Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലപ്പുറത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത മണ്ഡലം ഏതാണ്? തിരൂരാണെന്ന് സി മമ്മൂട്ടി, താനൂരാണെന്ന് എ വി അബ്ദുറഹിമാനും; എംഎൽഎമാർ തമ്മിൽ തർക്കം മുറുകിയപ്പോൾ വെട്ടിലായത് കെഎസ്ഇബി ഉദ്യോഗസ്ഥർ

മലപ്പുറത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത മണ്ഡലം ഏതാണ്? തിരൂരാണെന്ന് സി മമ്മൂട്ടി, താനൂരാണെന്ന് എ വി അബ്ദുറഹിമാനും; എംഎൽഎമാർ തമ്മിൽ തർക്കം മുറുകിയപ്പോൾ വെട്ടിലായത് കെഎസ്ഇബി ഉദ്യോഗസ്ഥർ

മലപ്പുറം: സമ്പൂർണ വൈദ്യുതീകരണ മണ്ഡലത്തെ ചൊല്ലി എംഎ‍ൽഎമാർ തമ്മിൽ തർക്കം. മലപ്പുറം ജില്ലയിലെ ആദ്യ സമ്പൂർണ വൈദ്യുതീകരണ മണ്ഡലം തിരൂരാണെന്ന സ്ഥലം എംഎ‍ൽഎ സി.മമ്മൂട്ടി പ്രഖ്യാപനം നടത്തിയതിനു പിന്നാലെ താനൂർ മണ്ഡലത്തെ സമ്പൂർണ വൈദ്യുതീകരണ മണ്ഡലമായി തൊട്ടടുത്ത ദിവസം താനൂർ എംഎ‍ൽഎ വി അബ്ദുറഹിമാൻ പ്രഖ്യാപിക്കുകയും ഇത് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതുമാണ് തർക്കത്തിന് ഇടയാക്കിയിട്ടുള്ളത്. ഇരു എംഎ‍ൽഎ മാരും തങ്ങളുടെ മണ്ഡലമാണ് ആദ്യത്തേതെന്ന നിലപാടിൽ ഉറച്ചു നിന്നതോടെ സമ്പൂർണ വൈദ്യുതീകരണ പദ്ധതി രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

സമ്പൂർണ വൈദ്യുതീകരണം നടത്തുന്ന ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്ത് ആറാമത്തേതുമായ നിയോജക മണ്ഡലമാണ് താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമെന്ന് തിരൂർ, താനൂർ എംഎ‍ൽഎമാർ അവകാശവാദവുമായി എത്തിയതോടെ വിഷയം വിവാദമാകുകയും
സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിക്കുകയും ചെയ്തിരിക്കുകയാണ്.

സമ്പൂർണ വൈദ്യുതീകരണം സംബന്ധിച്ച് രണ്ട് ദിവസം മുമ്പായിരുന്നു തിരൂർ എംഎ‍ൽഎ സി മമ്മൂട്ടിയുടെ വാട്‌സ് ആപ്പ് ശബ്ദരേഖയും പ്രദേശിക ചാനലുകളിൽ പ്രതികരണവും വന്നത്. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ആറാമത്തെ സമ്പൂർണ വൈദ്യുതീകരണം നടത്തിയ മണ്ഡലമായി തിരൂരിനെ പ്രഖ്യാപിക്കുമെന്നും ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ എല്ലാവർക്കും വൈദ്യുതി എത്തിയ വിവരം
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അറിയിച്ചിട്ടുണ്ടെന്നും സി. മമ്മൂട്ടി പറഞ്ഞിരുന്നു. 22,60,000 രൂപ ഇതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും നീക്കിവച്ചതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

എന്നാൽ മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം നടന്നതായും ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ആറാമത്തെ സമ്പൂർണ വൈദ്യുതീകരണം നടന്നിരിക്കുന്നത് താനൂർ നിയോജക മണ്ഡലത്തിലാണെന്ന വാദവുമായി വി.അബ്ദുറഹിമാൻ എംഎ‍ൽഎയും ഇന്നലെ രംഗത്തെത്തി. അപേക്ഷ നൽകിയ 269 ൽ വയറിംങ് പൂർത്തിയാക്കിയ മുഴുവൻ അപേക്ഷകർക്കും വൈദ്യുതി നൽകിയതായി വി അബ്ദുറഹ്മാൻ അറിയിച്ചു. ഇതു സംബന്ധിച്ച കണക്കുകൾ സമർപ്പിച്ചതായും ഉന്നത ഉദ്യോഗസ്ഥ യോഗത്തിൽ താനൂരാണ് ജില്ലയിൽ മുന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അങ്കലാപ്പിലായി.

2017 മാർച്ച് 31 ഓടെ കേരളം, രാജ്യത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി വൈദ്യുതീകരണ പദ്ധതികൾ നടന്നു വരുന്നുണ്ട്. സംസ്ഥാനത്തെ പല മണ്ഡലങ്ങളും സമ്പൂർണ വൈദ്യൂതികരണമായി പ്രഖ്യാപിക്കുകയും ഇതിനുള്ള ഒരുക്കത്തിലുമാണ്. കോഴിക്കോട് നോർത്ത്, എറണാകുളം, തലശ്ശേരി, കായംകുളം, കടുത്തുരുത്തി, തൃക്കാക്കര, കുറ്റ്യാടി, ആറന്മുള, ബേപ്പൂർ ഇങ്ങനെ നീളുന്നു വൈദ്യുതീകരണ മണ്ഡലങ്ങളുടെ പട്ടിക. ഇതിന്റെ ഭാഗമായിരുന്നു തിരൂർ, താനൂർ മണ്ഡലങ്ങളിലും സമ്പൂർണ വൈദ്യുതീകരണത്തിന് തുടക്കമിട്ടത്. ലീഗ് പ്രതിനിധിയും ഇടത് സ്വതന്ത്രനും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളായതിനാൽ രാഷട്രീയ വിവാദമായി പദ്ധതി മാറുകയായിരുന്നു.

അതേസമയം ജില്ലയിലെവിടേയും വൈദ്യുതീകരണം പൂർത്തിയായിട്ടില്ലെന്നായിരുന്നു കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ഒരു നിയോജക മണ്ഡലത്തിലും പദ്ധതി പൂർത്തിയായിട്ടില്ലെന്നും നടന്നു വരികയാണെന്നും കെ.എസ്.ഇ.ബി മഞ്ചേരി സർക്കിൾ ഓഫീസ് അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം നടക്കും മുമ്പ് പദ്ധതി വിവാദമായ സാഹചര്യത്തിൽ വൈദ്യുതി മന്ത്രിയെ കൊണ്ടുവന്ന് തിരക്കിട്ട് പ്രഖ്യാപനം നടത്താനാണ് എംഎ‍ൽഎമാരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP