Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിച്ചു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടന്ന സംസ്‌ക്കാര ചടങ്ങുകൾ ഷാർജയിലെ വീട്ടിലിരുന്ന് മൊബൈൽ വീഡിയോ കോളിലൂടെ കണ്ട് ഭാര്യയും മക്കളും

കോവിഡ് ബാധിച്ച് മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിച്ചു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടന്ന സംസ്‌ക്കാര ചടങ്ങുകൾ ഷാർജയിലെ വീട്ടിലിരുന്ന് മൊബൈൽ വീഡിയോ കോളിലൂടെ കണ്ട് ഭാര്യയും മക്കളും

എസ് രാജീവ്

തിരുവല്ല: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു. നൂറു കണക്കിനാൾക്കാർ പങ്കെടുക്കേണ്ട സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രം. ഭാര്യയും മൂന്ന് മക്കളും സംസ്‌കാര ചടങ്ങുകൾ കണ്ടത് ഷാർജയിലെ മകളുടെ വീട്ടിലിരുന്ന് മൊബൈൽ വീഡിയോ കോളിലൂടെ. യു എ ഇയിലുള്ള മക്കളെ കാണാൻ ഭാര്യയുമൊത്ത് രണ്ട് മാസം മുമ്പ് വിസിറ്റിങ് വിസയിൽ പോയി ഈ മാസം 11 ന് നാട്ടിൽ മടങ്ങിയെത്തി നിരീക്ഷണത്തിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയും ചെയ്ത പ്രമുഖ പച്ചക്കറി മൊത്തവ്യാപാരിയും പെരുംതുരുത്തി പ്രക്കാട് വീട്ടിൽ പി ടി ജോഷി (67) യുടെ മൃതദേഹമാണ് ആരോഗ്യ പ്രവർത്തരുടെയും വിരലിലെണ്ണാവുന്ന ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇന്ന് വൈകിട്ട് നാലരയോടെ സംസ്‌ക്കരിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നാല് ജീവനക്കാരും ഒരു സന്നദ്ധ പ്രവർത്തകനുമടങ്ങിയ അഞ്ചംഗ സംഘമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. നാല് മണിയോടെ മൃതദ്ദേഹം ആംബുലൻസിൽ കോട്ടയത്തുനിന്നും ളായിക്കാട്ടെ പള്ളിയിൽ എത്തിച്ചു. അടുത്ത ബന്ധുക്കളും പൊതുപ്രവർത്തകരുമായി പത്തോളം പേർ മാത്രമായിരുന്നു സംസ്‌കാര ചടങ്ങുകൾക്കായി പള്ളിയിൽ എത്തിയിരുന്നത്.

മതപരമായ സംസ്‌കാര ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാലരയോടെ ആരോഗ്യ പ്രവർത്തകരടങ്ങുന്ന സംഘം മൃതദേഹം ആംബുലൻസിൽ നിന്നും ഇറക്കി പ്രത്യേകമായി തയാറാക്കിയ കുഴിമാടത്തിലേക്ക് എത്തിച്ച് സംസ്‌ക്കരിക്കുകയായിരുന്നു. ലോക്ക് ഡൗണിന് തലേ ദിവസമാണ് യു എ ഇ യിലുള്ള മക്കളെ സന്ദർശിക്കാനായി ജോഷിയും ഭാര്യ ലീലാമ്മയും വിസിറ്റിങ് വിസയിൽ ദുബായിലേക്ക് പോയത്. തുടർന്ന് ലോക്ക് ഡൗൺ പ്രാഖ്യാപിച്ചതോടെ മകനൊപ്പം ദുബായിൽ തങ്ങുകയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി ജോഷിയും ഭാര്യയും എംബസിയിലടക്കം പേര് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ ജോഷിക്ക് മാത്രമായിരുന്നു യാത്രാ അനുമതി ലഭിച്ചത്. വിമാന സർവ്വീസ് പുനരാരംഭിച്ചതോടെ ഈ മാസം 11 ന് വിമാന മാർഗം കൊച്ചിയിൽ മടങ്ങിയെത്തിയ ജോഷി പത്തനംതിട്ട ശാന്തി റെസിഡൻസിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 18 ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് 25 ന് കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്. തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നും സ്വന്തം ഉടമസ്ഥതയിലുള്ള ലോറിയിൽ പച്ചക്കറികൾ വിവിധ മാർക്കറ്റുകളിൽ എത്തിച്ചു നൽകുന്ന ബിസിനസായിരുന്നു ജോഷിക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP