Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാന ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പിൽ സിപിഐ(എം) പാനലായ സംരക്ഷണ മുന്നണിക്കു തകർപ്പൻ ജയം; കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗം എസ് പി ദീപക് ജനറൽ സെക്രട്ടറി; അട്ടിമറിച്ചെന്ന് എതിർപക്ഷം

സംസ്ഥാന ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പിൽ സിപിഐ(എം) പാനലായ സംരക്ഷണ മുന്നണിക്കു തകർപ്പൻ ജയം; കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗം എസ് പി ദീപക് ജനറൽ സെക്രട്ടറി; അട്ടിമറിച്ചെന്ന് എതിർപക്ഷം

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പിൽ സിപിഐ(എം) പാനലായ ശിശുക്ഷേമ സംരക്ഷണ മുന്നണിക്കു തകർപ്പൻ ജയം. ജനറൽ സെക്രട്ടറി, രണ്ടാം വൈസ് പ്രസിഡന്റ്, ട്രഷറർ, ജോയിന്റ് സെക്രട്ടറി, മൂന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഭരണസമിതിയിലെ എല്ലാ സ്ഥാനങ്ങളിലും സിപിഐ(എം) പാനൽ ജയിച്ചു.

കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗം എസ് പി ദീപക്കാണു പുതിയ ജനറൽ സെക്രട്ടറി. രണ്ടാം വൈസ് പ്രസിഡന്റായി അഴീക്കോടൻ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായി പി എസ് ഭാരതി, ട്രഷററായി ജി രാധാകൃഷ്ണൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഒ എം ബാലകൃഷ്ണൻ, എ കെ പശുപതി, ആർ രാജു എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

യുഡിഎഫ് -ബിജെപി സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായാണു സിപിഐ(എം) പാനലിനെതിരെ മത്സരിച്ചത്. കഴിഞ്ഞ ജൂലൈ 16നായിരുന്നു തെരഞ്ഞെടുപ്പ്. മുൻ സർക്കാരിന്റെ കാലത്തു ചേർത്ത അംഗത്വത്തിന്റെ ആധികാരികതയിൽ തർക്കങ്ങളുണ്ടായതിനെ തുടർന്നു വോട്ടെണ്ണലിനു ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവു വന്നതിനെ തുടർന്നാണു വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ അഞ്ചു കൊല്ലമായി അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിനു കീഴിലാണു സമിതി പ്രവർത്തിച്ചുവരുന്നത്. കലക്ടറായിരുന്നു അഡ്‌മിനിസ്‌ട്രേറ്റർ. ഒട്ടേറെ നിയമനടപടികൾക്കു ശേഷമായിരുന്നു കഴിഞ്ഞ ജൂലൈയിൽ തെരഞ്ഞെടുപ്പു നടന്നത്. അധികാരത്തിലിരുന്ന മുൻ ഭരണസമിതിയെ പിരിച്ചുവിട്ടു നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തി ഭരണസമിതി പിടിച്ചെടുക്കാൻ മുൻ യുഡിഎഫ് സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ, ഇതു ഹൈക്കോടതി ഇടപെട്ടു തടഞ്ഞ് അഡ്‌മിനിസ്‌ട്രേറ്റർക്കു ചുമതല നൽകുകയായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് 868 ആജീവനാന്ത അംഗങ്ങളെ ചേർത്ത നടപടി വിവാദത്തിലുമായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ ചട്ടവിരുദ്ധ നടപടികൾ കണ്ടെത്തി അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇതിനിടെ ഭരണസമിതി തെരഞ്ഞെടുപ്പിനു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. തെരഞ്ഞെടുപ്പു നടപടികൾ ഹൈക്കോടതി ഏർപ്പെടുത്തിയ വരണാധികാരിയുടെ സാന്നിധ്യത്തിലായിരുന്നു നടന്നത്.

തർക്കമുള്ളതും അല്ലാത്തതുമായ വോട്ടുകൾ പ്രത്യേക ബാലറ്റു പെട്ടിയിൽ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ രണ്ടു വിഭാഗം വോട്ടുകളും എണ്ണി ഭൂരിപക്ഷം ലഭിക്കുന്ന പാനലിനു ഭരണസമിതിയുടെ ചുമതലയേൽക്കാൻ ഡിസംബർ ഒമ്പതിനു ഹൈക്കോടതി അനുമതി നൽകി. ഈ ഉത്തരവു സ്റ്റേ ചെയ്യാൻ എതിർപാനലിലെ സ്ഥാനാർത്ഥി സുനിൽ സി കുര്യൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ ആവശ്യം നിരാകരിച്ചു. തുടർന്നാണു വോട്ടെണ്ണൽ നടന്നത്. വിജയിച്ച അംഗങ്ങൾ അഡ്‌മിനിസ്‌ട്രേറ്ററിൽ നിന്ന് അധികാരം ഏറ്റെടുത്തു. ഔദ്യോഗിക സത്യപ്രതിജ്ഞാച്ചടങ്ങ് ജനുവരി മൂന്നിനു നടക്കുമെന്നു നിയുക്ത ജനറൽ സെക്രട്ടറി അഡ്വ. എസ് പി ദീപക് അറിയിച്ചു. ശിശുക്ഷേമ സംരക്ഷണ മുന്നണിയെ വിജയിപ്പിച്ച വോട്ടർമാർക്ക് സ്ഥാനാർത്ഥികൾ നന്ദി അറിയിച്ചു. അർഹതയ്ക്കുള്ള അംഗീകാരമാണ് ഇതെന്നും വിജയികൾ പറഞ്ഞു.

ജനാധിപത്യത്തിനേറ്റ തീരാകളങ്കമെന്ന് എതിർപക്ഷം

തേസമയം ഹൈക്കോടതി വിധി അട്ടിമറിച്ചാണു തെരഞ്ഞെടുപ്പു നടപടികളെന്നും ഇതു ജനാധിപത്യത്തിനേറ്റ തീരാകളങ്കമാണെന്നും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായിരുന്ന സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും പറഞ്ഞു.

വോട്ട് എണ്ണിഫലം പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായി ഞങ്ങൾ സമർപ്പിച്ച അപ്പീൽ ക്രിസ്തുമസ് അവധിക്കുശേഷം ഹൈക്കോടതി തുറക്കുന്ന ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ധൃതിപിടിച്ച ഈ വോട്ടെണ്ണൽ. കഴിഞ്ഞ 27ന് അവധിക്കാല ഡിവിഷൻ ബെഞ്ച് പരിഗണിച്ച ഞങ്ങളുടെ അപ്പീൽ ജനുവരി 3 യിലേക്ക് മാറ്റുകയാണുണ്ടായത്. മൂന്നാം തിയതി കേസ് പരിഗണിച്ചതിനു ശേഷം മാത്രമേ വോട്ട് എണ്ണാവുയെന്ന ഞങ്ങളുടെ അഭ്യർത്ഥന പരിഗണിക്കാതെയാണ് റിട്ടേണിങ് ഓഫീസർ അഡ്വ.വി.ജി.അരുൺ ഇന്ന് വോട്ട് എണ്ണിയത്. സർക്കാർ സമ്മർദത്തെ തുടർന്നാണ് റിട്ടേണിങ് ഓഫീസർ ഇതിന് തയ്യാറായതെന്നാണു സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും ആരോപിക്കുന്നത്.

ജില്ലാഭരണകൂടവും പൊലീസും സിപിഎമ്മും ചേർന്നു നടത്തിയ ആസൂന്ത്രിത നീക്കമാണ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അരങ്ങേറിയത്. ഉത്തരേന്ത്യൻ സംസഥാനങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിൽ നടന്ന ഈ തെരഞ്ഞെടുപ്പിനെതിരെ നിയമപരമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP