Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടകംപള്ളിയും എകെബാലനും നിയമിച്ച പഴ്‌സണൽസ്റ്റാഫിനെ ഒഴിവാക്കി; പരിശോധനകൾ എല്ലാം പൂർത്തിയാക്കി പാർട്ടി നൽകുന്ന ലിസ്റ്റിൽ നിന്നു മാത്രം നിയമനം; ജീവനക്കാരില്ലാതെ വിഷമിച്ച് മന്ത്രി ഓഫീസുകൾ

കടകംപള്ളിയും എകെബാലനും നിയമിച്ച പഴ്‌സണൽസ്റ്റാഫിനെ ഒഴിവാക്കി; പരിശോധനകൾ എല്ലാം പൂർത്തിയാക്കി പാർട്ടി നൽകുന്ന ലിസ്റ്റിൽ നിന്നു മാത്രം നിയമനം; ജീവനക്കാരില്ലാതെ വിഷമിച്ച് മന്ത്രി ഓഫീസുകൾ

തിരുവനന്തപുരം: പാർട്ടിയുടെ ചട്ടങ്ങൾ മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം പഴ്‌സണൽ സ്റ്റാഫിനെ നിയമിച്ച മന്ത്രിമാർക്ക് പണികിട്ടി. മന്ത്രിമാരായ എകെ ബാലനും കടകംപള്ളിയും നിയമിച്ച പഴ്‌സണൽ സ്റ്റാഫിനെ പാർട്ടി ഇടപെട്ട് ഒഴിവാക്കി.

മന്ത്രിമാരുടെ പഴ്്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്നും കർശനമായി നിരീക്ഷിച്ചശേഷമേ നിയമനങ്ങൾ ഉണ്ടാകൂ എന്നും എൽഡിഎഫ് അധികാരത്തിലേറിയ ഉടൻതന്നെ വ്യക്തമാക്കിയിരുന്നു. സർക്കാർ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴും പഴ്‌സണൽ സ്റ്റാഫ് നിയമനം നടക്കാത്തതിനാൽ മന്ത്രിമാർ വിഷമത്തിലാണെന്നാണ് സൂചന. ഇതിനിടയിലാണ് ബാലനും കടകംപള്ളിയും സ്വന്തം ഇഷ്ടത്തിന് സ്റ്റാഫിനെ നിയമിച്ചത്. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫുകൾ സർക്കാരിന് ഉണ്ടാക്കിയ തലവേദനകൾ ചില്ലറയല്ല. മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിലെ പലരും സോളാർവിവാദത്തിൽ ഉൾപ്പെട്ടതിന്റെ ക്ഷീണം സർക്കാരിനെ പടിയിറങ്ങുംവരെ പിൻതുടർന്നു. അതുകൊണ്ടുതന്നെ പിണറായി സർക്കാർ അധികാരത്തിലേറിയ ഉടൻ എടുത്ത തീരുമാനങ്ങളിലൊന്ന് പഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാനും അവരുടെ നിയമനത്തിൽ സൂക്ഷമത പുലർത്താനുമായിരുന്നു.

സ്റ്റാഫിനെ നിയമിക്കുന്നതിൽ മന്ത്രിമാർക്കും സർക്കാരിനും പ്രത്യേക റോളില്ല. സിപിഐ(എം) മന്ത്രിമാരുടെ സ്റ്റാഫുകളെ അവരുൾപ്പെടുന്ന ജില്ലാ കമ്മറ്റിയാണ് നിർദ്ദേശിക്കുക. നിബന്ധനകൾ പ്രകാരം പഴ്‌സണൽ അസിസ്റ്റന്റ്, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ എന്നിവരെ മാത്രം മന്ത്രിമാർക്ക് സ്വയം നിയമിക്കാം. മറ്റ് നിയമനങ്ങൾ പാർട്ടി നടത്തും.

ഈ നിബന്ധന മറികടന്ന് അതേസമയം, ഈ നിബന്ധനകളൊന്നും വകവയ്ക്കാതെ മന്ത്രിമാരായ എ.കെ ബാലനും കടകംപള്ളി സുരേന്ദ്രനും സ്റ്റാഫുകളെ നിയമിച്ചുവെങ്കിലും പാർട്ടി ഇടപെട്ട് ഇവരെ നീക്കി. പൊലീസ് അന്വേഷണവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണവും കഴിഞ്ഞാണ് പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നത്. സാധാരണ ഗതിയിൽ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം നിയമനങ്ങൾ നടക്കും. എന്നാൽ ഇത്തവണ രണ്ടാഴ്ച കഴിഞ്ഞിട്ടും പേഴ്‌സണൽ സ്റ്റാഫ് നിയമനം പൂർത്തിയായില്ല .

അതേസമയം, സ്റ്റാഫ് നിയമനം പ്രതീക്ഷിച്ച് പാർട്ടി ഭാരവാഹികൾ തന്നെ ഓരോ ജില്ലയിലും രംഗത്തുണ്ടെന്നാണ് സൂചനകൾ. ഇവരിൽ വിദ്യാഭ്യാസയോഗ്യതയും വിശ്വസ്തതയും കൂടുതലുള്ളവർക്ക് പരിഗണന നൽകാനാണ് പാർട്ടി നിർദ്ദേശം. ലിസ്റ്റ് സംസ്ഥാനതലത്തിലുൾപ്പെടെ പരിശോധിച്ച ശേഷമേ നിയമനം ഉണ്ടാകൂ. അതിനാലാണ് നിയമനം വൈകുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ സ്റ്റാഫുകളെ നിയമിക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്നുണ്ട്.

അഴിമതിക്കാരെയും വിദ്യാഭ്യാസമില്ലാത്തവരെയും പരിഗണിക്കരുതെന്നും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമായിരിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP