ഒരു വർഷത്തിനിടെ സിപിഎമ്മിൽ നിന്നും 6000ൽ അധികം ആളുകൾ സിപിഐയിൽ ചേർന്നെന്ന് നേതൃത്ത്വം; ഇതിൽ ഏരിയ തലത്തിൽ പ്രവർത്തിക്കുന്നവരും മറ്റ് അംഗങ്ങളും; ഒറ്റവർഷം കൊണ്ട് ചേർന്നത് 23,854 പേരെന്ന് സിപിഐ
July 27, 2018 | 09:40 AM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിപിഎം സിപിഐ പോര് ശമിക്കാതെ നിൽക്കുന്ന അവസരത്തിൽ പുതിയ വെളിപ്പെടുത്തലുമായി സിപിഐ. സിപിഎമ്മിൽ നിന്ന് 6000 അംഗങ്ങളാണ് തങ്ങളോടൊപ്പം ചേർന്നതെന്ന് സിപിഐ പറയുന്നു. ജില്ല തലത്തിലും, ഏരിയാ തലത്തിലും പ്രവർത്തിക്കുന്നവരാണ് ഇതിൽ അധികമെന്നും സിപിഐ അവകാശപ്പെടുന്നു.
്സിപിഐ നിർവാഹക സമിതി അംഗത്വം സംബന്ധിച്ച വാർഷിക കണക്ക് കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. ഇതിൽ സിപിഎമ്മിൽ നിന്നു വന്നവരെന്ന നിലയിൽ പ്രത്യേകം കണക്കു രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സിപിഎമ്മിൽ പ്രവർത്തിക്കുന്നവർ സിപിഐയിൽ ചേരുമ്പോൾ അതു പാർട്ടി സെന്ററിന്റെ അനുവാദം വാങ്ങിയിട്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ഇതു സംബന്ധിച്ച കണക്ക് സമാഹരിക്കുമ്പോൾ അത് ആറായിരത്തിൽ കൂടുമെന്നാണു നേതൃത്വം വിലയിരുത്തുന്നത്.
സിപിഐയിൽ നിലവിൽ അംഗങ്ങൾ 1,57,264 പേരാണ്. ഒറ്റവർഷം കൊണ്ടു കൂടിയത് 23,854 പേരാണ്. ഇത് അസാധാരണ വളർച്ചയാണെന്നാണു പാർട്ടിയുടെ നിഗമനം.ഏറ്റവും കൂടുതൽ അംഗങ്ങൾ കൊല്ലത്താണ് - 32,828 പേർ, രണ്ടാമത് തിരുവനന്തപുരം - 19,174. പിന്നിൽ വയനാട് - 2098. ആകെ കൂടിയ പാർട്ടി ബ്രാഞ്ചുകളുടെ എണ്ണം - 801. ആകെ - 9968.
