Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബജറ്റ് അവതരണത്തിനുശേഷം മാദ്ധ്യമങ്ങൾക്കു നല്കാൻ വച്ചിരുന്ന കുറിപ്പുമാത്രമല്ല ചോർന്നത്; ഇന്ന് രാവിലെ ഇറങ്ങിയ മെട്രോവാർത്ത പത്രം ബജറ്റിനെക്കുറിച്ചു നല്കിയ വാർത്തയിൽ ബജറ്റ് പ്രസംഗത്തിലെ അതേ വാചകങ്ങൾ; ധനമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങൾ പൊളിയുന്നു

ബജറ്റ് അവതരണത്തിനുശേഷം മാദ്ധ്യമങ്ങൾക്കു നല്കാൻ വച്ചിരുന്ന കുറിപ്പുമാത്രമല്ല ചോർന്നത്; ഇന്ന് രാവിലെ ഇറങ്ങിയ മെട്രോവാർത്ത പത്രം ബജറ്റിനെക്കുറിച്ചു നല്കിയ വാർത്തയിൽ ബജറ്റ് പ്രസംഗത്തിലെ അതേ വാചകങ്ങൾ; ധനമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങൾ പൊളിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർന്നുവെന്ന ആരോപണം രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കുകയാണ്. ചോർന്നത് ബജറ്റല്ലെന്നും ബജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങൾക്ക് കൊടുക്കാൻ നിശ്ചയിച്ചിരുന്ന കുറിപ്പാണെന്നുമാണ് ധനമന്ത്രി തോമസ് ഐസക് ഇതിനു വിശദീകരണം നല്കിയത്. എന്നാൽ ഇന്നു രാവിലെ പുറത്തിറങ്ങിയ മെട്രോവാർത്ത ദിനപത്രത്തിൽ ബജറ്റ് രേഖകളിലെ അതേ വാചകങ്ങൾ അതേപോലെതന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ബജറ്റ് രേഖകൾ നേരത്തേ തന്നെ ചോർന്നിരിക്കുന്നുവെന്നാണ് ഇതിൽനിന്നു മനസിലാക്കാൻ കഴിയുന്നത്.

മെട്രോവാർത്ത പത്രത്തിൽ സൂപ്പർലീഡ് സ്‌റ്റോറിയായിട്ടാണ് ബജറ്റിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബജറ്റിലെ പല വാചകങ്ങളും അതേപടി വാർത്തയിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇത് തികച്ചും യാദൃശ്ചികം മാത്രമല്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം വൻ വിവാദത്തിനു തീകൊളുത്തിയിരിക്കുന്നതിനിടെയാണ് മെട്രോവാർത്തയിലെ വാർത്ത ശ്രദ്ധേയമാകുന്നത്.

'നികുതി ഇളവുകളുമായി ബജറ്റ് ഇന്ന്' എന്ന തലക്കെട്ടോടെയാണ് പത്രം വാർത്ത നല്കിയിരിക്കുന്നത്. ചരക്ക് കയറ്റുമതിക്കുള്ള പായ്ക്കിങ്ങ് നികുതി ഒഴിവാക്കും എന്നകാര്യമാണ് വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ വാചകഘടന തന്നെയാണ് ബജറ്റ് പ്രസംഗത്തിലെ 130ാം പേജിലെ 277ാം ഖണ്ഡികയിലും ഉള്ളത്. കൂടാതെ സോളാർ പാനലുകളുടെ കരാർ നികുതി വർധിപ്പിക്കുന്നു എന്നകാര്യവും പത്ര വാർത്തയിലുണ്ട്. ബജറ്റ് പ്രസംഗത്തിലെ 127ാം പേജിലെ 276ാം ഖണ്ഡികയിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.

ഈ രണ്ടു പരാമർശങ്ങളും ബജറ്റ് അവതരിപ്പിക്കുന്ന ദിവസത്തിന്റെ തലേന്നു രാത്രി അച്ചടിച്ച പത്രത്തിൽ എങ്ങനെ വന്നുവെന്നാണു ചോദ്യം ഉയരുന്നത്. ബജറ്റ് അവതരിപ്പിക്കപ്പെടുന്നതിനു തലേന്നുതന്നെ ചോർന്നിരിക്കുന്നുവെന്ന ഉത്തരമാണ് ഇതിൽനിന്നു ലഭിക്കുന്നത്. ഇന്ന് രാവിലെ നിയമസഭയിൽ തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്ന വേളയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സോഷ്യൽ മീഡിയയിലൂടെയടക്കം പ്രചരിച്ച ബജറ്റിന്റെ കോപ്പികൾ നിയമസഭയിൽ ഉയർത്തിക്കാട്ടുന്നത്. തുടർന്ന് അദ്ദേഹം സമാന്തര ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ, ധനമന്ത്രിയുടെ അസിസ്റ്റൻഡ് പ്രൈവറ്റ് സെക്രട്ടറി മനോജ് പുതിയവിള തന്റെ ഇ-മെയിൽ ഐഡിയിൽക്കൂടി ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ മാദ്ധ്യമപ്രവർത്തകർക്ക് അയച്ചുകൊടുത്തതായി തെളിയിക്കുന്ന വാർത്ത ,രേഖകൾ സഹിതം മറുനാടൻ പുറത്തുവിടുകയുണ്ടായി. ഐസക്കിന്റെ ബജറ്റ് അവസാനിച്ചത് 11.49നാണ് അവസാനിച്ചതെങ്കിലും 10.26ന് ഇദ്ദേഹത്തിന്റെ ഇ-മെയിൽ ഐഡിയിൽനിന്ന് രേഖകൾ അയച്ചതിന്റെ തെളിവു സഹിതമുള്ള വാർത്തയാണ് പുറത്തുവിട്ടത്. ബജറ്റ് ചോർച്ചയിൽ സിപിഐ(എം) അന്വേഷണം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു റിപ്പോർട്ട് തേടുകയും ചെയ്തതിനു പിന്നാലെ ധനമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന മനോജിനെ നീക്കം ചെയ്യുകയുണ്ടായി.

അതേസമയം, ചോർന്നതു ബജറ്റല്ലെന്നും ബജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങൾക്ക് കൊടുക്കാൻ നിശ്ചയിച്ചിരുന്ന കുറിപ്പാണെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. എന്നാൽ തലേന്നുതന്നെ ബജറ്റ് ചോർന്നിരുന്നുവെന്നാണ് ഇന്നത്തെ മെട്രോവാർത്ത പത്രത്തിൽവന്ന വാർത്തയിൽനിന്നു വ്യക്തമാകുന്നത്. മെട്രോവാർത്ത പത്രത്തിന്റെ ലേഖകനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ അരവിന്ദ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുമ്പ് കോട്ടയത്തുനിന്നിറങ്ങുന്ന പത്രത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം, മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വിവാദവ്യവസായി എറണാകുളം ആസ്ഥാനമായി തുടങ്ങിയ പത്രത്തിലേക്കു മാറുകയായിരുന്നു. ഉന്നത സിപിഐ(എം) നേതൃത്വവുമായി അടുത്ത ബന്ധം ഈ ലേഖകനുണ്ട്.

ബജറ്റ് വിവരങ്ങൾ പുറത്തുവന്ന സംഭവത്തിൽ പരമാവധി പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ബജറ്റ് ചോർന്ന സാഹചര്യത്തിൽ ധനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. ബജറ്റ് ചോർച്ചയെ രാഷ്ട്രീയ ആയുധമാക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രതിക്ഷം പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ സദാശിവത്തെ കണ്ടു. ധനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് റദ്ദാക്കി പുതിയ ധമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണു മുൻ ധനമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായി കെ.എം.മാണി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP