Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഇഒമാരെ എറിയാൻ കിട്ടിയ അവസരം പാഴാക്കാതെ ടെക്കികൾ; ഫണ്ട് ശേഖരണത്തിന് വേറിട്ട വഴിയുമായി ടെക്‌നോ പാർക്ക് കമ്പനികൾ

സിഇഒമാരെ എറിയാൻ കിട്ടിയ അവസരം പാഴാക്കാതെ ടെക്കികൾ; ഫണ്ട് ശേഖരണത്തിന് വേറിട്ട വഴിയുമായി ടെക്‌നോ പാർക്ക് കമ്പനികൾ

തിരുവനന്തപുരം: ടെക്കികളുടെ ജോലിയിൽ സമ്മർദ്ദത്തിന് യാതൊരു കുറവും ഉണ്ടാകാറില്ല, ഇങ്ങനെയുള്ള മാനസിക സമ്മർദ്ദം കൂടുമ്പോൾ മേലധികാരിക്ക് ഒന്നുകൊടുത്താലോ എന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്ന ടെക്കിമാരും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇങ്ങനെയുള്ള അവസരത്തിൽ കമ്പനി മേധാവിമാരെ എറിയാൻ ഒരു അവസരം കിട്ടിയാൽ അത് ആരെങ്കിലും പാഴാക്കുമോ? തിരുവനന്തപുരം ടെക്‌നോപാർക്കിലെ ടെക്കികൾ എന്തായാലും കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചു. പാഴാകാതെ പോയ ഏറിന് നൂറ് രൂപ വീതം വാങ്ങുകയും ചെയ്തു!

തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജീവനക്കാരാണ് വെള്ളത്തിൽ മുക്കിയ ബഹുവർണ്ണ സ്‌പോഞ്ചുകൾ മുക്കി കമ്പനി സിഇഒമാരെ എറിഞ്ഞത്. ടെക്‌നോപാർക്കിൽ ഇന്നലെ നടന്ന 'ദാനോൽസവ്' എന്ന പരിപാടിയിലാണ് കമ്പനി സിഇഒമാർ ഏറു വാങ്ങിയതും നൃത്തം ചവിട്ടിയതും. ടെക്‌നോപാർക്കും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ഏറിനും നൂറുരൂപയായിരുന്നു നിരക്ക്. ഇങ്ങനെ ശേഖരിച്ച പണം സന്നദ്ധപ്രവർത്തന രംഗത്തുള്ള ഹെൽപിങ് ഹാൻഡ്‌സ് ഓർഗനൈസേഷന് കൈമാറും.

കമ്പനി സിഇഒമാർക്കൊപ്പം സീനിയർ വൈസ് പ്രസിഡന്റുമാരും ഉന്നത ഉദ്യോഗസ്ഥരും ഫ്‌ളാഷ് മോബിൽ പങ്കെടുത്തു. ടെക്‌നോപാർക്ക് സിഇഒ കെ.ജി.ഗിരീഷ് ബാബുവും ജി ടെക് സെക്രട്ടറി അനൂപ് പി. അംബികയുമാണ് ഫ്‌ളാഷ് മോബിലും തുടർന്നു നടന്ന സ്‌പോഞ്ച് ഏറിനും മുന്നിൽ നിന്നത്.

ഏറു വാങ്ങാൻ ആദ്യം കസേരയിലിരുന്നത് ടെക്‌നോപാർക്ക് സിഇഒ ഗിരീഷ് ബാബുവാണ്. ചിലർ സ്‌പോഞ്ച് കൈക്കൊണ്ട് തട്ടിമാറ്റി. മറ്റുചിലർ തലകുനിച്ചു ഒഴിഞ്ഞുമാറി. അവസാനം ജീവനക്കാർ കൂട്ടത്തോടെ ബക്കറ്റിൽ സ്‌പോഞ്ചുകൾ നിറച്ച് മേലധികാരികളെ അഭിഷേകം ചെയ്തു. മുപ്പതിലേറെ സിഇഒമാരും 45,000ലധികം ജീവനക്കാരുമാണ് ചൊവ്വാഴ്ച നടന്ന ദാനോൽസവത്തിൽ പങ്കെടുത്തത്.

എന്തായാലും വ്യത്യസ്തമായ ഈ പരിപാടി ഏറുകൊണ്ടവരെയും ഏറ് കൊടുത്തവരെയും ഏറെ സന്തോഷിപ്പിക്കുക തന്നെ ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP