Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീമൂലം തിരുന്നാളിന് ഭൂമി നൽകിയത് ദാമോദര തേവർ; പൗരാണികമൂല്യം ഏറെയുള്ള കൊട്ടാരത്തിന്റെ ചുമരുകളിൽ ഇപ്പോൾ പരസ്യങ്ങൾ; ബസുകാർക്ക് വാടകയ്ക്ക് കൊടുത്തും പണം തട്ടൽ; വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കും ഹാളും കൊടുക്കും; വ്യാജ രേഖ ചമച്ച് കൊട്ടാരവസ്തുക്കൾ സ്വന്തമാക്കി കൈയേറ്റം; കുറ്റാലം കൊട്ടാരം കേരളത്തിന് നഷ്ടമാകുമോ?

ശ്രീമൂലം തിരുന്നാളിന് ഭൂമി നൽകിയത് ദാമോദര തേവർ; പൗരാണികമൂല്യം ഏറെയുള്ള കൊട്ടാരത്തിന്റെ ചുമരുകളിൽ ഇപ്പോൾ പരസ്യങ്ങൾ; ബസുകാർക്ക് വാടകയ്ക്ക് കൊടുത്തും പണം തട്ടൽ; വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കും ഹാളും കൊടുക്കും; വ്യാജ രേഖ ചമച്ച് കൊട്ടാരവസ്തുക്കൾ സ്വന്തമാക്കി കൈയേറ്റം; കുറ്റാലം കൊട്ടാരം കേരളത്തിന് നഷ്ടമാകുമോ?

തിരുവനന്തപുരം: കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരംവക വസ്തുവകകൾ കൊട്ടാരം സൂപ്രണ്ട് വ്യാജരേഖകൾവഴി സ്വന്തമാക്കിയതായി അന്വേഷണറിപ്പോർട്ട്. സർക്കാർ അറിയാതെ കൊട്ടാരം വാടകയ്ക്കും ഭൂമി പാട്ടത്തിനും നൽകി തട്ടിപ്പ് നടത്തിയതായി റിപ്പോർട്ടിൽപറയുന്നു. കൊട്ടാരം സൂപ്രണ്ട് തമിഴ്‌നാട് സ്വദേശി പ്രഭു ദാമോദരനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തു.

തമിഴ്‌നാട് തിരുനെൽവേലി ജില്ലയിലാണ് കുറ്റാലം കൊട്ടാരം. ചെങ്കോട്ടയും കുറ്റാലവും തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു മുമ്പ്. ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രമായ കുറ്റാലത്ത് വേനൽക്കാലവസതിയെന്ന നിലയിലാണ് ശ്രീമൂലം തിരുന്നാൾ മഹാരാജാവ് കൊട്ടാരം പണികഴിപ്പിച്ചത്. 1957-ൽ സംസ്ഥാന രൂപവത്കരണത്തോടെ തിരുവിതാംകൂർ സർക്കാരിൽനിന്ന് കൊട്ടാരത്തിന്റെ ഉടമാവകാശം കേരളസർക്കാരിലെത്തി. പൊതുമരാമത്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ് കൊട്ടാരമിപ്പോൾ. ആധാരപ്രകാരം 56.68 ഏക്കറാണ് വിസ്തൃതി. വർഷങ്ങളായി നടന്നുവന്ന കൈയേറ്റങ്ങളുടെ ഫലമായി ആധാരത്തിലുള്ളതിന്റെ നാലിലൊന്ന് ഭൂമി മാത്രമാണ് ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്.

തമിഴ്‌നാട് സ്വദേശി ദാമോദര തേവർ 1979 ഓഗസ്റ്റ് 31-ന് വിരമിക്കുംവരെ കൊട്ടാരം സൂപ്രണ്ടായിരുന്നു. 97 വർഷംമുമ്പ് തന്റെ അപ്പൂപ്പനാണ് കുറ്റാലം കൊട്ടാരം നിൽക്കുന്ന ഭൂമി തിരുവിതാംകൂർ മഹാരാജാവിന് വിറ്റതെന്ന ദാമോദര തേവരുടെ അവകാശവാദമാണ് സംസ്ഥാനസർക്കാരും അംഗീകരിച്ചിത്. ദാമോദര തേവരുടെ അപ്പൂപ്പനെയാണ് മഹാരാജാവ് ആദ്യം കൊട്ടാരം സൂപ്രണ്ടായി നിയമിച്ചതത്രെ. അപ്പൂപ്പൻ വിരമിച്ചശേഷം തേവരുടെ അച്ഛൻ സൂപ്രണ്ടായി. 1949 മുതൽ 1979 വരെ 30 വർഷം ദാമോദര തേവർ ആ സ്ഥാനത്ത് തുടർന്നു. 2007 വരെ തേവരുടെ മകൻ വേലായുധം കൊട്ടാരത്തിന്റെ ചുമതലക്കാരനായി. വേലായുധം വിരമിച്ചശേഷമാണ് അയാളുടെ സഹോദരൻ മൂർത്തി പാണ്ഡ്യന്റെ മകൻ പ്രഭു ദാമോദരൻ കൊട്ടാരം സൂപ്രണ്ടാകുന്നത്.

സഹോദരൻ ഗണേശ് ദാമോദരന്റെ സഹായത്തോടെ കൊട്ടാരത്തിന്റെ ഭൂമി വ്യാജരേഖകൾവഴി പ്രഭു സ്വന്തമാക്കിയതായാണ് കേരളത്തിലെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പൊതുമരാമത്തുവകുപ്പ് കൊല്ലം ഡിവിഷനിലെ സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യുട്ടീവ് എൻജിനീയർ, പുനലൂർ അസിസ്റ്റന്റ് എൻജിനീയർ എന്നിവരടങ്ങിയ സംഘമാണ് സർക്കാരിന് റിപ്പോർട്ടുനൽകിയത്. 56.68 ഏക്കറിൽ സ്ഥിതിചെയ്യുന്ന കൊട്ടാരവും വസ്തുവകകളും കേരളാ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ്. കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം തമിഴ്‌നാട് സ്വദേശിയായ സൂപ്രണ്ട് എഴുതിയെടുത്തതു കേരളത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

1957-ൽ സംസ്ഥാനരൂപീകരണത്തോടെയാണു തമിഴ്‌നാട് തിരുനെൽവേലി ജില്ലയിലുള്ള കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം തിരുവിതാംകൂർ രാജകുടുംബത്തിൽനിന്നു കേരളസർക്കാരിനു ലഭിച്ചത്. ഇതുസംബന്ധിച്ചു കുറ്റാലം ഗ്രാമപഞ്ചായത്തിലെ ഫയലുകൾ തിരുത്തി. ഈ രേഖകൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രഭുവിന്റെ ഗുണ്ടകൾ വിരട്ടിയോടിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ, വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കുമായി കൊട്ടാരം വൻതുകയ്ക്കു വിട്ടുകൊടുത്തു. മരാമത്തുവകുപ്പിനെ അറിയിക്കാതെ, ചരിത്രപ്രാധാന്യമുള്ള കൊട്ടാരത്തിൽ ശുചിമുറികൾ ഉൾപ്പെടെ നിർമ്മിച്ചാണു വാടകയ്ക്കു കൊടുത്തത്. 2014-ൽ ഇവിടെ പരിശോധനയ്ക്കെത്തിയ കൊല്ലം ജില്ലാ കലക്ടറും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കൊട്ടാരം വളപ്പിന്റെ ഒരുഭാഗം സ്വകാര്യ ബസുകൾക്കു പാർക്കിങ്ങിനു നൽകി.

ബസ് ജീവനക്കാർ കൊട്ടാരത്തിൽതന്നെയാണു താമസം. ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ, ഒട്ടേറെപ്പേരെ കൊട്ടാരത്തിൽ സ്ഥിരമായി താമസിപ്പിച്ചു. സർക്കാരിനുകിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ 2009-ൽ കൊല്ലം അസിസ്റ്റന്റ് കളക്ടർ കൊട്ടാരത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 2014-ൽ കൊല്ലം കളക്ടർ കൊട്ടാരത്തിൽ പരിശോധന നടത്തി സൂപ്രണ്ടിനെതിരേ റിപ്പോർട്ട് നൽകി. കൊട്ടാരം വളപ്പിന്റെ ഒരുഭാഗം സ്വകാര്യബസ് പാർക്കിങ്ങിനായി മാറ്റിയെന്ന് 2016 ഒക്ടോബറിൽ പൊതുമരാമത്തുവകുപ്പ് അഡീഷണൽ സെക്രട്ടറി വകുപ്പുമന്ത്രിക്ക് റിപ്പോർട്ട് നൽകി. ബസ് ജീവനക്കാർ കൊട്ടാരത്തിലായിരുന്നു താമസിച്ചിരുന്നത്. തുടർന്നാണ് കുറ്റാലം കൊട്ടാരത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ സമിതി രൂപവത്കരിക്കുന്നത്.

പൂക്കൃഷിക്കാരുടെയും വൻകിട പച്ചക്കറി കൃഷിക്കാരുടെയും കൈവശമാണ് കൊട്ടാരം വക ഭൂമിയുടെ നല്ലൊരുഭാഗം. കൊട്ടാരവളപ്പിലുണ്ടായിരുന്ന വലിയ തേക്കുമരങ്ങൾ ഉൾപ്പെടെ വൃക്ഷങ്ങൾ വെട്ടിമാറ്റിയതുവഴി സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായി. വ്യക്തികളുടെ നിയന്ത്രണത്തിലുള്ള തെങ്ങ്, തേക്ക് നഴ്സറികൾ വളപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിലെ തൊഴിലാളികൾ വളപ്പിൽ കുടിൽകെട്ടിയും തോട്ട ഉടമകൾ കൊട്ടാരത്തിലുമാണ് താമസം. പൗരാണികമൂല്യം ഏറെയുള്ള കൊട്ടാരത്തിന്റെ ചുമരുകളിൽ പരസ്യങ്ങൾ പതിക്കാനും പ്രഭു സ്വന്തം നിലയിൽ അനുമതി നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP