Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യാനിയും മുസ്ലിംമും ക്ഷേത്രഭരണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ ഭയക്കുന്നത് ദളിതരും ആദിവാസികളും പൂജാരിമാരാകുന്ന കാലത്തെ; ദേവസ്വം ബോർഡ് നിയമനം പിഎസ് സിക്ക് വിട്ടാൽ സംവരണവും ഉറപ്പ്: തുറന്നെതിർക്കാനാവാതെ സംഘപരിവാർ

ക്രിസ്ത്യാനിയും മുസ്ലിംമും ക്ഷേത്രഭരണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ ഭയക്കുന്നത് ദളിതരും ആദിവാസികളും പൂജാരിമാരാകുന്ന കാലത്തെ; ദേവസ്വം ബോർഡ് നിയമനം പിഎസ് സിക്ക് വിട്ടാൽ സംവരണവും ഉറപ്പ്: തുറന്നെതിർക്കാനാവാതെ സംഘപരിവാർ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണം നിലനിൽക്കുന്ന സമയത്താണ് ക്ഷേത്രഭരണം നടത്തുന്നത് മുസ്ലിംങ്ങളും ക്രിസ്ത്യാനികളുമാണെന്ന് സംഘപരിവാർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ക്ഷേത്രവരുമാനം സർക്കാർ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്ന പ്രചരണമായിരുന്നു ഈക്കൂട്ടർ നടത്തിയത്. എന്നാൽ, അതിന് അടിസ്ഥാനമില്ലെന്ന് രേഖകളിലൂടെ തന്നെ വ്യക്തമാകുകയും ചെയ്തു. എന്നാൽ, ഇത്തരം പ്രചരണം നടത്തുന്നവർ ശരിക്കും ഭയക്കുന്നത് അബ്രാഹ്മണരായ ദളിതനും ആദിവാസികളും ക്ഷേത്ര പൂജാരിമാരാകുന്ന സാമൂഹികാവസ്ഥയെയാണ്. സവർണ്ണ മനോഭാവം വച്ചു പുലർത്തുന്ന സംഘപരിവാറിന് ഈ വിഷയത്തിൽ ശക്തമായ നിലപാട് കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.

ഇടതു സർക്കാർ അധികാരത്തിൽ എത്തിയതോടെ ദേവസ്വം ബോർഡുകളിലെ നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെയാണ് തുറന്നെതിർക്കാൻ സംഘപരിവാറിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിയമനം പിഎസ്‌സിക്ക് വിടുന്നതോടെ ദേവസ്വം ബോർഡുകളിലെ സവർണ്ണ മേൽക്കോയ്മയിൽ ഇടിവ് സംഭവിക്കും. നിയമനത്തിൽ സംവരണ മാനദണ്ഡങ്ങളും ഉൾപ്പെടുത്തും എന്നതു കൊണ്ട് തന്നെ അബ്രാഹ്മണൽ അടക്ക0ം ശാന്തിക്കാരിയ എത്തും. ഇത് ചുരുക്കത്തിൽ കേരളത്തിൽ ഒരു വിപ്ലവത്തിന് തന്നെ വഴിവെക്കും.

പ്രധാന കർമമായ പൂജാവിധികളിൽ 99 ശതമാനവും നിർവഹിച്ചിരുന്നത് ബ്രാഹ്മണരാണ്. അതിനാൽ ശാന്തി തസ്തികയിൽ കൂടി സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ സംവരണ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാൽ ശാന്തി മേഖലയിലെ ബ്രഹ്മണ മേധാവിത്വം തകരുന്ന സ്ഥിതിവിശേഷം വരും. പൂജാവിധികൾ അറിയുന്നവരുടെ ജാതി നോക്കാതെ തന്നെ ശാന്തിക്കാരാക്കുന്നതിൽ തെറ്റില്ലെന്ന് അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിരുന്നു.

ജന്മംകൊണ്ട് ആരും ബ്രാഹ്മണനാകുന്നില്ലെന്നും ബ്രാഹ്മണ്യം കർമത്തിൽ അധിഷ്ഠിതമാണെന്നുമുള്ള വേദവചനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ശാന്തി തസ്തികയിലും സംവരണം നടപ്പാക്കണമെന്ന് പൂജാവിധികൾ പഠിച്ച ഇതര സമുദായക്കാർ വാദിക്കുന്നത്. ഇതു പ്രാവർത്തികമായാൽ ഹിന്ദു സമുദായത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണു ഹൈന്ദവ സംഘടനകളുടെ കണക്കുകൂട്ടൽ. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഇതുവരെ സംവരണം പാലിച്ചിരുന്നില്ല. സംസ്ഥാനത്ത് നിലവിലുള്ള അഞ്ചു ദേവസ്വം ബോർഡുകളിലും ജോലിചെയ്യുന്ന 80 ശതമാനത്തിലധികം പേരും സവർണ സമുദായത്തിൽപ്പെട്ടവരാണ്. കഴകം അടക്കമുള്ള ചില ജോലികളും പരമ്പരാഗതമായി ചില സമുദായങ്ങൾതന്നെ നടത്തിവരുന്നു. ഇത്തരം സമുദായങ്ങൾക്കുള്ള കുത്തക തകർക്കുന്ന തീരുമാനമാണ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിലൂടെ സംഭവിക്കുന്നത്.

2007ൽ ഇടതുസർക്കാരിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ദേവസ്വം നിയമം ഭേദഗതി ചെയ്ത് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിരുന്നു. എങ്കിലും നിയമനം പ്രവർത്തികമാക്കാൻ കഴിഞ്ഞില്ല. ഇതു സംബന്ധിച്ച സ്പെഷൽ റൂൾ തയാറാക്കാൻ കാലതാമസം വന്നതോടെയാണ് അന്നു നിയമനത്തിനു തടസമായത്. പിന്നീട് സ്പെഷൽ റൂൾ തയാറായപ്പോഴേക്കും പുതിയ സർക്കാർ അധികാരത്തിൽ വന്നു. ദേവസ്വം തസ്തികകൾ ഓരോന്നിനും കൃത്യമായ യോഗ്യതാ വ്യവസ്ഥകൾ, നിയമനം ഹിന്ദുക്കൾക്ക് മാത്രം തുടങ്ങിയവ എല്ലാം നിഷ്‌കർഷിക്കുന്നതായിരുന്നു സ്പെഷൽ റൂൾ. 2010ൽ സ്പെഷൽ റൂളിന് പി.എസ്.സി അംഗീകാരവും ലഭിച്ചു. അതിനാൽ ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട ഇപ്പോഴത്തെ സർക്കാർ നടപടി കാലതാമസം കൂടാതെ നടപ്പാക്കാനാകും എന്നാണ് വിലയിരുത്തൽ.

എന്നാൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിടുന്നത് എളുപ്പമാകില്ലെന്ന വാദവും ശക്തമാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. അതിനാൽ പിരിച്ചുവിടുന്ന തിനുമുമ്പ് ഇക്കാര്യം ഹൈക്കൊടതിയെ ബോധ്യപ്പെടുത്തണം. 2007-ൽ ദേവസ്വം ബോർഡ് അഴിമതിയെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് പരിപൂർണൻ കമ്മിഷന്റെ ശിപാർശ പ്രകാരമാണ് ബോർഡ് രൂപീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ കീഴിൽ 1200 ക്ഷേത്രങ്ങളും മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ 1600 ക്ഷേത്രങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ 400 ക്ഷേത്രങ്ങളും ഗുരുവായൂർ ദേവസ്വം ബോർഡ് മാനേജിങ് കമ്മിറ്റിയുടെ കീഴിൽ പത്ത് ക്ഷേത്രങ്ങളുമാണുള്ളത്. കൂടൽമാണിക്യം ദേവസ്വം ബോർഡിന്റെ കീഴിൽ ഒരു ക്ഷേത്രം മാത്രമാണുള്ളത്.

സാധാരണ പി.എസ്.സി നിയമനങ്ങളിൽ പിന്നാക്ക ഹിന്ദുക്കൾക്ക് പുറമെ മുസ്ലിം, ലത്തീൻ കത്തോലിക്ക തുടങ്ങി ഇതര സമുദായങ്ങൾക്ക് 17 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. ആ 17 ശതമാനം കൂടി ജനറൽ കാറ്റഗറിയിലേക്ക് നൽകിക്കൊണ്ടാണ് സ്പെഷൽ റൂൾ തയാറാക്കിയതെന്ന് അതിന് നേതൃത്വം നൽകിയ തിരുവിതാംകൂർ ദേവസ്വം മുൻ കമ്മിഷണറായിരുന്ന എൻ. വാസു മംഗളത്തോടു പറഞ്ഞു. 2011-ൽ അധികാരത്തിൽ വന്ന യു.ഡി.എഫ്. സർക്കാരാണ് പി.എസ്.സിക്കു പകരം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്കു വിടുന്നതും നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതും ശക്തമായി എതിർത്തിരുന്നത് എൻ.എസ്.എസ്. ആണ്. ദേവസ്വം ബോർഡിൽ സംവരണം നടപ്പാക്കണമെന്ന് എസ്.എൻ.ഡി.പി അടക്കം പിന്നാക്ക സമുദായ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

2007ൽ ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്കു വിട്ട സർക്കാർ തീരുമാനത്തെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രണ്ടാം ക്ഷേത്ര പ്രവേശ വിളംബരം എന്നാണ് വിശേഷിപ്പിച്ചത്. യു.ഡി.എഫ് സർക്കാർ റിക്രൂട്ട്മെന്റ് ബോർഡ് രൂപവൽക്കരിച്ചപ്പോൾ നിയമനങ്ങളിൽ സംവരണത്തിന് വ്യവസ്ഥ വേണമെന്ന് എസ്.എൻ.ഡി.പി ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് റിക്രൂട്ട്മെന്റ് ബോർഡ് രൂപവൽക്കരിച്ചതും നിയമന വ്യവസ്ഥകളിൽ നിന്നും സംവരണം ഒഴിവാക്കിയതുമെന്ന് ആക്ഷേപം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP