Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജലപീരങ്കികളിൽ നിന്നും വെള്ളം ചീറ്റിച്ചു ജലഅഭിവാദ്യം നൽകി ആദ്യ വിമാനത്തിന് സ്വീകരണം; യാത്രക്കാരെയും വിമാന ജീവനക്കാരെയും സ്വീകരിച്ചത് മുഖ്യമന്ത്രി പിണറായി; ലോകത്തെ മികച്ച വിമാനത്താവളങ്ങളോട് മത്സരിക്കാൻ പോന്ന വിധമൊരുക്കിയ കൊച്ചിയിലെ അത്യാധുനിക രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം ചെയ്തത് ഇങ്ങനെ

ജലപീരങ്കികളിൽ നിന്നും വെള്ളം ചീറ്റിച്ചു ജലഅഭിവാദ്യം നൽകി ആദ്യ വിമാനത്തിന് സ്വീകരണം; യാത്രക്കാരെയും വിമാന ജീവനക്കാരെയും സ്വീകരിച്ചത് മുഖ്യമന്ത്രി പിണറായി; ലോകത്തെ മികച്ച വിമാനത്താവളങ്ങളോട് മത്സരിക്കാൻ പോന്ന വിധമൊരുക്കിയ കൊച്ചിയിലെ അത്യാധുനിക രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം ചെയ്തത് ഇങ്ങനെ

നെടുമ്പാശേരി: കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇന്നലെ ഒരു പുതിയ നാഴികകല്ലായിരുന്നു പിറന്നത്. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളോട് കിടപിടിക്കാൻ പോന്ന വിധത്തിൽ അത്യാധുനിക സജ്ജീകരണങ്ങളുമായി നെടുമ്പാശ്ശേരിയിലെ പുതിയ വിമാനത്താവള ടെർമിനൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ലോകത്തെ അസൂയപ്പെടുത്തും വിധത്തിൽ കേരളം ഒരുക്കിയ വിമാനത്താവള ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്നലെ വൈകിട്ട് 4.35നു മസ്‌കറ്റിൽ നിന്നുള്ള ജെറ്റ് എയർവേയ്‌സ് വിമാനം ടി 3 ടെർമിനലിന്റെ ഏപ്രണിൽ എത്തിയതോടെയാണ് പുതു ചരിത്രം പിറന്നത്.

രാജ്യാന്തര ടെർമിനലിലേക്ക് ആദ്യമെത്തിയ വിമാനത്തിന് ഊഷ്മള സ്വീകരണമാണ് നൽകിയത്. ജലപീരങ്കികളിൽ നിന്നു വെള്ളം ചീറ്റിച്ചു ജല അഭിവാദ്യം നൽകിയാണ് ആദ്യ വിമാനത്തെ സ്വീകരിച്ചത്. യാത്രക്കാരെയും വിമാന ജീവനക്കാരെയും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. ആദ്യമിറങ്ങിയ യാത്രക്കാരനായ ആനന്ദിന് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. ടെർമിനലും ദേശീയപാതയിൽ നിന്നുള്ള നാലുവരിപ്പാതയും മേൽപാലവും സൗരോർജ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഒന്നാം ഘട്ടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മാത്രം ആവശ്യമാണെന്ന കാഴ്ചപ്പാടു മാറിയതാണു വികസന കാര്യത്തിൽ സംഭവിച്ച വലിയ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്ന രീതി മികച്ച നിലയിൽ പ്രാവർത്തികമാക്കാൻ കേരളത്തിനു കഴിഞ്ഞു. ജനകീയ പങ്കാളിത്തം കൊണ്ടു വിമാനത്താവളം പോലും സാധ്യമാക്കാമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണു കൊച്ചി ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡ് (സിയാൽ). രാജ്യത്തിന് അഭിമാനമായി മാറാൻ ഈ വിമാനത്താവളത്തിനു കഴിഞ്ഞു. ആറു മാസത്തിനകം കണ്ണൂർ വിമാനത്താവളം കൂടി യാഥാർഥ്യമാകുന്നതോടെ കേരളത്തിൽ നാലു വിമാനത്താവളങ്ങളാകും.

ശബരിമലയുമായി ബന്ധപ്പെട്ട് ഒരു വിമാനത്താവളം കൂടി വേണമെന്നു സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. എവിടെ വേണമെന്ന കാര്യത്തിൽ പഠനം നടക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും വലിയ വിമാനങ്ങൾ ഇറക്കാൻ പറ്റില്ലെന്ന നിലപാടിലാണു ഡിജിസിഎ. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സർക്കാർ. ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്തും അയച്ചിട്ടുണ്ട്. സിയാൽ ആരംഭിക്കുമ്പോൾ പല തടസ്സങ്ങളുമുണ്ടായിരുന്നു.

ക്ലേശകരമായ ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള മനസ്സും അർപ്പണബോധവും അഴിമതി രഹിതവുമായ പ്രവർത്തനമാണ് അത്തരം സന്ദർഭങ്ങളിൽ ആവശ്യം. സാധാരണ ഗതിയിൽ ലാഭം സ്വകാര്യവൽക്കരിക്കുകയും നഷ്ടം സാമൂഹികവൽക്കരിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാൽ, സിയാൽ അങ്ങനെയല്ല. കഴിഞ്ഞ സാമ്പത്തിക വർഷം 524.54 കോടി രൂപ വരുമാനവും 175 കോടി രൂപ ലാഭവുമുണ്ടാക്കിയ സിയാൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾക്കായി കോടികളാണു നൽകുന്നത്.

ശുചിത്വ മിഷനു നാലു കോടി രൂപയും എറണാകുളം മെഡിക്കൽ കോളജ് ബ്ലോക്ക് നിർമ്മാണത്തിന് 10 കോടിയും നാലു പഞ്ചായത്തുകളിലെയും അങ്കമാലി മുനിസിപ്പാലിറ്റിയിലെയും ജലനിധി പദ്ധതിക്കായി 17 കോടിയും നൽകി. വിമാനത്താവളത്തിനായി സ്ഥലം വിട്ടുനൽകിയവരെ പുനരധിവസിപ്പിച്ചു. അതിൽ 822 പേർക്കു തൊഴിൽ നൽകി.

വാക്കുകൾക്ക് അപ്പുറത്തുള്ള സാമൂഹിക പ്രതിബദ്ധതയാണു സിയാൽ പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമീപ പ്രദേശങ്ങളുടെ മുഖഛായ സിയാൽ മാറ്റിയതുപോലെ കിഫ്ബിയിലൂടെ നടപ്പാക്കുന്ന 50,000 കോടി രൂപയുടെ പദ്ധതികൾ കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി തോമസ് ഐസക് പറഞ്ഞു. ജനകീയ പങ്കാളിത്തത്തിലൂടെ വിമാനത്താവളം എന്ന ആശയം താൻ മുന്നോട്ടുവച്ചപ്പോൾ ഭ്രാന്തൻ ആശയമെന്നു പരിഹസിക്കുകയാണു മിക്കവരും ചെയ്തതെന്നു സിയാൽ എംഡി: വി.കെ.കുര്യൻ പറഞ്ഞു.

എന്നാൽ, അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അതേറ്റെടുത്തു പദ്ധതിക്ക് അനുമതി നൽകി. പിന്നീടു വന്ന മുഖ്യമന്ത്രിമാരും സിയാലിന്റെ വളർച്ചയിൽ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ മാത്യു ടി. തോമസ്, വി എസ്. സുനിൽകുമാർ, കെ.വി. തോമസ് എംപി, എംഎൽഎമാരായ വി.ഡി. സതീശൻ, ഹൈബി ഈഡൻ, അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, കെ. റോയ് പോൾ, സി.വി. ജേക്കബ്, എ.കെ. രമണി, എൻ.വി. ജോർജ്, ഇ.എം. ബാബു, എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എം. ഷബീർ, വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ എന്നിവർ പ്രസംഗിച്ചു.

15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ടി 3 കൊച്ചി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെർമിനലാണ്. ടെർമിനലിനു മാത്രം നിർമ്മാണച്ചെലവ് 850 കോടി രൂപ. ഏപ്രൺ നിർമ്മാണച്ചെലവ് 175 കോടി. നാലുവരിപ്പാതയ്ക്കും മേൽപാലത്തിനും ചെലവ് 98 കോടി. ചെലവു ചുരുക്കി നിർമ്മിച്ച ടെർമിനലിൽ ആധുനിക സൗകര്യങ്ങൾക്കു കുറവില്ല. തൃശൂർ പൂരമെന്ന ആശയത്തിൽ ഒരുക്കിയ ഉൾച്ചമയം മനോഹരം.

ഇരുനില മന്ദിരത്തിൽ 84 ചെക്ക് ഇൻ കൗണ്ടർ, 10 എസ്‌കലേറ്റർ, 21 എലിവേറ്റർ, മൂന്നു വാക്കിങ് വേ, മൂവായിരം നിരീക്ഷണ ക്യാമറ, സിടി സ്‌കാനർ ഉൾപ്പെട്ട അത്യാധുനിക ബാഗേജ് സംവിധാനം, 33,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 20 വർഷത്തേക്കുള്ള തിരക്കു മുൻകൂട്ടി കണ്ടാണു സൗകര്യങ്ങളൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP