Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശോഭാ സിറ്റിയിലെ തിരക്കു മൂലം തൃശൂർ-കോഴിക്കോട് റോഡിൽ വൻ ഗതാഗതക്കുരുക്ക്; അടിയന്തര നടപടിയെടുക്കണമെന്നും അതിനു ചെലവാകുന്ന തുക ശോഭ ഡെവലപ്പേഴ്‌സിൽനിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് വക്കീൽ നോട്ടീസ്; തിങ്കളാഴ്ച ജനകീയ കൂട്ടായ്മയും പ്രക്ഷോഭവും

ശോഭാ സിറ്റിയിലെ തിരക്കു മൂലം തൃശൂർ-കോഴിക്കോട് റോഡിൽ വൻ ഗതാഗതക്കുരുക്ക്; അടിയന്തര നടപടിയെടുക്കണമെന്നും അതിനു ചെലവാകുന്ന തുക ശോഭ ഡെവലപ്പേഴ്‌സിൽനിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് വക്കീൽ നോട്ടീസ്; തിങ്കളാഴ്ച ജനകീയ കൂട്ടായ്മയും പ്രക്ഷോഭവും

തൃശൂർ: തൃശൂർ-കുന്നംകുളം റൂട്ടിൽ പതിവായ ഗതാഗതക്കുരുക്കിന് കാരണക്കാരായ ശോഭ ഡവലപ്പേഴ്‌സിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു. കോഴിക്കോട് - തൃശൂർ റൂട്ടിൽ പുഴയ്ക്കൽ ഭാഗത്ത് മിക്കപ്പോഴും ഗതാഗതസ്തംഭനം ഉണ്ടാവുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലേക്കുൾപ്പെടെയുള്ള യാത്രക്കാരും പോകുന്ന വഴിയാണിത്. അതിനാൽ ഇവിടെയുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുഴയ്ക്കൽ ഭാഗത്ത് രൂക്ഷമായ ഗതാഗതസ്തംഭനത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിനും, സർക്കാരിനും പൊതുപ്രവർത്തകനായ അമലനഗർ സ്വദേശി തരകൻവീട്ടിൽ വർഗീസ് തരകൻ അഡ്വ.ഏ.ഡി.ബെന്നി മുഖേന വക്കീൽ നോട്ടീസ് അയച്ചിട്ടുമുണ്ട്. ശോഭ ഡെവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടർ, തൃശൂരിലെ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, തൃശൂർ ജില്ലാ കലക്ടർ, തിരുവനന്തപുരം പൊതുമരാമത്ത് സെക്രട്ടറി എന്നീ എതിർ കക്ഷികൾക്കാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ശോഭാ സിറ്റിയിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും പോകുന്നതും വരുന്നതുമായ വാഹനങ്ങളുടെ തിരക്ക് മൂലം തൃശൂർ-കുന്നംകുളം റൂട്ടിൽ സ്ഥിരമായി ഗതാഗതതടസ്സം ഉണ്ടാകുന്നതായും മാർഗതടസ്സം മൂലം പൊതുജനങ്ങൾക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നതായും വക്കീൽ നോട്ടീസിൽ പറയുന്നു. വിശാലമായ വയലുകൾ അടക്കമുള്ള ഈ സ്ഥലത്ത് ഗതാഗതക്കുരുക്ക് വായൂ മലിനീകരണത്തിനും ഇടയാക്കുന്നു.

ഷോപ്പിങ് മാൾ അടക്കം ഇവിടെയുണ്ടെങ്കിലും ഗതാഗതസൗകര്യത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് അഡ്വ. എ ഡി.ബെന്നി മറുനാടൻ മലയാളിയോട് പറഞ്ഞു. ഷോപ്പിങ് മാളിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ ശബരിമല സീസണിൽ അടക്കം മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതസ്തംഭനം ഉണ്ടാകുന്നത്. മൾട്ടിപ്ലക്‌സ് തിയ്യറ്ററുകൾ അടക്കം ശോഭാ സിറ്റിയിലുണ്ട്. രാത്രിസമയത്ത് പോലും തൃശൂർ- കുന്നംകുളം റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. എന്നിട്ടും ബദൽ സൗകര്യമേർപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിച്ചിട്ടില്ല.

അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോകുന്ന വാഹനങ്ങളും ഇവിടെ ഗതാഗതക്കുരുക്കിൽ പെട്ട് നട്ടംതിരിയുന്നത് പതിവുകാഴ്ചയാണ്. പുഴയ്ക്കൽ ഭാഗത്ത് ഗതാഗതതടസ്സം മാറ്റുന്നതിന് സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക ശോഭ ഡെവലപ്പേഴ്‌സിൽ നിന്നും ഈടാക്കണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ തൃശൂർ കാഴ്ച എന്ന സംഘടനയുടെ നേതൃത്വത്തിലാണു ജനകീയ സംവാദവും സമരവും തിങ്കളാഴ്ച സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചിന് തൃശൂർ സാഹിത്യഅക്കാദമി ഹാളിൽ സംവാദം സിപിഐ നേതാവും മുൻ റവന്യൂമന്ത്രിയുമായ കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാഴ്ച ഭാരവാഹികളായ അഡ്വ.എ.ഡി.ബെന്നി, രാജൻ എലവത്തൂർ തുടങ്ങിയവർ സംവാദത്തിന് നേതൃത്വം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP