെതിരെ ജനങ്ങളെ ഈ തിരഞ്ഞെടുപ്പുകാലത്ത് തിരിച്ചുവിടാൻ ബോധപൂർവം ശ്രമം നടക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

അമിക്കസ് ക്യൂറി എന്നത് കോടതി തേടുന്ന അഭിഭാഷക സഹായം മാത്രമാണെന്നും അതിന് ആധികാരികത നൽകി സർക്കാരിന് വലിയ വീഴ്ച വന്നുവെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു. ലോകത്തെമ്പാടും അംഗീകാരം നേടിയ നമ്മുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ തന്നെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ കേരളീയർ ഒറ്റക്കെട്ടായി തന്നെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. കേരളത്തിലെ ഡാമുകൾ കഴിഞ്ഞ പ്രളയകാലത്ത് എ്‌പ്പോഴൊക്കെയാണ് തുറന്നതെന്നും അതിന് പാലിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയെന്നും ഏതൊക്കെ അറിയിപ്പാണ് നൽകിയതെന്നും അക്കമിട്ട് തീയതി സഹിതം വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദമായ പത്രസമ്മേളനം.

പത്രസമ്മേളനത്തിന്റെ പൂർണരൂപം

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ജനങ്ങളെയാകെ അണിനിരത്തി നടത്തിയ രക്ഷാപ്രവർത്തനം ലോകത്തെമ്പാടുമുള്ള ജനതയുടെ അംഗീകാരം നേടിയിട്ടുള്ളതാണ്. ഈ രക്ഷാപ്രവർത്തനത്തെ യു.എൻ തന്നെ ഏറെ ശ്ലാഘിച്ചിട്ടുണ്ട്. പ്രളയത്തിന്റെ ദുരിതങ്ങളിൽ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയുമാണ്.

ഈ ഘട്ടത്തിലാണ് ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു റിട്ട് വരികയും അതിന്റെ അടിസ്ഥാനത്തിൽ ഒരു അമിക്കസ്‌ക്യൂറിയെ കോടതി നിയമിക്കുകയും ചെയ്തത്. അമിക്കസ്‌ക്യൂറി ഒരു റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുകയുണ്ടായി. അമിക്കസ്‌ക്യൂറി ഒരു കേസിൽ റിപ്പോർട്ട് നൽകുമ്പോൾ സാധാരണ നിലയ്ക്ക് അത് ചർച്ചയാവേണ്ടതില്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയിലെ അംഗങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായാണ് സുപ്രീംകോടതി വിധി പറഞ്ഞത്.-മുഖ്യമന്ത്രി പറഞ്ഞു.

അമിക്കസ്‌ക്യൂറി റിപ്പോർട്ട് കോടതിയിൽ നൽകിയപ്പോൾ തന്നെ അത് വിവിധ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. റിപ്പോർട്ട് നൽകുക എന്നത് ഒരു സാധാരണ നടപടിയായതുകൊണ്ടാണ് ഇതുസംബന്ധിച്ച് സർക്കാർ പ്രതികരിക്കാതിരുന്നത്. എന്നാൽ ഇന്നത്തെ പത്രങ്ങളിലെല്ലാം റിപ്പോർട്ടിന്റെ ഭാഗങ്ങളെന്ന നിലയിൽ കുറേ കാര്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനം നേരിട്ട ഈ ദുരന്തത്തെ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ സർക്കാരിനെതിരായി തിരിച്ചുവിടാൻ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ പലതും നേരത്തേ തന്നെ ചിലർ ഉന്നയിച്ചപ്പോൾ ഇത് സംബന്ധിച്ച് സർക്കാർ നിയമസഭയിലും വാർത്താ സമ്മേളനങ്ങളിലും വസ്തുത വ്യക്തമാക്കിയതാണ്. നേരത്തെ ഉന്നയിച്ച അത്തരം കാര്യങ്ങൾ തന്നെയാണ് ഇന്നത്തെ പത്രമാധ്യങ്ങളിലും പൊതുവിൽ കണ്ടത്. എങ്കിലും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുവാനുള്ള ഇടപെടൽ എന്ന നിലയിൽ ഉന്നയിച്ച കാര്യങ്ങളെ സംബന്ധിച്ച് വീണ്ടും വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

അമിക്കസ്‌ക്യൂറി എന്നത് റിട്ട് പെറ്റീഷനുമേൽ തീരുമാനമെടുക്കാൻ കോടതി തേടുന്ന അഭിഭാഷക സഹായം മാത്രമാണ്. കോടതിക്ക് നേരിട്ടുചെന്ന് ശേഖരിക്കാൻ കഴിയാത്ത ചില വിവരങ്ങൾ സമാഹരിക്കാനുള്ള ഒരു സംവിധാനം മാത്രമാണത്. അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട് കൊള്ളാനോ തള്ളാനോ ഉള്ള അധികാരം കോടതിക്കുണ്ട്. അതായത് ഇത് കോടതിയുടെ നിരീക്ഷണമോ നിഗമനമോ പരാമർശമോ പോലുമല്ല.

അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളിൽനിന്നും വിവരമാരാഞ്ഞോ അവർക്കു പറയാനുള്ളത് കേട്ടശേഷമോ അല്ല റിപ്പോർട്ട് തയ്യാറാക്കിയത് എന്ന ചർച്ചയും ഉയർന്നുവന്നിട്ടുണ്ട്. അങ്ങേയറ്റത്തെ ശാസ്ത്രീയ-സാങ്കേതികജ്ഞാനം ആവശ്യമുള്ള വിഷയമാണിത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലകമ്മീഷനും ചെന്നൈ ഐഐടി പോലുള്ള സംവിധാനങ്ങളും മഴയുടെ അമിതമായ വർദ്ധനവാണ് വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുള്ളത് എന്ന ശാസ്ത്രീയ നിഗമനത്തിലെത്തിയിട്ടുണ്ട്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സമൂഹമാകെ പൊതുവിലും സാങ്കേതികജ്ഞാനമുള്ള വിദഗ്ധ സമിതികൾ പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയെ ആത്മാർത്ഥമായി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതിയെ സഹായിക്കാൻ നിയോഗിച്ച അഭിഭാഷകന്റെ റിപ്പോർട്ടാണ് യാഥാർത്ഥ്യമെന്ന് പ്രചരിപ്പിക്കുന്നത്. ഇത് ബഹുമാനപ്പെട്ട കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഇക്കാര്യത്തിൽ അന്തിമവിധി പറയേണ്ടതും തീരുമാനിക്കേണ്ടതും അമിക്കസ്‌ക്യൂറി അല്ല, കോടതിയാണ് എന്ന യാഥാർത്ഥ്യമാണ് ഇവർ മറച്ചുവെയ്ക്കുന്നത്. യഥാർത്ഥത്തിൽ മെയ് 16 മുതൽ കേരളത്തിൽ മഴക്കാല പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ജില്ലാ - സംസ്ഥാന തലത്തിലും വിവിധ യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. പ്രളയ സമയത്ത് ഒരോ ദിവസവും സംസ്ഥാന തലത്തിൽ തന്നെ മോണിറ്ററിങ് സംവിധാനവും പ്രവർത്തിച്ചു.

പ്രളയത്തോത് നിയന്ത്രണത്തിന് ഡാമുകൾ ഉപയോഗിച്ചില്ലെന്ന വിമർശനം

ഇക്കാര്യത്തിൽ വസ്തുത വ്യത്യസ്തമാണ്. ഇടുക്കി അണിക്കെട്ടിന്റെ പൂർണ്ണ സംഭരണ നിരപ്പ് 732.43 മീറ്ററാണ്. 2018 ഓഗസ്റ്റ് 10 ന് ഇടുക്കി അണക്കെട്ടിലെ നിരപ്പ് 731.82 മീറ്റർ മാത്രമാണ്. വെള്ളം ഒഴുക്കിവിട്ട് ഓഗസ്റ്റ് 13 നകം 730 മീറ്ററിലേക്ക് സംഭരണ നിരപ്പ് താഴ്‌ത്തുന്നുണ്ട്. പെരുമഴ ഉണ്ടാകുന്നതിന് മുമ്പ് സംഭരണ നിരപ്പ് താഴ്‌ത്തി അധികജലം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി കൈവരിച്ചിരുന്നു. ഈ സമയത്ത് സംസ്ഥാനത്ത് ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ട ശരാശരി മഴ 98.5 മില്ലീമീറ്ററായിരുന്നു. ഈ മഴയിലെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിൽ ഉണ്ടായിരുന്നുവെന്ന് ചുരുക്കം. അതിനാൽ പ്രവചിക്കപ്പെട്ട മഴമൂലമുള്ള പ്രളയത്തിന്റെ തോത് നിയന്ത്രിക്കുന്നതിന് ഡാമുകൾ സജ്ജമായിരുന്നു.

പ്രളയ സമയത്ത് ഡാമിലേക്ക് വന്നിട്ടുള്ള വെള്ളത്തിന്റെ ഒരു വലിയ പങ്ക് ഡാമുകളിൽ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്നവ മാത്രമാണ് തുറന്നുവിട്ടത്. ഉദാഹരണമായി പെരുമഴയുടെ സമയത്ത് ഇടുക്കി ഡാമിൽ 2800 മുതൽ 3000 വരെ ഘനമീറ്റർ വെള്ളം വന്നുചേർന്നിരുന്നു. എന്നാൽ ഈ സമയത്ത് പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റർ വെള്ളം മാത്രമാണ്.

ഓഗസ്റ്റ് 9 മുതൽ 22 വരെ ഇടുക്കി റിസർവോയറിലേക്ക് ഒഴുകിയെത്തിയ 999 ദശലക്ഷം ഘനമീറ്റർ വെള്ളത്തിൽ പുറത്തേക്കൊഴുക്കിയത് 827 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ്. കക്കി-ആനത്തോട് ഡാമിൽ ഈ ഘട്ടത്തിൽ എത്തിച്ചേർന്നത് 425 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. പുറത്തേക്കൊഴുക്കിയത് 379 ദശലക്ഷം ഘനമീറ്ററും. ഇടമലയാർ ഡാമിൽ 646 ദശലക്ഷം ഘനമീറ്റർ വെള്ളമെത്തിച്ചേർന്നപ്പോൾ പുറത്തേക്കൊഴുക്കിയതാവട്ടെ 590 ദശലക്ഷം ഘനമീറ്റർ വെള്ളവും. അതായത് അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ വെള്ളത്തിന്റെ ഒരു പങ്ക് ഡാമുകൾ തടഞ്ഞ് നിർത്തുകയായിരുന്നു. ഈ അധിക ജലത്തെയും ഡാമുകൾ തടഞ്ഞുനിർത്തിയില്ലായിരുന്നുവെങ്കിൽ പ്രളയത്തിന്റെ കെടുതി ഇതിലും ശക്തമാകുമായിരുന്നു.

പമ്പയിലെ കണക്ക് പരിശോധിച്ചാൽ ഒഴുകിയെത്തിയ ആകെ വെള്ളത്തിൽ ഡാമുകളുടെ പങ്ക് 30 ശതമാനത്തിൽ താഴെയായിരുന്നു. ഒഴുകിയെത്തിയ വെള്ളത്തിന്റെ 12 ശതമാനം മാത്രമാണ് ബാണാസുരസാഗർ തടഞ്ഞുവെച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് ഡാം മാനേജ്‌മെന്റിന്റെ പിശകാണ് ഈ ദുരന്തത്തിന്റെ കാരണത്തിലേക്ക് നയിച്ചതെന്ന വാദത്തിന്റെ പൊള്ളത്തരമാണ്.

ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്ന് പെരിയാറിലേക്ക് പരമാവധി ഒഴുക്കി വിട്ട വെള്ളം 2900 ഘനമീറ്റർ മാത്രമാണ്. ഇതിൽ രണ്ടും എത്തിച്ചേർന്ന ഭൂതത്താൻകെട്ട് ബാരേജിൽ നിന്ന് പുറത്തുവന്നത് 7700 ഘനമീറ്റർ വെള്ളവും. അതായത് 4800 ഘനമീറ്റർ വെള്ളം മേൽ ഡാമുകളിൽ നിന്നല്ലാതെ ഭൂതത്താൻകെട്ടിലെത്തിയിട്ടുണ്ട്. ഭൂതത്താൻകെട്ടിന് താഴ് ഭാഗങ്ങളിലുള്ള മഴകൂടി കണക്കിലെടുത്താൽ പ്രളയമുണ്ടാക്കിയത് അതി ശക്തമായ മഴയാണെന്ന് വ്യക്തമാകും. അച്ചൻകോവിൽ, മീനച്ചിലാർ, ചാലിയാർ തുടങ്ങിയ പുഴകളിൽ ഡാമില്ല. ഡാമുകളില്ലാത്തിടത്ത് വെള്ളപ്പൊക്കമുണ്ടായത് ഡാം നിയന്ത്രണത്തിൽ വന്ന പോരായ്മയാണെന്ന് പറഞ്ഞുകളയരുത് എന്ന ഒരു അഭ്യർത്ഥന കൂടിയുണ്ട്.

പെരുമഴയ്ക്ക് മുമ്പേ ഡാമുകൾ തുറന്നില്ലെന്നത് പച്ചക്കള്ളം

പെരുമഴയ്ക്ക് മുമ്പേ ഡാമുകൾ തുറന്നില്ലെന്നും പെരുമഴയ്ക്കിടയിൽ ഒരേ സമയം ഡാമുകൾ തുറന്നെന്നുമുള്ള വാദമാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിൽ ജലസേചനവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും ഉടമസ്ഥതയിൽ ആകെ 82 അണക്കെട്ടുകളും ബാരേജുകളുമാണ് ഉള്ളത്. ഇതിൽ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ഓഗസ്റ്റ് 9 ന് മുമ്പ് തന്നെ തുറന്നിട്ടുണ്ട്. അവയുടെ തീയ്യതി പരിശോധിച്ചാൽ ഇത് വ്യക്തമാകും.

ജലവിഭവ വകുപ്പിന്റെ ഡാമുകളിൽ കാരാപ്പുഴ ഡാം തുറന്നത് ജൂൺ ഒന്നിനാണ്. നെയ്യാർ, മംഗലം, പെരുവണ്ണാമുഴി എന്നീ മൂന്ന് ഡാമുകൾ ജൂൺ 14-ാം തീയ്യതിയാണ് തുറന്നത്. ജുലൈ 19-ാം തീയ്യതിയാണ് കല്ലട, മലങ്കര എന്നീ ഡാമുകൾ തുറന്നത്. ജൂലൈ 27-ാം തീയ്യതി പീച്ചിയും ജുലൈ 31-ാം തീയ്യതി പോത്തുണ്ടിയും തുറന്നു. ഓഗസ്റ്റ് ഒന്നാം തീയ്യതി മലമ്പുഴ ഡാമും, രണ്ടാം തീയ്യതി വാഴാനിഡാമും തുറന്നുവിട്ടു. ഓഗസ്റ്റ് പത്താം തീയ്യതിയാണ് ചിമ്മിനി ഡാം തുറന്നത്. ഓഗസ്റ്റ് 13-ാം തീയ്യതി മീൻകരയും 14-ാം തീയ്യതി ചുള്ളിയാറും വാഴയാറും തുറന്നു. ശിരുവാണി ഡാമാവട്ടെ ഗെയ്റ്റില്ലാത്തതിനാൽ ഒരിക്കലും അടക്കാറില്ല. കാഞ്ഞിരപ്പുഴയാവട്ടെ അറ്റകുറ്റപണികളാൽ ഈ സീസണിൽ അടച്ചിട്ടേയില്ല. ഭൂതത്താൻകെട്ട്, മണിയാർ, പഴശ്ശി ബാരേജുകളും മെയ്, ജൂൺ മാസങ്ങളിലായി തുറന്നുകിടക്കുകയുമായിരുന്നു.

വൈദ്യുതി ബോർഡിന്റെ പ്രധാന ഡാമുകളുടെ സ്ഥിതി പരിശോധിച്ചാലും സ്ഥിതി സമാനമാണ്. ജൂൺ മാസത്തിൽ മൂന്ന് ഡാമുകളും ജുലൈ മാസത്തിൽ 13 ഡാമുകളും തുറന്നു. ഇടുക്കി, പമ്പ, ആനത്തോട് എന്നീ ഡാമുകൾ ഓഗസ്റ്റ് 10 ന് മുമ്പ് തുറക്കുകയുണ്ടായി. ഇങ്ങനെ വൈദ്യുതി ബോർഡിന്റെ ഡാമുകളും തുറന്നുവിട്ടത് വ്യത്യസ്ത സമയങ്ങളിലാണ്.

അതായത് ഓഗസ്റ്റ് 14 മുതൽ 16 വരെ പെരുമഴ പെയ്യുന്നതിനിടയിൽ പെട്ടെന്ന് ഒരേ സമയം ഡാമുകൾ തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി എന്ന വാദം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. പെരുമഴയ്ക്ക് മുമ്പ് തന്നെ ഡാമുകൾ തുറന്നില്ല എന്ന് പ്രചരിപ്പിക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണ് എന്ന് കാണാം.

വലിയ പ്രളയം ഉൾക്കൊള്ളാൻ നദികൾക്ക് ശേഷിയില്ല

2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികൾക്കുള്ളൂ. എന്നാൽ 14000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഓഗസ്റ്റ് 14 ന് ശേഷമുള്ള പെരുമഴക്കാലത്ത് മഴയിലൂടെ ഒഴുകിയെത്തിയത്. പ്രളയത്തെ സംബന്ധിച്ച് ശാസ്ത്രീയമായി പഠനങ്ങൾ നടത്തുന്ന ആധികാരിക ഏജൻസിയായ കേന്ദ്ര ജലകമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ 19 വരെ കേരളത്തിലെ ആകെ മഴയിൽ 362% വർധനവാണ് ഉണ്ടായത്. ഇടുക്കിയിൽ മാത്രം ഇത് 568% അധികമായിരുന്നു. അതായത് ഈ മഴയിൽ ഒഴുകിയെത്തിയ വെള്ളം ഉൾക്കൊള്ളാൻ നമ്മുടെ നദികൾക്ക് കഴിഞ്ഞില്ല. ഇതാണ് പ്രളയമുണ്ടാക്കിയതെന്ന് സാമാന്യയുക്തിയുള്ളവർക്ക് മനസ്സിലാകും. ഇതേ സമയം തന്നെ കടൽ നിരപ്പ് ശരാശരിയിൽ നിന്നും ഓഗസ്റ്റ് 10-ാം തീയ്യതി മുതൽ അസ്വാഭാവികമായ വേലിയേറ്റം മൂലം ഉയർന്ന് നിൽക്കുകയും അതിനാൽ കരയിൽ നിന്ന് കടലിലേക്ക് ജലം ഒഴുകുന്നത് നിർണ്ണായകമായ നിലയിൽ തടയപ്പെടുകയും ചെയ്തിരുന്നു.

മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നെന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കൃത്യമായ മുന്നറിയിപ്പ് ഇക്കാര്യത്തിൽ നൽകിയതായി കാണാം. മലമ്പുഴ, പീച്ചി, ചിമ്മിണി, കല്ലട ഉൾപ്പെടെയുള്ള ജലസേചന വകുപ്പിന്റെ എല്ലാ ഡാമുകളും ജാഗ്രതാനിർദ്ദേശത്തോടെ തന്നെയായിരുന്നു തുറന്നത്. ഇടുക്കി, ഇടമലയാർ, പമ്പ, കക്കി, ആനത്തോട് തുടങ്ങിയ വൈദ്യുതി വകുപ്പിന്റെ പ്രധാന ഡാമുകളിലെല്ലാം വിവിധ തരത്തിലുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകൾ മാധ്യമങ്ങൾ തന്നെ അതാത് സമയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൃത്യമായ മുന്നറിയിപ്പുകൾ നൽകി

ബ്ലൂ, ഓറഞ്ച്, റെഡ് അലെർട്ടുകൾ ഒരോ സമയങ്ങളിലായി നൽകി തന്നെയാണ് ഡാമുകൾ തുറന്നത്. ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകൾ തുറക്കുമ്പോൾ സർക്കാർ സ്വീകരിച്ച മുൻകരുതലിനെ അന്ന് മാധ്യമങ്ങൾ തന്നെ പ്രശംസിച്ചതാണ്. നദികളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല എന്നതുൾപ്പെടെയുള്ള മുന്നറിയിപ്പുകൾ തന്നെയാണ് നൽകിയത്. സെൽഫി എടുക്കുന്നവരെ പോലും പരിഗണിച്ചുകൊണ്ടുള്ള മുന്നറിയിപ്പായിരുന്നു ഇത്.

ആളുകളെ മാറ്റിതാമസിപ്പിക്കാനും ജാഗ്രതാ നിർദ്ദേശം നൽകാനും കളക്ടർ മുതലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃത്യമായി തന്നെ രംഗത്തുണ്ടായിരുന്നു. സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും ഭരണതലത്തിലുള്ളവർ ജനങ്ങളെ മഴയുടെ തീവ്രത ബോധ്യപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും വെള്ളം പാഞ്ഞുകയറുകയാണെന്നും പത്രസമ്മേളനങ്ങളിലൂടെയും വ്യക്തമാക്കിയത് മാധ്യമ സുഹൃത്തുക്കൾ ഓർക്കുന്നുണ്ടാവും.

കേരളത്തിലെ പ്രധാന അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ സംബന്ധിച്ച് ജുലൈ 29 ന് തന്നെ വൈദ്യുതി ബോർഡ് യോഗം ചേർന്ന് വിശദമായ പ്രവർത്തനരേഖ ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ചിരുന്നു. പ്രളയ വേളയിൽ അണക്കെട്ടുകൾ പ്രവർത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായ ധാരണ അണക്കെട്ടുകളുടെ നിയന്ത്രണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇതിനുപുറമെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേർന്ന് രാത്രി സമയത്ത് പൊതുസുരക്ഷ പരിഗണിച്ച് അണക്കെട്ടുകൾ പുതുതായി തുറക്കരുത് എന്നും തീരുമാനിച്ചിരുന്നു.

കേരളത്തിൽ അണക്കെട്ടുകളുടെ എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചത് കേന്ദ്ര ജലകമ്മീഷനും ലോകബാങ്കും സഹകരിച്ചുകൊണ്ട് ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് (ഡി.ആർ.ഐ.പി) എന്ന പദ്ധതിയിൽ നിന്നാണ്. രാജ്യത്താകമാനം ഈ പ്രവർത്തനം ആരംഭിച്ചതും ഇതേ കാലയളവിലാണ്. എമർജൻസി ആക്ഷൻ പ്ലാൻ (ഇ.എ.പി) സൃഷ്ടിക്കാൻ ആവശ്യമായ മാർഗരേഖകൾ കേന്ദ്ര ജലകമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത് ഫെബ്രുവരി 2016 ലാണ്. ഈ മാർഗരേഖ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ചുവരുന്നു. കേരളത്തിലെ 21 പ്രധാന ഡാമുകളിൽ 20 എണ്ണത്തിന്റെയും എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കി കേന്ദ്ര ജലകമ്മീഷന് നൽകുകയും ഇവയിൽ 8 എണ്ണം കേന്ദ്ര ജലകമ്മീഷൻ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ 7 ഉം ഇടുക്കി ജില്ലയിലാണ്. ജലകമ്മീഷന്റെ മാർഗരേഖയിൽ പരാമർശിക്കുന്ന 5 സ്റ്റേജ് നടപടികളും അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുകൾ മാത്രം ആശ്രയിച്ചുവെന്ന വാദവും ഉയർന്നുവന്നിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് സംസ്ഥാനം ആശ്രയിക്കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെയാണ്. രാജ്യം പിന്തുടരുന്ന ഫെഡറൽ ഘടനയ്ക്കകത്ത് സംസ്ഥാന സർക്കാരിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ സ്വീകരിക്കുക സാധ്യമല്ല. ലഭിക്കുന്ന മുന്നറിയിപ്പുകൾ ശരിയാണോ അല്ലയോ എന്ന് ചോദ്യം ചെയ്യാനുള്ള അവകാശവും സംസ്ഥാനത്തിനില്ല. ആ മുന്നറിയിപ്പുകൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന് ചെയ്യാനാവുക. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ വലിയ വ്യതിയാനം സംഭവിച്ചുവെന്ന സത്യം ഭംഗ്യന്തരേണ അംഗീകരിക്കുകയാണ് ചെയ്യുന്നത് എന്നും വ്യക്തം. എന്നാൽ അതിന്റെയും പഴി സംസ്ഥാനത്തിനുമേൽ ചാർത്താനുള്ള ശ്രമം നിയമപരമല്ലാത്തതും യുക്തിരഹിതവുമാണ്.

പ്രളയത്തിന്റെ ഘട്ടത്തിൽ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ ഇത്തരം വാദക്കാരുടെ മുന അന്നേ ഒടിഞ്ഞതാണ്. അവർ വ്യക്തമാക്കിയ ഒരു കാര്യം ഒരിക്കൽ കൂടി ശ്രദ്ധയിൽപ്പെടുത്തട്ടെ. 2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികൾക്കുള്ളൂ. എന്നാൽ 14000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് മഴയിലൂടെ ഒഴുകിയെത്തിയതെന്നും കേന്ദ്ര ജലകമ്മീഷൻ വ്യക്തമാക്കിയിരുന്നു.

പ്രളയം നിയന്ത്രിക്കാൻ ശേഷിയുള്ള ഡാമുകൾ കേരളത്തിൽ ഇല്ല

ജലകമ്മീഷന്റെ മറ്റൊരു നിഗമനവും ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കട്ടെ. പ്രളയം നിയന്ത്രിക്കാൻ മാത്രം ശേഷിയുള്ള ജലസംഭരണികൾ കേരളത്തിലില്ല എന്നതാണത്. അതുകൊണ്ട് അണക്കെട്ടുകൾ ഇല്ലാതാക്കുകയല്ല, അച്ചൽ കോവിൽ, മീനച്ചിലാർ തുടങ്ങിയ നദികളിൽ കൂടി അണകെട്ടി വെള്ളം സംഭരിക്കുന്ന കാര്യം ആലോചിക്കുകയാണ് വേണ്ടതെന്നും കമ്മീഷൻ വ്യക്തമാക്കുകയാണ് ചെയ്തത്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയുന്ന വിധം ജലസംഭരണം മെച്ചപ്പെടുത്തണമെന്ന പാഠം കൂടി നൽകുകയാണ് ചെയ്തത് എന്നതും ഓർമ്മിപ്പിക്കട്ടെ.

പ്രളയ ദുരന്തത്തെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ പഠനറിപ്പോർട്ടിനെ ഗൗരവമായി കണ്ടുകൊണ്ട് അതിലെ കണ്ടെത്തലുകളെയും ശിപാർശകളെയും അവലോകനം നടത്തി നിർദ്ദേശങ്ങളും പരിഹാരമാർഗങ്ങളും സമർപ്പിക്കാൻ ഒരു ഉന്നത തല സംയുക്ത സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആ സമിതിയുടെ നിർദ്ദേശങ്ങളും ശിപാർശകളും കണക്കിലെടുത്തുകൊണ്ട് നടപടികളും സ്വീകരിച്ചിരുന്നു. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ.

1. 200 MCM (Million Cubic Meter) നു മുകളിൽ സംഭരണശേഷിയുള്ള റിസർവയറുകൾക്ക് പ്രളയജല നിയന്ത്രണത്തിനായി ഞൗഹല ഈൃ്‌ല രൂപീകരിക്കേണ്ടതുണ്ട്. ഇതിൽ ഇടുക്കി റിസർവയറിന്റെ ഞൗഹല ഈൃ്‌ല ന്റെ കരട് കേന്ദ്ര ജലകമ്മീഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. മറ്റു റിസർവയറുകളുടെ ഞൗഹല ഈൃ്‌ല ഉം തയ്യാറാക്കി അംഗീകാരത്തിന് നൽകാൻ നിശ്ചയിക്കുകയും ചെയ്തു.
2. പെരിയാർ, പമ്പ, അച്ചൻകോവിൽ, ചാലക്കുടി എന്നീ നദീതടങ്ങളിൽ വെള്ളപ്പൊക്ക നിയന്ത്രണ അണക്കെട്ടുകൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും സമർപ്പിക്കേണ്ടതാണ് എന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ നടത്തിയ നടപടികളെ മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തിൽ വാർത്തകൾ നൽകുന്നതിനുമെങ്കിലും മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതായിരുന്നു.

ഭാവിയിൽ ഒരു പ്രളയം ഉണ്ടായാൽ അതിനെ മറികടക്കാൻ കഴിയുന്നവിധത്തിലുള്ള പുനർനിർമ്മാണമാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. കേരളത്തിന്റെ പാരിസ്ഥിതികമായ സവിശേഷതകൾ കണക്കിലെടുത്തുകൊണ്ടുള്ള പുനർനിർമ്മാണമെന്ന കാഴ്ചപ്പാട് ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുവയ്ക്കുന്നത്. കേരള പുനർനിർമ്മാണ പദ്ധതി ഇത്തരമൊരു ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും ഡാമുകളുടെ റിസർവോയർ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ക്രമീകരിച്ചുകൊണ്ടും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുനർനിർമ്മാണ പദ്ധതി വിഭാവനം ചെയ്യുന്നു.

പ്രളയത്തിന്റെ ദുരിതങ്ങളെ ഒറ്റക്കെട്ടായി നാം നേരിടുകയും അത് ലോകശ്രദ്ധ തന്നെ നേടിയെടുക്കുകയും ചെയ്തതാണ്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി സാലറി ചലഞ്ച് പോലുള്ള പദ്ധതികൾ മുന്നോട്ടുവച്ചപ്പോഴും അതിനെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ ഇത്തരം പ്രചരണങ്ങളുമായി രംഗത്തുവരികയാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങളെ തടഞ്ഞവരും വിദേശ മലയാളികളുടെ സഹായങ്ങൾ സംഭരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച രാഷ്ട്രീയ ശക്തികളും തെറ്റായ പ്രചരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത് നാടിനോടുള്ള താത്പര്യമല്ല. മറിച്ച് തിരഞ്ഞെടുപ്പിന്റെ വേളയിൽ രാഷ്ട്രീയ ലാഭം നേടാനുള്ള ഇടപെടലാണെന്ന് പ്രബുദ്ധരായ മലയാളികൾ തിരിച്ചറിയുക തന്നെ ചെയ്യും.

മലയാളിയുടെ സാംസ്‌കാരികവും നവോത്ഥാനപരവുമായ പാരമ്പര്യങ്ങളും അത് സൃഷ്ടിച്ച കൂട്ടായ്മയുമാണ് ഇത്തരമൊരു ദുരന്തത്തെ മറികടക്കുന്നതിന് നമുക്ക് കരുത്തായി തീർന്നത്. ഈ ദുരന്തത്തെ അതിജീവിക്കുന്നതിന് കൈ-മെയ് മറന്ന് പ്രവർത്തിച്ച എല്ലാ വിഭാഗം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം പ്രചരണങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ലോകത്തെമ്പാടും അംഗീകാരം നേടിയ നമ്മുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ തന്നെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ കേരളീയർ ഒറ്റക്കെട്ടായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. ഇത്തരം പ്രചരണങ്ങൾ കേരളീയർ ഒന്നായി മറികടന്ന പ്രവർത്തനങ്ങളെ തന്നെ ഇകഴ്‌ത്തിക്കെട്ടുന്നതിനുള്ള ഇടപെടലാണെന്നും തിരിച്ചറിയണം- മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP