Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഞ്ഞിപിഴിഞ്ഞ ഖദറുമിട്ട് തട്ടിപ്പ് പതിവാക്കിയ മുഹമ്മദ് മർദനക്കേസിലും പ്രതി; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് കൈ നനയാതെ മീൻപിടിക്കാൻ തുനിഞ്ഞ യുവാക്കളെ: തട്ടിപ്പും വെട്ടിപ്പും പതിവാക്കിയ കെപിസിസി അംഗത്തിന്റെ കഥയിങ്ങനെ

കഞ്ഞിപിഴിഞ്ഞ ഖദറുമിട്ട് തട്ടിപ്പ് പതിവാക്കിയ മുഹമ്മദ് മർദനക്കേസിലും പ്രതി; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് കൈ നനയാതെ മീൻപിടിക്കാൻ തുനിഞ്ഞ യുവാക്കളെ: തട്ടിപ്പും വെട്ടിപ്പും പതിവാക്കിയ കെപിസിസി അംഗത്തിന്റെ കഥയിങ്ങനെ

എം പി റാഫി

തൃശൂർ: ബിവറേജ് കോർപറേഷനിൽ ജോലി തരപ്പെടുത്തുന്നതിനായി ഓരോ ലക്ഷം രൂപ വീതം നൽകിയ മൂന്ന് ചെറുപ്പക്കാർ വർഷം ഒമ്പത് കഴിഞ്ഞിട്ടും നീതിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ്. നൽകിയ പണമോ വാഗ്ദാനം ചെയ്ത ജോലിയോ ഇവർക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. 2005 ൽ ബിവറേജസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണവുമായി മുങ്ങിയ കോൺഗ്രസ് നേതാവും മുൻ കെപിസിസി അംഗവുമായിരുന്ന ആൾ പൊങ്ങിയത് വർഷങ്ങൾ കഴിഞ്ഞായിരുന്നു. ഒരു തവണ കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങിയ ഇദ്ദേഹത്തെ പൊലീസ് പിന്നീട് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചെങ്കിലും യാതൊരു പിടിയും കിട്ടിയില്ല. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നേതാവിനെ പൊലീസ് കയ്യോടെ പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും മൂന്ന് ലക്ഷം രൂപ അടിച്ചുമാറ്റിയ മുൻ കെപിസിസി അംഗംത്തിന്റെ തട്ടിപ്പിന്റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്:

2005ൽ യു.ഡി.എഫ് സർക്കാറിന്റെ ഭരണകാലം. അന്ന് മലപ്പുറം ഡിസിസി സെക്രട്ടറിയായിരുന്നു അരീക്കോട്ടുകാരനായ തച്ചണ്ണ മുത്തേടത്ത് പാറയ്ക്കൽ വീട്ടിൽ എം പി മുഹമ്മദ്. മുഹമ്മദിന്റെ ബിസിനസ് ഇടപാടുകാരനും സാമ്പത്തിക ഇടനിലക്കാരനുമാണ് തൃശൂർ കേച്ചേരി സ്വദേശി രവി. കോൺഗ്രസ് നേതാവും മന്ത്രിസഭയിൽ പിടിപാടുമുള്ള എംപി മൂഹമ്മദിന്റെ തട്ടിപ്പുകളിലെ ഇടനിലക്കാരൻ കൂടിയാണ് രവി. രവി മുഖേനയായിരുന്നു തൃശൂർ കൂർക്കഞ്ചേരി വടൂകര സ്വദേശിയായ പുളിപ്പറമ്പിൽ വീട്ടിൽ ജിലേഷിനെയും കൂട്ടുകാരായ ജിഷാദ,് സാലിഷ് എന്നിവരെയും മലപ്പുറത്തുള്ള കോൺഗ്രസ് നേതാവിന് പരിചയപ്പെടുത്തുന്നത്. ബിവറേജസിൽ ഒരു ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു ഈ ചെറുപ്പക്കാരുടെ അടുത്ത് തന്റെ സുഹൃത്തുമായി രവി ആദ്യം എത്തിയത്. നേതാവിനെ നേരിൽ കണ്ടാൽ കാര്യം ശരിയാകുമെന്നും അദ്ദേഹം ഒരുപാട് പേർക്ക് ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും രവി ചെറുപ്പക്കാരെ ധരിപ്പിച്ചു.

പഠനം കഴിഞ്ഞ് ജോലിയൊന്നും ശരിയാകാതെ അലഞ്ഞു നടന്നിരുന്ന സമയത്ത് യുവാക്കളുടെ മുന്നിൽ തുറന്നിട്ട മോഹകൊട്ടാരമായിരുന്നു രവിയുടെ വാഗ്ദാനം. തൊട്ടടുത്ത ദിവസം തന്നെ രവിയോടൊപ്പം അവർ മലപ്പുറത്തേക്ക് വണ്ടി കയറി. ഡിസിസി സെക്രട്ടറി എം പി മുഹമ്മദിനെ കാണാനായി അരീക്കോട്ടെ വീട്ടിലെത്തി. കാര്യം സംസാരിച്ചുറപ്പിച്ചെങ്കിലും അന്ന് തുക കൈമാറ്റം നടന്നില്ല. ഒരു ദിവസം തൃശൂരിലേക്ക് വിളിപ്പിക്കാം അന്ന് തുക കൊണ്ടു വന്നാൽ മതിയെന്നായിരുന്നു നേതാവ് നിർദ്ദേശം നൽകിയത്. കടം വാങ്ങിയും പലിശക്കെടുത്തും സ്വർണം വിറ്റുമെല്ലാം അവർ പണം സ്വരൂപിക്കുന്ന നെട്ടോട്ടത്തിലായിരുന്നു.

ഏതാനും ദിവസത്തിനുള്ളിൽ തന്നെ തൃശൂർ എലൈറ്റ് ലോഡ്ജിലേക്ക് മൂന്ന് ചെറുപ്പക്കാരെയും വിളിപ്പിച്ചു. കോൺഗ്രസ് നേതാവ് എം പി മുഹമ്മദും കൂടെ മൂന്ന് സൂഹൃത്തുക്കളും പിന്നെ ഇടനിലക്കാരൻ രവിയുമാണ് ഇവർ ചെന്നപ്പോൾ അവിടെയെയുണ്ടായിരുന്നത്. പറഞ്ഞുറപ്പിച്ചത് പ്രകാരം മൂന്ന് ചെറുപ്പക്കാരും ഓരോ ലക്ഷം രൂപ വീതം നേതാവിന്റെ കൈകളിലേക്ക് നീട്ടി. തുകയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒരു ഫോട്ടോയും അദ്ദേഹത്തെ ഏൽപ്പിച്ചു. അടുത്ത മാസം 15ന് മുമ്പായി ജോലിയിൽ എടുത്തതിന്റെ മെമോ വീട്ടിൽ വരും, ഇതനുസരിച്ച് നിങ്ങൾക്ക് തൃശൂരിലെ ബിവറേജസിൽ തന്നെ ജോലി തുടങ്ങാമെന്നും ഉറപ്പു നൽകിയ ശേഷമായിരുന്നു അന്ന് എലൈറ്റ് ലോഡ്ജിൽ നിന്നും അവർ പിരിഞ്ഞത്.

രണ്ട് മാസം കഴിഞ്ഞ് മെമോയുമില്ല ജോലിയുമില്ലെന്നായപ്പോൾ പല തവണ ഇടനിലക്കാരൻ രവിയേയും ഡിസിസി സെക്രട്ടറി മുഹമ്മദിനെയും യുവാക്കൾ നേരിൽ ചെന്ന് കണ്ടു. ഓരോ തവണ പോകുമ്പോഴും അടുത്തമാസം എന്ന് പറഞ്ഞ് മാസങ്ങൾ നിരവധി കടന്നുപോയി. ജോലി വേണ്ട പണം തിരികെ തന്നാൽ മതിയെന്ന് ആവശ്യപ്പെട്ടപ്പോൾ പിന്നെ നേതാവ് മുങ്ങാൻ തുടങ്ങി. ഒരു വർഷത്തിനുള്ളിൽ നിരവധി തവണ ഇവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മൂന്നു പേരും ചേർന്ന് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയും കോൺഗ്രസ് നേതാവ് മുഹമ്മദ് ഒന്നാം പ്രതിയും ഇടനിലക്കാരൻ രവി രണ്ടാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണവും തുടങ്ങി.

തൃശൂർ ഡിവൈഎസ്‌പിയായിരുന്ന രാധാകൃഷ്ണൻ, സിഐ ഷാഹുൽ ഹമീദ് തുടങ്ങിയ ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കേസ് കോടതിയിൽ എത്തിയപ്പോൾ പലതവണ പ്രതികളെ വിളിച്ചെങ്കിലും ഇവർ ഹാജരാവാതെ മുങ്ങി നടന്നു. രണ്ടു വർഷത്തിനു ശേഷം ഒരു തവണ കോടതിയിൽ എത്തി ജാമ്യമെടുത്ത് പോയ ഇയാൾ പിന്നീട് വർഷങ്ങളായി മുങ്ങി നടക്കുകയായിരുന്നു. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച അരീക്കോട് നിവാസികളായ പലരുടെയും വിവരത്തെ തുടർന്ന് തൃശൂർ ഈസ്റ്റ് എസ്.ഐ ലാൽ കുമാറിന്റെ നേതൃത്വത്തിൽ മൂഹമ്മദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഒമ്പത് വർഷത്തിനിടയിൽ ഡിസിസിയിൽ നിന്നും കെപിസിസി അംഗം വരെയായ എംപി മുഹമ്മദ് എന്ന കോൺഗ്രസ് നേതാവിനെ പതുക്കെ കോൺഗ്രസുകാരും കൈവിട്ടു തുടങ്ങി. ഇപ്പോൾ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിലൊന്നും മുഹമ്മദില്ല. ഇതിനിടയിൽ വിവിധങ്ങളായ കോടതികളിൽ വേറെയും കേസുകൾ. വഖ്ഫ് ബോർഡ് അംഗത്തെ മർദ്ധിച്ച കേസിലും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

തട്ടിയെടുത്ത തുക തിരിച്ചു ലഭിക്കാതെ നീതിക്കായി കാത്തിരിക്കുകയാണ് ഇന്നും തൃശൂരിലെ മൂന്ന് യൂവാക്കൾ. കൈ നനയാതെ മീൻ പിടിക്കാൻ ആഗ്രഹിക്കുന്ന ഓരോ യുവാക്കൾക്കും ഇതൊരു പാഠമാണ്, രാഷ്ട്രീയ പ്രവർത്തനം ബിസിനസായി കണ്ട് കീശ വീർപ്പിക്കുന്ന കള്ളനാണയങ്ങളെ സമൂഹം തിരിച്ചറിയേണ്ടത് അനിവാര്യവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP