Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നര പതിറ്റാണ്ടിന്റെ സേവനത്തിന് ഇന്ന് ഫുൾസ്റ്റോപ്പ്; തൃശ്ശൂരിന്റെ സ്വന്തം ഡഫേദാർ പരമേശ്വരൻ സത്യൻ ഇന്ന് തലപ്പാവും സ്ഥാനചിഹ്നങ്ങളും അഴിച്ചുവെക്കുന്നത് ഇരുപത്തേഴ് കളക്ടർമാരോടൊപ്പം സേവനം നടത്താനായതിന്റെ ചാരിതാർത്ഥ്യത്തോടെ; സൈക്കിളിനെയും മുണ്ടിനെയും ഇഷ്ടപ്പെടുന്ന സത്യന് പകരം ഇനി സി കെ ജോഷി ഡഫേദാറാകും

മൂന്നര പതിറ്റാണ്ടിന്റെ സേവനത്തിന് ഇന്ന് ഫുൾസ്റ്റോപ്പ്; തൃശ്ശൂരിന്റെ സ്വന്തം ഡഫേദാർ പരമേശ്വരൻ സത്യൻ ഇന്ന് തലപ്പാവും സ്ഥാനചിഹ്നങ്ങളും അഴിച്ചുവെക്കുന്നത് ഇരുപത്തേഴ് കളക്ടർമാരോടൊപ്പം സേവനം നടത്താനായതിന്റെ ചാരിതാർത്ഥ്യത്തോടെ; സൈക്കിളിനെയും മുണ്ടിനെയും ഇഷ്ടപ്പെടുന്ന സത്യന് പകരം ഇനി സി കെ ജോഷി ഡഫേദാറാകും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഇരുപത്തിയേഴു കളക്ടർമാർ. മൂന്നര പതിറ്റാണ്ടുകാലം. ഒരേ ഓഫീസിൽ തുടർച്ചയായി ജോലി നോക്കിയ കോഴിപറമ്പിൽ പരമേശ്വരൻ സത്യൻ ഇന്ന് ജോലിയിൽ നിന്നും വിരമിക്കുമ്പോഴും മുഖത്ത് ആ വിനയം നിറഞ്ഞ ചിരി മാത്രം. മുപ്പത്തഞ്ചു വർഷത്തെ പതിവു തെറ്റാതെ ഇന്നും എൽതുരുത്തിൽ നിന്നും സത്യൻ ഹീറോ സൈക്കിളിൽ തൃശ്ശൂർ കളക്ടറേറ്റിലേക്കു വന്നത് യാത്ര പറയാനാണ്. സർക്കാർ ജീവനക്കാരിൽ ഇന്നും ബ്രിട്ടീഷ് ഭരണത്തിന്റെ സ്മരണ പേറുന്ന യൂണിഫോം ഇന്ന് ഡഫേദാർ സത്യൻ അഴിച്ചുവെക്കും. ഇനി വിശ്രമ ജീവിതം. 

മുപ്പത്തഞ്ചു വർഷം ഒരേ ഓഫീസിൽ ജോലി. പല കളക്ടർമാരുടെയും ഡഫേദാറായി സേവനം അനുഷ്ടിച്ച സത്യന് പക്ഷേ യാത്രയയപ്പ് വേണ്ട എന്നാണ് നിലപാട്. യാത്രയയപ്പ് വേണ്ടെന്നു പറഞ്ഞ സത്യനോട് കളക്ടർ ടി.വി. അനുപമ ചോദിച്ചു, 'എന്താ സെന്റ് ഓഫ് വേണ്ടെന്നു പറഞ്ഞത്....?' ഡഫേദാർ കളക്ടറോട് പറഞ്ഞതിങ്ങനെ: 'വേണ്ട മാഡം, എനിക്കതൊരു ബുദ്ധിമുട്ടാണ്.' 'ആളുകൾ നമ്മളെക്കുറിച്ച് സ്‌നേഹത്തോടെ പറയുന്നത് കേട്ടാൽ ഞാൻ കരഞ്ഞുപോകും. ഒരുപാട് പേർ കരയുന്നത് ഇക്കാലത്തിനിടയ്ക്ക് കണ്ടിട്ടുണ്ട്; ചില കളക്ടർമാർ വരെ'. യാത്രയയപ്പ് വേണ്ടാത്തതിന്റെ യഥാർഥ കാരണം അൽപം വിഷമത്തോടെയെങ്കിലും ഡഫേദാർ സത്യൻ പറയുന്നു.

സത്യൻ 1984 ജനുവരി 20-നാണ് കളക്ടറേറ്റിൽ പ്യൂൺ ആയി ജോലിക്ക് കയറുന്നത്. ദിനേശ് ശർമ 1990-ൽ കളക്ടറായിരിക്കേയാണ് സത്യൻ കളക്ടറുടെ ചേംബറിലെ പ്യൂൺ ആകുന്നത്. ഒരു വർഷത്തിനുശേഷം ദിനേശ് ശർമ സ്ഥലംമാറിപ്പോയി. പക്ഷേ, സത്യൻ ഒരുകാലത്തും സ്ഥലംമാറാതെ ചേംബറിൽ ഉറച്ചു. എല്ലാവരോടും സ്‌നേഹത്തോടെയും വിനയത്തോടെയുമുള്ള സത്യന്റെ പെരുമാറ്റത്തിലൂടെ ആ സ്ഥാനം അറിയാതെ ഉറച്ചുപോവുകയായിരുന്നു. ഇരുപത്തിയേഴ് കളക്ടർമാരിൽ ഒരാൾക്കുപോലും സത്യനെ വേണ്ടെന്ന് തോന്നിയില്ല.

ഡോ.എം. ബീന കളക്ടറായിരിക്കേ 2006-ലാണ് സത്യൻ ഡഫേദാറാകുന്നത്. സത്യന്റെ എക്കാലത്തെയും വേഷം മുണ്ടും ഷർട്ടുമായിരുന്നു. ഡഫേദാറാകുന്നതിനു മുമ്പ് ഒരിക്കൽ പോലും പാന്റ്‌സിട്ടിട്ടില്ല. ഡഫേദാറായാൽ പാന്റ്‌സിടേണ്ടിവരുമെന്ന പേടികാരണം ആ സ്ഥാനം വേണ്ടെന്ന് എഴുതിക്കൊടുത്തയാളാണ് 13 വർഷം ഡഫേദാറായി പണിയെടുത്ത നിറഞ്ഞ ചിരിയുള്ള എൽത്തുരുത്തുകാരൻ. ഇപ്പോഴും വീട്ടിൽനിന്ന് മുണ്ടുടുത്താണ് ഓഫീസിലേക്കുള്ള പോക്ക്.

കൗതുകം തോന്നുന്ന ഡഫേദാർ

ജില്ലാ കളക്ടറുടെ കാവൽക്കാരാണ് സർജന്റ് പ്രൊട്ടക്ടർ എന്ന ഡഫേദാർ. പണ്ടത്തെ കൊട്ടാരം കാവൽക്കാരനെന്ന് തോന്നുന്ന വേഷം. വെള്ള പാന്റ്‌സും ഷർട്ടും തലപ്പാവും ചുവപ്പ് ക്രോസ്‌ബെൽറ്റുമാണ് ഔദ്യോഗിക വേഷം. കുറച്ചുകാലം മുൻപ് തലപ്പാവിനു പകരം സാധാരണ തൊപ്പിയാക്കിയതാണ് വേഷത്തിൽ ആകെ വന്ന പരിഷ്‌കാരം. ശംഖുരൂപത്തിൽ സ്വർണക്കരയുള്ള ചുവന്ന ക്രോസ്‌ബെൽറ്റിൽ കൊളുത്തിയിട്ട സർക്കാർ മുദ്ര ഇവർക്കുള്ള അംഗീകാരമാണ്.

ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമാണ് ഡഫേദാർ. കളക്ടറുടെ ശിപായിയാണ് ഇവർ. കളക്ടർക്കൊപ്പം നിഴൽപോലെ ഉണ്ടാകും. ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റൻഡറെയാണ് ഡഫേദാറായി നിയമിക്കുന്നത്. കളക്ടറുടെ സന്ദർശകരെ നിയന്ത്രിക്കുക, കളക്ടർ എവിടെ പോയാലും മുൻപിൽ വഴിയൊരുക്കി നടക്കുക, ഏൽപ്പിക്കുന്ന മറ്റ് ജോലികൾ ചെയ്യുക എന്നിവയൊക്കെയാണ് ഡഫേദാർ ചെയ്യുക. പ്രത്യേക സമയക്രമമൊന്നുമില്ല ഇവർക്ക്. കളക്ടർ വിളിക്കുമ്പോൾ അല്ലെങ്കിൽ കളക്ടർ ഓഫീസിലെത്തിയാൽ, അതിപ്പോൾ രാവിലെയായാലും രാത്രിയായാലും ഡഫേദാർ ഹാജരായിരിക്കണം.

കളക്ടറായിരുന്ന കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ്, കളക്ടറുടെ കോൺഫിഡെൻഷ്യൽ അസിസ്റ്റന്റ് ആയ എം.കെ. രമേശൻ, എ.ഡി.എം. ആയിരുന്ന സി.വി. സജൻ എന്നിവരൊക്കെ തന്നെ വ്യക്തിപരമായിപ്പോലും സഹായിച്ചിട്ടുണ്ടെന്ന് സത്യൻ പറയുന്നു.

സൈക്കിൾ യാത്ര

മൂന്നരപ്പതിറ്റാണ്ടിന്റെ ജോലിക്കാലത്ത് സൈക്കിളായിരുന്നു സത്യന് ആശ്രയം. ഏഴു സൈക്കിളുകൾ മാറിമാറി ഉപയോഗിച്ചു. എല്ലാം 'ഹീറോ' സൈക്കിളുകൾ. രാവിലെ അഞ്ച് അമ്പലങ്ങളിലെങ്കിലും പോയിട്ടാണ് സത്യൻ ഓഫീസിലെത്തുക. അതിന് സൗകര്യം സൈക്കിളാണ്. തിരിച്ച് ഓഫീസിൽ നിന്നിറങ്ങുക ചിലപ്പോൾ രാത്രിയിലാകും. വണ്ടികിട്ടാതെ വിഷമിക്കേണ്ടിയും വരില്ല. സൈക്കിൾ കൈവിടാത്തതിന് സത്യൻ നിരത്തുന്ന കാരണങ്ങൾ ഇവയൊക്കെയാണ്. ഇന്ധനവിലയും ഹർത്താലുമൊന്നും ബാധിക്കാതെ സൈക്കിൾ സത്യനെ മൂന്നരപ്പതിറ്റാണ്ട് സേവിച്ചു. സൂര്യകലയാണ് ഭാര്യ.

മേലധികാരികളോട് തികഞ്ഞ ആത്മാർത്ഥ പുലർത്തിയിരുന്ന സത്യനോട് കളക്ടർമാർക്കും വലിയ കാര്യമായിരുന്നു. 1998-99 കാലത്ത് തൃശ്ശൂരിന്റെ കളക്ടറായിരുന്ന രാജുനാരായണ സ്മാമി സത്യനെ 'കുഞ്ഞേ...' എന്നായിരുന്നു വിളിച്ചിരുന്നത്. കുറച്ചു കഴിഞ്ഞ് മടിച്ചുമടിച്ചാണെങ്കിലും സത്യൻ അദ്ദേഹത്തോട് പറഞ്ഞു, 'സാറിന് എന്നേക്കാൾ പ്രായം കുറവല്ലേ... അപ്പോ ഈ കുഞ്ഞേ വിളി...' ശീലിച്ചുപോയില്ലേ, ഇനി മാറ്റാൻ ബുദ്ധിമുട്ടാണെന്നായിരുന്നു സ്വാമിയുടെ മറുപടി. മറ്റൊരു കളക്ടറായിരുന്ന പി.ബി. സിദ്ധാർഥൻ 'അനിയാ' എന്നാണ് സത്യനെ വിളിച്ചിരുന്നത്.

സ്ഥലംമാറിപ്പോയെങ്കിലും കളക്ടർമാരിൽ ചിലർ ഇപ്പോഴും വിളിച്ച് സത്യന്റെ വിശേഷമന്വേഷിക്കാറുണ്ട്. തൃശ്ശൂർ കളക്ടറായിരുന്ന ഇപ്പോഴത്തെ സപ്ലൈകോ സി.എം.ഡി. എം.എസ്. ജയ ഇടയ്ക്ക് വിളിച്ച് വിശേഷമന്വേഷിക്കാറുണ്ടെന്ന് സത്യൻ പറയുന്നു. 'രണ്ടുദിവസം മുന്നേയും ഇവർ സത്യനെ വിളിച്ചിരുന്നു.

മുടങ്ങാത്ത ക്ഷേത്രദർശനം

ജോലിയിൽ എന്നപോലെ തന്നെ ക്ഷേത്ര ദർശനത്തിലും സത്യന് വിട്ടുവീഴ്‌ച്ചയില്ല. നിത്യേന ക്ഷേത്രദർശനം നടത്തുന്നയാളായതിനാൽ താത്പര്യമുള്ള കളക്ടർമാർക്ക് അമ്പലത്തിലെ പ്രസാദവും നൽകും. ഇപ്പോഴത്തെ കളക്ടർ അനുപമയ്ക്ക് പഴനിയിലെ പഞ്ചാമൃതം ഇഷ്ടമാണ്. ഇടയ്ക്ക് പഴനിയിൽ പോകുന്ന സത്യൻ കളക്ടറുടെ ഓഫീസിൽ പ്രത്യക്ഷപ്പെടുക പഞ്ചാമൃതവുമായിട്ടായിരിക്കും. എം.എസ്. ജയയ്ക്കും എ. കൗശിഗനുമെല്ലാം ശബരിമലയിലെ പ്രസാദം നൽകുമായിരുന്നു.

തന്റെ സേവനകാലത്തെ മറക്കാത്ത അനുഭവം പ്രളയകാലത്തെ ദുരിതാശ്വസ ഏകോപന പ്രവർത്തനങ്ങളാണ് എന്ന് സത്യൻ പറയും. കളക്ടർ അനുപമയോടൊപ്പം പ്രളയകാലത്ത് അഞ്ചുദിവസം വീട്ടിൽ പോകാതെ, രാപകലില്ലാതെ ജോലി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മീറ്റിങ്ങുകൾ, ഫോൺവിളികൾ. തൃശ്ശൂരിലെ മന്ത്രിമാരുമായുള്ള യോഗമൊക്കെ മിക്കപ്പോഴും രാത്രി 10-11 മണി കഴിഞ്ഞിട്ടാകും. ഊണും ഉറക്കവും മറന്ന് പണിയെടുത്ത കളക്ടർക്കൊപ്പം നിഴലായി തന്നെ സത്യനും ഉണ്ടായിരുന്നു.

ഇനിമുതൽ പുതിയ ഡഫേദാർ

സത്യൻ വിരമിക്കുമ്പോൾ ചെന്ത്രാപ്പിന്നിക്കാരനായ സി.കെ. ജോഷിയാണ് തൃശ്ശൂരിന്റെ പുതിയ ഡഫേദാർ. കൊടുങ്ങല്ലൂർ താലൂക്കിലെ ഓഫീസ് അറ്റൻഡന്റ് ആയ ജോഷി 23 വർഷത്തെ സേവനത്തിന് ശേഷമാണ് ഡഫേദാറാകുന്നത്. ഇനി പത്തുവർഷം തൃശ്ശൂർ കളക്ടറുടെ നിഴലായി ജോഷിയുണ്ടാകും. തന്റെ ഔദ്യോഗിക ചിഹ്നമായ സ്വർണക്കസവുള്ള ചുവന്ന ക്രോസ്‌ബെൽറ്റ് ജോഷിക്ക് കൈമാറിയാണ് സത്യന്റെ മടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP