നട അടച്ചശേഷം സന്നിധാനത്തു തങ്ങാൻ ആരെയും അനുവദിക്കില്ലെന്നു ഡിജിപി; അനുമതിയുള്ളത് പരികർമ്മികൾക്കും ഉദ്യോഗസ്ഥർക്കും മാത്രം; ഏതു സാഹചര്യം നേരിടാനും സജ്ജമെന്നും സംസ്ഥാന പൊലീസ് മേധാവി
November 15, 2018 | 10:20 PM IST | Permalink

സ്വന്തം ലേഖകൻ
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ നട അടച്ചശേഷം സന്നിധാനത്തു തങ്ങാൻ ആരെയും അനുവദിക്കില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. നിലയ്ക്കലിൽ നടന്ന പൊലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷമാണ് ഡിജിപി തീരുമാനം അറിയിച്ചത്. പരികർമ്മികൾക്കും ഉദ്യോഗസ്ഥർക്കും മാത്രമാവും ഇനിമുതൽ നട അടച്ചശേഷം സന്നിധാനത്തു തങ്ങാൻ അനുമതിയെന്നും ഏതു സാഹചര്യവും നേരിടാൻ പൊലീസ് തയാറാണെന്നും ഡിജിപി വ്യക്തമാാക്കി.
ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണു ശബരിമലയിലും പരിസരത്തുമായി സുരക്ഷയ്ക്കു നിയോഗിച്ചിട്ടുള്ളത്. ഡിഐജി മുതൽ അഡീഷണൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൂടാതെയാണിത്.
നാല് ഘട്ടങ്ങളുള്ള ഈ സീസണിൽ എസ്പി, എഎസ്പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥർ സുരക്ഷാചുമതലകൾക്കായി ഉണ്ടാകും. 20 അംഗങ്ങളുള്ള കേരള പൊലീസ് കമാൻഡോ സംഘത്തെ സന്നിധാനത്തു ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടർ ബോൾട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച നട തുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കൽ, ഇലവുങ്കൽ, പന്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്നു മുതലാണു നിരോധനാജ്ഞ. 22 വരെ നിരോധനാജ്ഞ നീളും. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
