Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷ്ണുവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു; തൃശൂർ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്‌പി ബിജു കെ.സ്റ്റീഫന് അന്വേഷണച്ചുമതല; റിപ്പോർട്ട് നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും

ജിഷ്ണുവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു; തൃശൂർ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്‌പി ബിജു കെ.സ്റ്റീഫന് അന്വേഷണച്ചുമതല; റിപ്പോർട്ട് നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും

തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാമ്പാടി എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രാണോയ്(18) കോപ്പിയടി ആരോപണത്തെത്തുടർന്നുള്ള പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം തൃശൂർ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്‌പി ബിജു കെ.സ്റ്റീഫനാണ് അന്വേഷണച്ചുമതല നല്കിയിരിക്കുന്നത്. വിപുലമായ അന്വേഷണം നടത്താനാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.

ജിഷ്ണുവിന്റെ മരണത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഡിജിപി ലോക്‌നാഥ് ബഹ്‌റ തൃശൂർ റേഞ്ച് ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെ വിഷ്ണു കോപ്പിടയിച്ചതിനു തെളിവില്ലെന്ന് ശാസ്ത്ര സാങ്കേതിക സർവകലാശാലയും വ്യക്തമാക്കുകയുണ്ടായി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നല്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യധാരാ മാദ്ധ്യമങ്ങൾ കാര്യമാക്കാതിരുന്ന സംഭവം ഓൺലൈൻ മാദ്ധ്യമങ്ങളുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യം വിട്ടുനിന്നിരുന്ന ചാനലുകൾ അടക്കമുള്ള പ്രമുഖ മാദ്ധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു. ഇതിന്റെ ഒടുക്കമാണ് മരണം നടന്ന് അഞ്ചാം ദിവസം ക്രൈംബ്രാഞ്ച് കേസ് എറ്റെടുത്തിരിക്കുന്നത്.

കോളജ് അധികൃതരിൽനിന്നും ജിഷ്ണുവിന്റെ സഹപ്രവർത്തകരിൽനിന്നും ബന്ധുക്കളിൽനിന്നും മൊഴിയെടുക്കാൻ വൈകിയ പശ്ചാത്തലത്തിൽക്കൂടിയാണ് കാര്യക്ഷമമായ അന്വേഷണത്തിന് ലക്ഷ്യമിട്ട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്.

കോഴിക്കോട് നാദാപുരം വളയം സ്വദേശി ജിഷ്ണു വെള്ളിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിയിച്ചെന്നാരോപിച്ച് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തുകയും പിന്നീട് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽകൊണ്ടുപോയി മർദിക്കുകയും ചെയ്തുവെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നു. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്നിറങ്ങിയ ജിഷ്ണു നിരാശനായിരുന്നു. വൈകിട്ട് ഹോസ്റ്റൽ മുറിയിൽ കയറി വാതിലടച്ച വിദ്യാർത്ഥി കൈയിലെ ഞെരമ്പു മുറിച്ചശേഷം കെട്ടിത്തൂങ്ങുകയായിരുന്നു. സഹപാഠികൾ വാതിൽ ചവിട്ടിപ്പൊളിച്ചെത്തുമ്പോഴും ജിഷ്ണുവിനു ജീവൻ പോയിരുന്നില്ല. എന്നാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ പോലും കോളജ് അധികൃതർ തയാറായില്ലെന്ന് സഹപാഠികൾ ആരോപിച്ചു.

മർദനവും ഭീഷണിയുമാണ് ജിഷ്ണുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിച്ചു പറയുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകൾ മർദനമേറ്റതിന്റെ ലക്ഷണങ്ങളാണെന്ന് ബന്ധുക്കൾ തറപ്പിച്ചു പറഞ്ഞു. പഠനത്തിൽ ഏറെ മിടുക്കനായ ജിഷ്ണു കോപ്പിയടിച്ചെന്ന കോളജ് അധികൃതയുടെ വാദം പോലും തെറ്റാണെന്നാണ് പറയപ്പെടുന്നത്.

ഇതിനിടെ ജിഷ്ണു കോപ്പിയടിച്ചെന്ന കാര്യം കോളജ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ശാസ്ത്രസാങ്കേതിക സർവകലാശാലയും വ്യക്തമാക്കി. കോപ്പിടയടി നടന്നാൽ അന്നുതന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് നിയമം. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിരുന്നില്ലെന്ന് സാങ്കേതിക സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ഷാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. കോപ്പിയടി പിടിച്ച വിഷമത്തിലാണ് ജിഷ്ണു ജീവനൊടുക്കിയതെന്ന കോളജ് അധികൃതരുടെ വാദത്തിന് ഇതോടെ നിലനിൽപ്പ് ഇല്ലാതായി.

സാങ്കേതിക സർവകലാശാല രജിസ്ട്രാറും പരീക്ഷാ കൺട്രോളറും കോളജിലെത്തി പ്രിൻസിപ്പാളിന്റെയും വിദ്യാർത്ഥികളുടെയും മൊഴിയെടുത്തു. സാങ്കേതിക സർവ്വകലാശാല രജിസ്ട്രാർ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് കൈമാറും.

കോപ്പിയടിയുടെ പേരിൽ ജിഷ്ണുവിനു താക്കീത് നല്കുകമാത്രമാണു ചെയ്തതെന്നടക്കമുള്ള കോളജ് അധികൃതരുടെ വാദങ്ങൾ പൊളിയുന്ന പശ്ചാത്തലത്തിൽ കോളജ് അധികൃതർക്കെതിരേ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്.

ജിഷ്ണുവിന്റെ മരണത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെല്ലാം ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തിയത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥി സംഘടനകൾ കോളജ് അടിച്ചു പൊളിച്ചിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥന്റെ മകനും കോളജ് പിആർഒയുമായ സഞ്ജിത് വിശ്വനാഥൻ അടക്കമുള്ളവർക്ക് വിഷ്ണുവിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കോളജ് അധികൃതരെ എതിർക്കുന്ന വിദ്യാർത്ഥികളെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മർദിക്കുകവരെ ചെയ്യുക പതിവാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇതിനായി ഇടിമുറി വരെ കോളജിലുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP