Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ്സ് വിട്ട് ഡി.ഡി.എഫ് രൂപീകരിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തോടെ അടുപ്പക്കാർ ശത്രുക്കളായി; ജെയിംസ് പന്തമാക്കലിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിനെ ചൊല്ലി വിവാദം

കോൺഗ്രസ്സ് വിട്ട് ഡി.ഡി.എഫ് രൂപീകരിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തോടെ അടുപ്പക്കാർ ശത്രുക്കളായി; ജെയിംസ് പന്തമാക്കലിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിനെ ചൊല്ലി വിവാദം

രഞ്ജിത് ബാബു

കാസർഗോഡ്: കോൺഗ്രസ്സ് വിട്ട് ഡി.ഡി.എഫ് രൂപീകരിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ജെയിംസ് പന്തമാക്കലിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിനെ ചൊല്ലി വിവാദം. കോൺഗ്രസ്സ് തനിച്ച് ഭരിച്ചിരുന്ന പഞ്ചായത്ത് വിമത പ്രവർത്തനത്തിലൂടെ കോൺഗ്രസ്സ് വിട്ട് അധികാരത്തിലേറിയ ജെയിംസ് പന്തമാക്കലിനെ കേസിൽ കുടുക്കിയത് കോൺഗ്രസ്സ് കാരാണെന്ന് ഡി.ഡി. എഫ് പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ ജെയിംസിനേയും പഞ്ചായത്ത് ഭരണത്തേയും പ്രതിക്കൂട്ടിൽ നിർത്തുന്നു. സ്ഥലമിടപാടുൾപ്പെടെയുള്ള 149 രേഖകളും 49,000 രൂപയും 30 പവൻ സ്വർണ്ണാഭരണങ്ങളുമാണ് വീട്ടിലും ഓഫീലുമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

പഞ്ചായത്ത് അംഗം വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച ജെയിംസ് വരുമാനത്തിന്റെ ഇരട്ടിയോളം വസ്തു വകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന രേഖകളും വിജിലൻസ് പിടികൂടിയാതായി അറിയുന്നു. കോൺഗ്രസ്സുമായി ഇടഞ്ഞ ജെയിംസ് പന്തമാക്കൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ഡി.ഡി.എഫ്. എന്ന മുന്നണി രൂപീകരിച്ച് മത്സരത്തിനിറങ്ങിയത്. എൽ.ഡി.എഫ്. ഇവരെ പിൻതുണച്ചതോടെ പത്ത് സീറ്റുകൾ നേടി ജെയിംസിന്റെ മുന്നണി പഞ്ചായത്ത് ഭരണം ഏൽക്കുകയായിരുന്നു. കോൺഗ്രസ്സ് ഭൂരിപക്ഷ പ്രദേശത്ത് ഒരു സീറ്റിൽ മാത്രം കോൺഗ്രസ്സ് വിജയിച്ചു. ഭരണമേറ്റ ശേഷം നിരവധി അനുരഞ്ജന ചർച്ചകൾ നടന്നെങ്കിലും കോൺഗ്രസ്സിലേക്ക് ജെയിംസും കൂട്ടരും തിരിച്ച് പോയില്ല.

ഡി.ഡി.എഫ്. ഭരണ സമിതി അധികാരമേറ്റ് രണ്ടര വർഷം കഴിയുമ്പോഴാണ് വിജിലൻസ് പരിശോധന നടന്നത്. അതോടെ ഡി.ഡി.എഫിനെതിരെ ജനവികാരം തിരിഞ്ഞിരിക്കയാണ്. വിജിലൻസ് കേസിൽപെട്ട് ജെയിംസിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് രംഗത്തിറങ്ങിയിരിക്കയാണ്. വിജിലൻസ് റെയ്ഡ് നടത്തവേ തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് മറ്റൊരു പൊലീസ് പരാതി കൂടി ജെയിംസിനെതിരെ നൽകിയിട്ടുണ്ട്. കാസർഗോഡ് കലക്ടറും പൊലീസ് ചീഫുമാണ് വിജിലൻസിനൊപ്പം റവന്യൂ പൊലീസ് ഉദ്യോഗസ്ഥരെ അയച്ചത്. അവർക്ക് മുമ്പാകെ പിടിച്ചെടുത്ത മുഴുവൻ രേഖകളുടെ പകർപ്പും വീട്ടുകാർ കൈമാറിയിട്ടുണ്ട്.

തന്റെ വീട്ടിൽ നിന്നും റെയ്ഡിനിടെ 22,000 രൂപ നഷ്ടപ്പെട്ടതായി ജെയിംസ് തിരിച്ചും പരാതി നൽകിയിട്ടുണ്ട്. പരിശോധനക്ക് കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ഡി.വൈ. എസ്‌പി. മാരായ എസ്. ഷാനവാസ്, എ.സി. ചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ്സ് ഭരിച്ചിരുന്ന ഈ മലയോര പഞ്ചായത്തിൽ ഡി.ഡി.എഫ്. രൂപീകരിച്ച് കോൺഗ്രസ്സിനെതിരെ തിരിഞ്ഞത് സംസ്ഥാന തല ചർച്ചയായിരുന്നു. വി എം. സുധീരൻ കെപിസിസി. പ്രസിഡണ്ടായ കാലത്തുണ്ടായ വിമത പ്രവർത്തനത്തിന് തടയിടാൻ അദ്ദേഹത്തിനുമായിരുന്നില്ല.

കെ.സുധാകരനുൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളും നിരവധി തവണ അനുരഞ്ജന നീക്കം നടത്തിയെങ്കിലും ജെയിംസ് കോൺഗ്രസ്സിനെതിരെ നില കൊള്ളുകയായിരുന്നു. എന്നാൽ അടുത്തിടെ നടന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ജയിച്ചത് ഡി.ഡി.എഫിന് വൻ തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP