Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരവൂർ വെടിക്കെട്ടിനു വാക്കാൽ അനുമതി നൽകിയത് എഡിഎമ്മെന്ന് ആരോപണം; ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എഡിഎമ്മിന്റെ മൊഴി എടുക്കുമെന്നു ക്രൈംബ്രാഞ്ച്; വെടിക്കെട്ടിന് അനുമതി നൽകിയിട്ടില്ലെന്ന് എഡിഎം

പരവൂർ വെടിക്കെട്ടിനു വാക്കാൽ അനുമതി നൽകിയത് എഡിഎമ്മെന്ന് ആരോപണം; ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എഡിഎമ്മിന്റെ മൊഴി എടുക്കുമെന്നു ക്രൈംബ്രാഞ്ച്; വെടിക്കെട്ടിന് അനുമതി നൽകിയിട്ടില്ലെന്ന് എഡിഎം

തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എഡിഎം ഷാനവാസിനെ ചോദ്യം ചെയ്യും. വെടിക്കെട്ടിനു വാക്കാൽ അനുമതി നൽകിയത് എഡിഎമ്മാണെന്ന സൂചനയെത്തുടർന്നാണ് ചോദ്യം ചെയ്യുക.

അതിനിടെ, ഇക്കാര്യത്തിൽ തനിക്കു വീഴ്ചയുണ്ടായിട്ടില്ലെന്നു കൊല്ലം എഡിഎം എസ് ഷാനവാസ് പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിൽ പൊലീസിനാണു വീഴ്ച പറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഫോണിലൂടെ വെടിക്കെട്ടിന് അനുമതി നൽകി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. വെടിക്കെട്ടിന് താൻ അനുമതി നൽകിയിട്ടില്ലെന്നും എഡിഎം പറഞ്ഞു. ഏപ്രിൽ എട്ടിനാണ് അനുമതി ഇല്ല എന്നു നോട്ടീസ് നൽകിയത്. എന്നാൽ, അതിനുശേഷം ആരുമായും ഫോണിലോ നേരിട്ടോ ഇക്കാര്യത്തിൽ വാക്കാൽ അനുമതി നൽകിയിട്ടില്ലെന്നും എഡിഎം പറഞ്ഞു.

എഡിഎമ്മിന്റെ ഫോൺ രേഖകളും പരിശോധിക്കുമെന്നാണ് ഇക്കാര്യത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറിയിച്ചത്. വെടിക്കെട്ടിന് എഡിഎം എസ് ഷാനവാസ് വാക്കാൽ അനുമതി നൽകുന്ന ശബ്ദ രേഖയുള്ളതായും സംശയം ഉയർന്നിട്ടുണ്ട്. ഉൽസവ കമ്മിറ്റി അംഗം പ്രേംലാൽ പൊലീസുകാരെ ശബ്ദരേഖ കേൾപ്പിച്ചിരുന്നതായാണു വിവരം. അതേസമയം, പ്രേംലാൽ ഇപ്പോൾ ഒളിവിലാണ്. ഔദ്യോഗിക വാഹനത്തിൽ വെടിക്കെട്ട് സ്ഥലത്ത് തഹസിൽദാർ എത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. എഡിഎം അനുമതി നൽകിയതിനാലാണ് തഹസിൽദാർ എത്തിയതെന്നാണ് നിഗമനം.

അതിനിടെ, പരവൂർ ക്ഷേത്ര ഭാരവാഹികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരവൂർ കോടതി തള്ളി. പരവൂർ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പരവൂർ കൂനയിൽ പത്മ വിലാസത്തിൽ പി.എസ്. ജയലാൽ (46), സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തിൽ കൃഷ്ണൻകുട്ടിപിള്ള (61), കോട്ടപ്പുറം കോങ്ങാൽ ചന്ദ്രോദം വീട്ടിൽ സി.രവീന്ദ്രൻപിള്ള (64), പൊഴിക്കര കടകത്ത് തൊടിയിൽ ജി. സോമസുന്ദരൻപിള്ള ( 47 )എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സെക്രട്ടറി കൃഷ്ണൻകുട്ടിപിള്ളയെ ഒന്നാം പ്രതിയും പ്രസിഡന്റ് പി.എസ്. ജയലാലിനെ രണ്ടാം പ്രതിയുമാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കോങ്ങാൽ സുരഭിയിൽ സുരേന്ദ്രനാഥൻപിള്ള (65), കോങ്ങാൽ മനീഫ കോട്ടേജിൽ മുരുകേശൻ (50) എന്നിവർ ചൊവ്വാഴ്ച കീഴങ്ങിയിരുന്നു. അനുമതി ഇല്ലാതെ പൊട്ടാസ്യം ക്‌ളോറേറ്റ് സൂക്ഷിച്ചതിനും വെടിക്കെട്ട് സാമഗ്രികളിൽ ചേർത്തതിനും എക്‌സ്പ്ളോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

സമ്പൂർണ വെടിക്കെട്ടു നിരോധനം വേണമെന്ന നിലപാടാണു തങ്ങൾക്കുള്ളതെന്നു സംസ്ഥാന പൊലീസ് വ്യക്തമാക്കി. ഡിജിപി ടി പി സെൻകുമാറാണ് അഡ്വക്കറ്റ് ജനറലിനെ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്. നിയന്ത്രണങ്ങൾ ഫലപ്രദമാകില്ലെന്നും നടപ്പിൽ വരുത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടാകുമെന്നുമാണു പൊലീസ് മേധാവി പറയുന്നത്.

പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാ രേഖാമൂലം ഇക്കാര്യം എജിയെ അറിയിച്ചത്. പള്ളികളിലും ക്ഷേത്രങ്ങളിലുമായി ഏതാണ്ട് മൂവായിരത്തോളം കേന്ദ്രങ്ങളിൽ വലിയ വെടിക്കെട്ടുകൾ നടക്കുന്നുണ്ട്. ഇവിടെയെല്ലാം ഉപയോഗിക്കുന്ന വെടിക്കോപ്പുകളുടെ അളവ് പരിശോധിച്ച് കണ്ടെത്തുക ദുഷ്‌കരമാണ്. നിരോധിത രാസവസ്തുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താനും പൊലീസിന് പരിമിതികളുണ്ടെന്നും ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ ലേസർ ഉപയോഗിച്ചുള്ള ദൃശ്യവിസ്മയം ഒരുക്കിയാൽ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും ഡിജിപി അറിയിച്ചു. അതേസമയം വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്ത് അറിയിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് എജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP