Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്നത് ഭരണഘടനാ വ്യവസ്ഥകളും തത്വങ്ങളും പാലിക്കാത്തതുകൊണ്ട്; ഭരണഘടന സംസ്‌കാരത്തിന്റെ ഭാഗമാവണം: കുട്ടികളോട് മുഖ്യമന്ത്രി

രാജ്യത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്നത് ഭരണഘടനാ വ്യവസ്ഥകളും തത്വങ്ങളും പാലിക്കാത്തതുകൊണ്ട്; ഭരണഘടന സംസ്‌കാരത്തിന്റെ ഭാഗമാവണം: കുട്ടികളോട് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്നാണ് ഇതിന് തുടക്കം കുറിക്കേണ്ടത്. രാജ്യത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്നതും പ്രവർത്തനങ്ങൾ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നതും ഭരണഘടനാ വ്യവസ്ഥകളും തത്വങ്ങളും പാലിക്കാത്തതുകൊണ്ടാണ്.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'നൈതികം' പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളെ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 16,028 സ്‌കൂളുകളിലെ 45 ലക്ഷം കുട്ടികൾക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയുംwww.victers.kite.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴിയും മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ് സംവിധാനം ഒരുക്കിയിരുന്നു.

'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നിവ ഉയർത്തിപ്പിടിക്കുന്ന ആമുഖം നമ്മുടെ ഭരണഘടനയ്ക്ക് ഉറച്ച അടിത്തറ പ്രദാനം ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ടവ. ഈ അവകാശങ്ങൾ പ്രാവർത്തികമാക്കുന്നതിനു കോടതിയെ സമീപിക്കാനുള്ള മൗലിക അവകാശം നമുക്കുണ്ട്.

വ്യക്തികളുടെ മൗലിക അവകാശങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ സമൂഹത്തിന്റെ അവകാശങ്ങളും അംഗീകരിക്കുന്നതാണ് ഭരണഘടനയുടെ മറ്റൊരു സവിശേഷത. ദുർബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയ ഡോ. ബി.ആർ. അംബേദ്കറെപ്പോലെയുള്ള മഹത്വ്യക്തിയുടെ നേതൃത്വത്തിൽ രൂപം നൽകപ്പെട്ട നമ്മുടെ ഭരണഘടന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി പരമപ്രധാനമായി അംഗീകരിച്ചതിൽ അതിശയിക്കാനില്ല. മൗലികാവകാശങ്ങളോടൊപ്പം മൗലിക കർത്തവ്യങ്ങൾ പൗരനെ അനുസ്മരിപ്പിക്കുന്നു എന്നതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ് - മുഖ്യമന്ത്രി കുട്ടികളെ ഓർമ്മിപ്പിച്ചു.

ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക എന്നതാണ് ഒന്നാമത്തെ മൗലിക കർത്തവ്യമായി പറഞ്ഞിരിക്കുന്നത്. ഏറ്റവും പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കർത്തവ്യം മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമിടയിൽ സൗഹാർദ്ദവും പൊതുവായ സാഹോദര്യ മനോഭാവവും പുലർത്തുകയും സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുകയും ചെയ്യുക എന്നതാണ്. ജാതി, മതം, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമങ്ങൾ അനുവദിക്കാൻ പാടില്ല. അത്തരം വിഭാഗീയ ചിന്തകൾക്കതീതമായ ഭരണഘടനാ മൂല്യങ്ങൾക്കനുസരണമായ ഒരു വീക്ഷണം കുട്ടിക്കാലം മുതൽ രൂപപ്പെട്ട് വരേണ്ടതാണ്. ഇക്കാര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും വേണ്ടത്ര ശ്രദ്ധ പുലർത്തേണ്ടതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഒരാളെ മാറ്റി നിർത്തുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ്. അത് നമുക്ക് അംഗീകരിക്കാനാവില്ല.ആദ്യമായാണ് ഇത്തരത്തിൽ മുഴുവൻ വിദ്യാർത്ഥികളേയും മുഖ്യമന്ത്രി നേരിട്ട് സംബോധന ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP