Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീഴാറ്റൂർ സമരം ബിജെപി ഏറ്റെടുത്തതോടെ ചെറുക്കാനൊരുങ്ങി സിപിഎം; ഇനി വയൽക്കിളികൾ കൂടുതൽ ഒറ്റപ്പെടുമെന്ന് പി.ജയരാജൻ; കർഷകരക്ഷാമാർച്ച് ബിജെപിയുടെ പരിഹാസ്യ നാടകം; പാർട്ടി നിലപാട് വിശദീകരിച്ച് ജനങ്ങൾക്ക് തുറന്ന കത്ത് എത്തിക്കുമെന്നും ജയരാജൻ

കീഴാറ്റൂർ സമരം ബിജെപി ഏറ്റെടുത്തതോടെ ചെറുക്കാനൊരുങ്ങി സിപിഎം; ഇനി വയൽക്കിളികൾ കൂടുതൽ ഒറ്റപ്പെടുമെന്ന് പി.ജയരാജൻ; കർഷകരക്ഷാമാർച്ച് ബിജെപിയുടെ പരിഹാസ്യ നാടകം; പാർട്ടി നിലപാട് വിശദീകരിച്ച് ജനങ്ങൾക്ക് തുറന്ന കത്ത് എത്തിക്കുമെന്നും ജയരാജൻ

രഞ്ജിത് ബാബു

കണ്ണൂർ: കീഴാറ്റൂർ സമരം ബിജെപി ഏറ്റെടുത്ത സാഹചര്യത്തിൽ സമരക്കാർ കൂടുതൽ ഒറ്റപ്പെടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ജനങ്ങൾ വികസനത്തിനും സർക്കാരിനും ഒപ്പം നിൽക്കുമെന്നും ജയരാജൻ പറഞ്ഞു. 'സമാധാനം, വികസനം' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ രണ്ട് മേഖലാ ജാഥകൾ നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ നാല് മുതൽ ഒൻപത് വരെ ജാഥ ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാനകമ്മറ്റിയംഗം ജെയിംസ് മാത്യു എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഏപ്രിൽ നാലിന് തെരൂർപാലയോട് വെച്ച് പാർട്ടി കേന്ദ്രകമ്മറ്റിയംഗം പികെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും.

എൻ ചന്ദ്രൻ, ടിഐ മധുസൂദനൻ, വി നാരായണൻ, പിപി ദിവ്യ, എംഷാജർ, എം വിജിൻ എന്നിവരാണ് ജാഥാ അംഗങ്ങൾ. സംസ്ഥാനകമ്മറ്റിയംഗം കെ.കെ രാഗേഷ് എംപി നയിക്കുന്ന വടക്കൻ മേഖലാ ജാഥ കണ്ണൂർ സിറ്റിയിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എം പ്രകാശൻ മാസ്റ്റർ, പി ഹരീന്ദ്രൻ, കെഎം ജോസഫ്, എംവി സരള, വികെ സനോജ്, മുഹമ്മദ് അഫ്‌സൽ എന്നിവരാണ് ജാഥാ അംഗങ്ങൾ. ജാഥാ പരിപാടി വിജയിപ്പിക്കണമെന്ന് ജയരാജൻ അഭ്യർത്ഥിച്ചു. വികസന കാര്യങ്ങളിൽ പാർട്ടിയുടെ നിലപാട് വിശദീകരിച്ചുകൊണ്ട് എല്ലാവിഭാഗം ജനങ്ങൾക്കുമുള്ള ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും ഇത് മുഴുവൻ വീടുകളിലും എത്തിക്കുമെന്നും. അദ്ദേഹം പറഞ്ഞു. ...

കത്തിന്റെ പൂർണരൂപം:


കീഴാറ്റൂർ ബൈപ്പാസ്:
ഒരു തുറന്ന കത്ത്
പ്രിയമുള്ളവരെ,
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബൈപ്പാസ് നിർമ്മാണം സാർവ്വത്രിക ശ്രദ്ധയാകർഷിച്ചിരിക്കുകയാണല്ലോ.ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഐ (എം)നെ ഒറ്റപ്പെടുത്താനും ജനങ്ങളിൽ ഭീതി പടർത്താനുമുള്ള ശ്രമങ്ങളാണ് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നത്.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ദേശീയപാതാ 17 ന്റെ വികസനം പൂർത്തിയാക്കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അവസരത്തിൽ എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതാണ്. അതുപോലെ തന്നെ ചിലയിടത്ത് ബൈപ്പാസ് വേണ്ടി വരുമെന്നും ആയത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും അതിൽ പറഞ്ഞു. .വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്‌ച്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവിഷ്‌കരിച്ചിട്ടുള്ളത്. വികസന കാഴ്ചപ്പാടിൽ പ്രധാനം ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരിക വുമായിട്ടുള്ള അഭിവൃദ്ധിയാണ്.

അതോടൊപ്പം പശ്ചാത്തല സൗകര്യ വികസനവും പ്രധാനമാണ്.റോഡപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ദേശീയപാതയുടെ നിർദ്ദിഷ്ട വികസനം അത്യന്താപേക്ഷിതമാണ്.റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് അൽപം പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്.പരിസ്ഥിതിയെ പരമmവധി സംരക്ഷിച്ചുകൊണ്ടും എന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതെയുമുള്ള സമീപനമാണ് ഇടതുപക്ഷവും സിപിഐ എമ്മും എല്ലാകാലത്തും സ്വീകരിച്ചു വരുന്നത്. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വന്നതിനെ തുടർന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാല് ദൗത്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി.അതിലൊന്നാണ് 'ഹരിത കേരള മിഷൻ'.ഈ മിഷന്റെ പ്രവർത്തന ഫലമായി 30,000 ഏക്കറിൽ അധിക നെൽകൃഷി, 1194 ഏക്കർ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി,16,665 കിണറുകളൂടെ റീ ചാർജ്ജിങ്ങ്,3900 കിണറുകളുടെ നവീകരണം,10,399 കിണറുകളുടെ നിർമ്മാണം, ജില്ലയിൽ 4 ലക്ഷം മഴക്കുഴികളുടെ നിർമ്മാണം,1,47,239 ഏക്കർ വൃഷ്ടി പ്രദേശങ്ങളുടെ പരിപാലനം എന്നിവ സാധ്യമായി.കൂടാതെ തോടുകൾ 1391 കിലോ മീറ്റർ പുനരുജ്ജീവിപ്പിച്ചു.2466 കിലോ മീറ്റർ തോടുകൾ വൃത്തിയാക്കി.കനാലുകൾ 1480 കിലോ മീറ്റർ വൃത്തിയാക്കി.

കണ്ണൂർ ജില്ലയിലെ കാനാമ്പുഴ അതിജീവന പദ്ധതിയും അതിന്റെ ഭാഗമാണ്.കൂടാതെ സിപിഎം പ്രവർത്തകർ ഓരോ പ്രദേശത്തും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കണമെന്ന തീരുമാനവും നടപ്പിലാക്കുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിൽ എൽഡിഎഫും സിപിഐ എമ്മും കാണിക്കുന്ന ആത്മാർത്ഥതയാണ്. ചുരുക്കത്തിൽ പരിസ്ഥിതി സംരക്ഷണത്തേയും വികസനത്തേയും ഓരോന്നിന്റേയും പ്രാധാന്യത്തോട് കൂടി കാണുന്ന സമീപനമാണ് എൽഡി എഫിനും സിപിഎം നുമുള്ളത്.
എന്നാൽ പരിസ്ഥിതിയുടെ പേര് പറഞ്ഞ് വികസനപ്രവർത്തനങ്ങൾ തടയുന്ന നിലപാട് സിപിഎം അംഗീകരിക്കുന്നില്ല. കാരണം മലബാർ മേഖല പൊതുവിൽ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പ്രദേശമാണ്.കണ്ണൂർ ജില്ലയിലെ വികസന പ്രശ്‌നങ്ങളും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ കണ്ണൂർ വിമാനത്താവളം,അഴീക്കോട് തുറമുഖം, ദേശീയപാതാ വികസനം എന്നിങ്ങനെയുള്ള മേഖലകളിൽ മുന്തിയ പരിഗണനയാണ് സ:പിണറായി ഗവണ്മെന്റ് ജില്ലയ്ക്ക് നൽകിയിട്ടുള്ളത്.ഈ വികസന മുന്നേറ്റത്തെ തകിടം മറിക്കുന്നതിന് ദുഷ്ടലാക്കോടെ നീങ്ങുന്ന ശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്.

.തളിപ്പറമ്പ് നഗരം ജില്ലയിലെ ഏറ്റവുമേറെ ഗതാഗതക്കുരുക്ക് നേരിടുന്ന പട്ടണങ്ങളിൽ ഒന്നാണ്.ഇവിടെ ബൈപ്പാസിന്റെ ആവശ്യകത ആർക്കും നിഷേധിക്കാനാവില്ല.പരിസ്ഥിതി പരമാവധി സംരക്ഷിച്ചുകൊണ്ടും വീടുകൾ,കെട്ടിടങ്ങൾ,വയലുകൾ എന്നിവ ഏറ്റവും കുറഞ്ഞ നാശം നേരിടുന്നതുമായ അലൈന്മെന്റാണ് ബൈപ്പാസിന് അംഗീകരിക്കേണ്ടതെന്ന് തുടക്കം മുതലേ സിപിഎം ചൂണ്ടിക്കാട്ടുകയുണ്ടായി.തളിപ്പറമ്പ് നഗരം ,പൂക്കോത്ത്‌തെരു, കീഴാറ്റൂർ വയൽ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് അലൈന്മെന്റുകളാണ് നാഷണൽ ഹൈവേ അഥോറിറ്റി തയ്യാറാക്കിയിരുന്നത്.തളിപ്പറമ്പ് നഗരം വഴി 298 കെട്ടിടങ്ങളുടേയും ,പൂക്കോത്ത്‌തെരു മേഖല വഴി 78 കെട്ടിടങ്ങളുടേയും നാശമാണ് അലൈന്മെന്റിൽ കണക്കാക്കിയിരുന്നത്.എന്നാൽ കുപ്പം-കീഴാറ്റൂർ-കൂവോട്- കുറ്റിക്കോൽ പ്രദേശത്ത് കൂടിയുള്ള ബൈപ്പാസ് നിർമ്മാണം വഴി 28 കെട്ടിടങ്ങൾക്ക് മാത്രമേ നാശം സംഭവിക്കുന്നുള്ളൂ.

ഇത്തരമൊരു സാഹചര്യത്തിലാണ് ഈ അലൈന്മെന്റ് അംഗീകരിക്കു ന്നതിന് സാർവ്വത്രികമായ സ്വീകാര്യത ലഭിച്ചത്. എന്നിരുന്നാലും കീഴാറ്റൂർ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് മന്ത്രിതല യോഗം വിളിക്കണമെന്ന് സിപിഎം ആണ് ആവശ്യപ്പെട്ടത്.അതിന്റെ അടിസ്ഥാനത്തിൽ വിളിച്ച് ചേർത്ത മന്ത്രിതല യോഗത്തിൽ എൻ എച്ച് അധികൃതർ സ്ഥലം സന്ദർശിക്കണമെന്നും കീഴാറ്റൂർ വഴിയുള്ള നിലവിലുള്ള അലൈന്മെന്റിൽ ചെറിയ മാറ്റങ്ങൾ സാധ്യമാണോയെന്ന് പരിശോധിക്കണമെന്നും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്റ്റർ ചർച്ച നടത്തി ധാരണയുണ്ടാക്കിയെങ്കിലും പിന്നീട് ഈ ധാരണയിൽ നിന്ന് പിന്മാറുകയാണ് സമരാനുകൂലികൾ ചെയ്തത്. മാത്രമല്ല കീഴാറ്റൂർ സമരത്തിന്റെ പേര് പറഞ്ഞ് ഈ പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാവോയിസ്റ്റ് രാഷ്ട്രീയക്കാരൻ ഇടപെട്ടതടക്കമുള്ള കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ സമരക്കാർ ഒറ്റപ്പെടുകയായിരുന്നു. ബൈപ്പാസ് സമരക്കാർ ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോഴാണ് ആർ എസ് എസുകാർ അത്യന്തം ഹീനമായ ഒരു കൊലപാതക പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്.കീഴാറ്റൂർ വയലിൽ ഇരിക്കുകയായിരുന്ന സമരനേതാവിന്റെ അനുജനെയും മറ്റൊരാളെയും കൊലപ്പെടുത്തി സിപിഎം ന്റെ തലയിലാക്കാനുള്ളപദ്ധതി പൊലീസ് അന്വേഷണത്തിലൂടെ പുറത്ത് വരികയുണ്ടായി.

2018 മാർച് 14 ന് ബൈപ്പാസ് സർവേ പൂർത്തിയായീ.സർവ്വേ എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാർ പ്രഖാപിച്ചിരുന്നു.എന്നാൽ ബൈപ്പാസിന് അനുകൂലമായ വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ സർവ്വേ പ്രവർത്തനം സുഗമമായി നടന്നു.ആത്മാഹുതി ചെയ്യുമെന്ന് പ്രഖ്യാപിച്ച സമരക്കാർ അറസ്റ്റിനു വിധേയരായി.ഇപ്പൊഴാകട്ടെ ഈ വികസന പ്രശ്‌നം എൽ ഡി എഫ് സർക്കാറിനെതിരായ സമരമായി വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും മാറ്റിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ബൈപ്പാസ് അലൈന്മന്റ് തയ്യാറാക്കുന്നത് കേന്ദ്രഗവൺമെന്റിന് കീഴിലുള്ള നാഷണൽ ഹൈവേ അഥോറിറ്റിയാണ്. സംസ്ഥാന ഗവണ്മെന്റോ സിപിഐഎമ്മോ അല്ല. അലൈന്മന്റ് നിർണ്ണയത്തിൽ സിപിഎംനെ കുറ്റപ്പെടുത്തുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നാഷണൽ ഹൈവേ അഥോറിറ്റി അംഗീകരിച്ച അെൈലന്മെന്റ് അടിസ്ഥാനമാക്കി സ്ഥലം ഏറ്റെടുത്തുകൊടുക്കുന്ന ഉത്തരവാദിത്വമാണ് സംസ്ഥാന സർക്കാറിനുള്ളത്.

സർവ്വേ പൂർത്തിയായതോടെ സമരക്കാർ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞിരിക്കുക യാണ്.കീഴാറ്റൂർ പ്രദേശത്തെ 5 ഏക്കർ വയൽ മാത്രമാണ് നഷ്ടപ്പെടുക, തോട് നിലനിൽക്കും, മാത്രമല്ല ഇവിടെ നിർമ്മിക്കുന്ന ബൈപ്പാസിന് വേണ്ടി വരുന്ന മണ്ണ് ഹൈവേ നിർമ്മാണത്തിനിടയിൽ ലഭിക്കുന്നതാണെന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയക്കാരുടെ സമരത്തിന് ഇനി ഭാവിയില്ലെന്ന് വ്യക്തമായി.ബിജെപിയുടെ രാഷ്ട്രീയ കാപട്യവും വെളിവായിരിക്കുകയാണ്.അവർ കർഷകരക്ഷാ മാർച്ച് എന്ന പേരിൽ പരിഹാസ്യമായ ഒരു നാടകമാണ് നടത്തിയത്. കണ്ണൂർ ബൈപ്പാസിന്റെ അലൈന്മെന്റ് വയൽ വഴിയാക്കാൻ കേന്ദ്രസർക്കാറിന് നിവേദനം നൽകിയ നേതാവാണ് മാർച്ച് നടത്തിയതെന്ന സത്യം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.ബൈപ്പാസ് അലൈന്മെന്റ് മാറ്റണമെങ്കിൽ ബിജെപിക്കാരനായ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കാണ് മാർച്ച് നടത്തേണ്ടത്.ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ബിജെപി ശ്രമം തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ ഇടതുപക്ഷ വിരുദ്ധരും ഒരു കുടക്കീഴിൽ അണിനിരക്കുന്നതാണ് കീഴാറ്റൂരിൽ കണ്ടത്. മാവോയിസ്റ്റുകളും, ജമാഅത്തെ ഇസ്ലാമിയും, പോപ്പുലർഫ്രണ്ടും, ആർഎസ്എസു കാരും ഒറ്റ മനസ്സോടെ സിപിഎം വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കു ന്നത്.ഇതോടൊപ്പം ചില പരിസ്ഥിതി സംഘടനകളും അണിനിരക്കുന്നുണ്ട്. അതിൽ തെറ്റിദ്ധരിക്കപ്പെട്ടവരും പരിസ്ഥിതി മൗലികവാദികളും ഉൾപ്പെട്ടിട്ടുണ്ട്.കീഴാറ്റൂർ ബൈപ്പാസ് മാർക്‌സിസ്റ്റ് പദ്ധതിയാണെന്നും ഇതുമായി മുന്നോട്ട് പോയാൽ ഇവിടെ നന്ദിഗ്രാം ആവർത്തിക്കുമെന്നും അവർ പ്രചാരണം അഴിച്ചുവിട്ടു.

ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന നിലക്ക് അംഗീകാരം നേടിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലെ ചില ഭാഗങ്ങളോട് സിപിഎം ന് യോജിക്കാനാവില്ല.''കുറ്റിക്കോൽ ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ വയൽ വളരെ വീതി കുറഞ്ഞതാ യതിനാൽ കൂവോട്-കീഴാറ്റൂർ പ്രദേശങ്ങളിലെ വയൽ പൂർണ്ണമായും ഇല്ലാതാവും''. സർവ്വേ പൂർത്തിയായ സാഹചര്യത്തിൽ പരിഷത്തിന്റെ ഈ നിഗമനങ്ങൾ തെറ്റാണെന്ന് കാണാം.അതോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെക്കുന്ന സമഗ്ര വികസന കാഴ്ചപ്പാടാണ് ജനപക്ഷ രാഷ്ട്രീയമെന്നും കീഴാറ്റൂർ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട സിപിഎം വിരുദ്ധ മഹാസഖ്യം ജനവിരുദ്ധ രാഷ്ട്രീയമാണെന്നും പരിഷത്ത് തിരിച്ചറിയണം.

അതോടൊപ്പം കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും കള്ളക്കളിയും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. യഥാർത്ഥത്തിൽ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്താണ് നാഷണൽ ഹൈവേയുടെ വികസന കാര്യത്തിൽ മുഖ്യരാഷ്ട്രീയ പാർട്ടികൾ തമ്മിൽ സമവായം ഉണ്ടാക്കിയത്.ബൈപ്പാസുകളെ സംബന്ധിച്ചുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയതും യുഡിഎഫ് ഭരണകാലത്താണ്.അതിനാൽ കോൺഗ്രസ്സും മുസ്ലിം ലീഗും തളിപ്പറമ്പ് ബൈപ്പാസ് ഉൾപ്പടെയുള്ള നാഷണൽ ഹൈവേ വികസനം സംബന്ധിച്ച് തങ്ങളുടെ നിലപാട് തുറന്ന് പറയണമെന്നും കള്ളക്കളി അവസാനിപ്പിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടണം.

അതോടൊപ്പം വികസന വിരുദ്ധരെ പ്രോൽസാഹിപ്പിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിയാനും ജനങ്ങൾ തയ്യാറാവണം.കേരളത്തിന്റെ വികസനം ഭാവിതലമുറക്കടക്കം പ്രയോജനകര മാവുന്ന നിലയിലാണ് ഇന്നത്തെ സമൂഹം കാണേണ്ടത്.അതിന് പകരം സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കരുതെന്ന ദുഷ്ടബുദ്ധിയാണ് വലതുപക്ഷ മാധ്യമങ്ങൾക്ക് ഉള്ളത്.നമ്മുടെ നാടിന്റെ വികസനത്തെ ഇല്ലാതാക്കുന്ന നശീകരണ വാസനയിൽ നിന്ന് വലതുപക്ഷ മാധ്യമങ്ങൾ പിന്തിരിയണമെന്നും ജനങ്ങൾ ആവശ്യപ്പെടണം.

18 മാസക്കാലത്തെ ഭരണം കൊണ്ട് കേരളത്തിന്റെ ഏറ്റവും ജനപ്രിയമായ ഗവൺമെന്റായി പിണറായി സർക്കാർ മാറിയെന്ന് ജനശത്രുക്കൾക്ക് ബോധ്യമുണ്ട്. ഗവൺമെന്റ് നടപടികൾ ഈ നിലയിൽ മുന്നോട്ട് പോയാൽ കമ്മ്യുണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കേരളത്തിൽ നിന്ന്പിഴുതെറിയപ്പെടുമെന്നും അവർക്കറിയാം. കിട്ടാവുന്ന എല്ലാ സന്ദർഭങ്ങളെയും ഉപയോഗപ്പെടുത്തി സിപിഎം നെയും സംസ്ഥാന ഗവണ്മെന്റിനേയും ആക്രമിക്കാനാണ് വലതുപക്ഷവും ഒരു പറ്റം മാധ്യമങ്ങളും ശ്രമിക്കുന്നത്.

വികസന പദ്ധതികൾ തകർക്കാനുള്ള ജനശത്രുക്കളുടെ നീക്കങ്ങൾക്കെതിരായി നിതാന്തമായ ജാഗ്രത പാലിക്കണം.നിക്ഷിപ്ത താൽപര്യക്കാരുടെ ദുഷ്ടലാക്കിനെ തുറന്നുകാട്ടാൻ ഒറ്റക്കെട്ടായി നാം മുന്നോട്ട് പോകണം.വികസിത കേരളമെന്ന ലക്ഷ്യം നേടിയെടുക്കാൻ നാനാ വിശ്വാസികളായ ജനങ്ങളോട് സിപിഎം അഭ്യർത്ഥിക്കുന്നു.നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന ചോദ്യങ്ങൾക്ക് യു ഡി എഫ് കക്ഷികളും ബിജെപിയും ബൈപ്പാസ് വിരുദ്ധ സമരക്കാരും ആത്മാർത്ഥവും സത്യസന്ധവുമായ മറുപടി നൽകി നാടിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം നിർവഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1. കീഴാറ്റൂർ സമരത്തോടുള്ള യു ഡി എഫ് നിലപാടെന്ത്?
അനുകൂലമാണോ ? പ്രതികൂലമാണോ ?ചില നേതാക്കൾ സമരത്തോടൊപ്പവും ചിലർ എതിർത്തും നിലപാട് സ്വീകരിക്കുന്നത് എന്ത്‌കൊണ്ട് ?
2. തളിപ്പറമ്പ് ബൈപ്പാസ് നിർണ്ണയിക്കാനുള്ള പ്രവൃത്തി നടന്നത് യുഡിഎഫ് ഭരണകാലത്തല്ലേ? അന്ന് എന്തുകൊണ്ട് വയൽ വഴി വേണ്ടെന്ന് പറഞ്ഞില്ല ? നിങ്ങളുടെ കാലത്ത് മുടങ്ങിയ പ്രവർത്തി പുനരാരംഭിക്കുക മാത്രമല്ലേ ഇപ്പോൾ ചെയ്യുന്നത് ?
3. കീഴാറ്റൂർ വഴിയുള്ള ബൈപ്പാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണം വഴിയുള്ള ഒന്നാമത്തെ അലൈന്മെന്റാണോ പൂക്കോത്ത് തെരു വഴിയുള്ള രണ്ടാമത്തെ അലൈന്മെന്റാണോ നടപ്പിലാക്കേണ്ടത് ? തുറന്ന് പറയുക
4. ആറന്മുുളയിൽ 300 ഏക്കർ വയൽ നികത്തി സ്വകാര്യ കമ്പനിക്ക് വിമാനത്താവളം നിർമ്മിക്കാൻ അനുമതി നൽകിയത് യു ഡി എഫ് അല്ലേ ? അന്ന് അനുകൂലിച്ചവർ പൊതു ആവശ്യത്തിന് വേണ്ടി അഞ്ച് ഏക്കറിൽ താഴെ വയൽ ഏറ്റെടുക്കുന്ന തിനെ എതിർക്കുന്നു . ഇതെന്ത് നിലപാട് ?
5. കേരളത്തിലെ ഏതാണ്ട് എല്ലാ ബൈപ്പാസുകളും കടന്നു പോകുന്നിടത്ത് വയലുകളും തണ്ണീർത്തടങ്ങളുമുണ്ടെങ്കിലും .കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത രീതിയിൽ കീഴാറ്റൂരിൽ മാത്രം എതിർക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലേ?
6. കണ്ണൂർ ബൈപ്പാസിന്റെ കടാങ്കോട് ഭാഗത്ത് റോഡ് വാരംവയൽ വഴിയാക്കാൻ ഇടപെട്ടത് കീഴാറ്റൂരിൽ നിന്ന് മാർച്ച് നടത്തിയ അതേ ബിജെപി നേതാവല്ലേ ? അന്ന് എവിടെയായിരുന്നു വയൽ സ്‌നേഹം ?
7. കേരളത്തിൽ എല്ലായിടത്തും പരിസ്ഥിതി സംരക്ഷണം മുൻനിർത്തി ബൈപ്പാസുകൾക്ക് പകരം എലിവേറ്റഡ് ഹൈവേ മതിയെന്ന് ബിജെപി പറയുമോ ?
8. ഇന്ത്യയിലെ മറ്റേത് സംസ്ഥാനവും നൽകുന്നതിനേക്കാൾ നാലര ഇരട്ടിയിൽ അധികം നഷ്ടപരിഹാരം നൽകിയാണ് കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നത്.ഇത് ചൂണ്ടിക്കാട്ടി കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂടുതലാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നോ ?
9. കോൺഗ്രസ്സും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുച്ഛമായ വില നൽകിയാണ് ഭൂമി തട്ടിയെടുക്കുന്നതെന്ന കാര്യം അറിയുമോ ?

സസ്‌നേഹം
കണ്ണൂർ
03.04.2018 സെക്രട്ടറി
സിപിഎം
കണ്ണൂർ ജില്ലാ കമ്മറ്റി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP