Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം സ്‌കൂൾ പൂട്ടി വിധി നടപ്പാക്കട്ടെയെന്ന് കോടതി; മലാപ്പറമ്പ് സ്‌കൂളിനെ രക്ഷിക്കാനുള്ള സർക്കാർശ്രമം അവസാനനിമിഷം പാഴായി; പൂട്ടലിന് വിധിസമ്പാദിച്ച നാല് സ്‌കൂളുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനം; അധ്യയനം മുടക്കില്ലെന്ന് വാക്കുനൽകി വിദ്യാഭ്യാസമന്ത്രി

ആദ്യം സ്‌കൂൾ പൂട്ടി വിധി നടപ്പാക്കട്ടെയെന്ന് കോടതി; മലാപ്പറമ്പ് സ്‌കൂളിനെ രക്ഷിക്കാനുള്ള സർക്കാർശ്രമം അവസാനനിമിഷം പാഴായി; പൂട്ടലിന് വിധിസമ്പാദിച്ച നാല് സ്‌കൂളുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനം; അധ്യയനം മുടക്കില്ലെന്ന് വാക്കുനൽകി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂൾ നിൽക്കുന്ന സ്ഥലം പൊന്നുംവില നൽകി ഏറ്റെടുക്കാൻ തീരുമാനിച്ച് കോടതിയിലെത്തിയ സർക്കാരിന് തിരിച്ചടി. സ്‌കൂൾ പൂട്ടണമെന്ന വിധി സുപ്രീംകോടതിയും ശരിവച്ചതിനാൽ ആദ്യം സ്‌കൂൾ പൂട്ടട്ടെയെന്നും പിന്നീട് സ്‌കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ നയതീരുമാനം പരിഗണിക്കാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. സ്‌കൂൾ പൂട്ടാനുള്ള കോടതിവിധിയുടെ സമയം ഇന്നു വൈകീട്ട് അവസാനിക്കുമെന്നിരിക്കെ സ്‌കൂളിനെ രക്ഷിക്കാനുള്ള സർക്കാരിന്റെ അവസാന ശ്രമവും ഇതോടെ പാഴായി.

അതിനിടെ, വൈകുന്നേരത്തോടെ മലാപ്പറമ്പു സ്‌കൂൾ എഇഒ അടച്ചുപൂട്ടി. ക്ലാസുകൾ താൽക്കാലികമായി കലക്ടറേറ്റിലേക്കു മാറ്റിയശേഷമായിരുന്നു നടപടി. സ്‌കൂൾ സംരക്ഷണ സമിതിയും ഇക്കുറി എഇഒയെ തടഞ്ഞില്ല. സ്‌കൂൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കും. സ്‌കൂൾ പൂട്ടിയതായി എഇഒ ഹൈക്കോടതിയെ അറിയിക്കും. ഇതിന് ശേഷം സർക്കാരിന് ഏറ്റെടുക്കൽ നടപടികൾ തുടങ്ങാനാകും.

വേണ്ടത്ര നഷ്ടപരിഹാരം നൽകി സർക്കാർ സ്കൂൾ എറ്റെടുക്കാനാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് അഡ്വ. ജനറൽ ഇന്ന് കോടതിയെ അറിയിച്ചത്. ഇക്കാര്യം മന്ത്രിസഭ തീരുമാനിച്ചതായും ഒരു സ്്കൂളും പൂട്ടരുതെന്നാണ് സർക്കാരിന്റെ നയം. ഇതു പരിഗണിച്ച് ഇന്ന് സ്‌കൂൾ പൂട്ടണമെന്ന വിധിയിൽ ഇളവു നൽകണം - എജി കോടതിയിൽ പറഞ്ഞു. എന്നാൽ സുപ്രീംകോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും ആദ്യം വിധി നടപ്പാക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ആദ്യം സ്‌കൂൾ പൂട്ടി വിധി നടപ്പാക്കാനും അതിനുശേഷം സർക്കാർ നയം വ്യക്തമാക്കി കോടതിയിൽ വെള്ളിയാഴ്ച സത്യവാങ്മൂലം സമർപ്പിക്കാനുമാണ് കോടതി നിർദ്ദേശിച്ചത്. ഇതോടെ ഇന്ന് വൈകുന്നേരത്തോടെ സ്‌കൂൾ പൂട്ടി കോടതിവിധി നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകും.

അതേസമയം, സ്‌കൂൾ പൂട്ടി തൽക്കാലം വിധി നടപ്പാക്കാനും അതിനുശേഷം പുതിയ സത്യവാങ്മൂലം സമർപ്പിച്ച് സ്‌കൂൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടരാനുമാണ് സർക്കാർ ഇപ്പോൾ ഒരുങ്ങുന്നതെന്നാണ് സൂചന. മലാപ്പറമ്പ് ഉൾപ്പെടെ ഇപ്പോൾ പൂട്ടുന്നതിന് അനുകൂലമായ കോടതിവിധി സമ്പാദിച്ച നാല് സ്‌കൂളുകളും ഏറ്റെടുക്കാനാണ് ഇന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇക്കാര്യം അതേസമയംതന്നെ എജി കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ ആദ്യം കോടതിവിധി നടപ്പാകട്ടെയെന്ന നിലപാടു വ്യക്തമാക്കിയ കോടതി മറ്റുകാര്യങ്ങൾ അതിനുശേഷം പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയത്.

കോടതിയിൽ നിന്ന് അനുകൂല നിലപാട് സ്വീകരിക്കാനായില്ലെങ്കിലും സ്‌കൂളുകൾ നിലനിർത്തുമെന്ന തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകും. സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനം ഒരുകാരണവശാലും മുടക്കില്ലെന്നും അതിന് സർക്കാർ ബദൽ സംവിധാനം ഒരുക്കുമെന്നും മന്ത്രി രവീന്ദ്രനാഥ് വ്യക്തമാക്കി. സ്‌കൂളുകൾ അടച്ചുപൂട്ടി റിയൽ എസ്റ്റേറ്റ് ഇടപാടാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. മലാപ്പറമ്പ് സ്‌കൂൾ ഉൾപ്പെടെ പൂട്ടാൻ വിധി നേടിയ നാല് സ്‌കൂളുകളുടെ കാര്യത്തിലും ഏറ്റെടുക്കൽ ശ്രമങ്ങൾ സർക്കാർ തുടരുമെന്നാണ് അറിയുന്നത്. മാനേജർമാർക്ക് നടപ്പു മാർക്കറ്റ് വില നൽകി സ്‌കൂളിന്റെ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി മാനേജർമാരുമായി ചർച്ചകൾ നടക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP