Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവണ്ടി യാത്രയ്ക്കിടെ അസുഖം മൂർച്ഛിച്ച സഹയാത്രികയെ പാതിരാത്രിയിൽ ആശുപത്രിയിലെത്തിച്ചു; പുലരുവോളം കൂട്ടിരുന്ന ആയിഷ ആശുപത്രി വിട്ടത് രോഗിയായ പെൺകുട്ടിയുടെ വീട്ടുകാർ എത്തിയ ശേഷം: പ്രമേഹം മൂർച്ഛിച്ച് അവശയായ രേഷ്മയുടെ ജീവൻ രക്ഷിച്ച ആയിഷയാണ് ഡോക്ടർ

തീവണ്ടി യാത്രയ്ക്കിടെ അസുഖം മൂർച്ഛിച്ച സഹയാത്രികയെ പാതിരാത്രിയിൽ ആശുപത്രിയിലെത്തിച്ചു; പുലരുവോളം കൂട്ടിരുന്ന ആയിഷ ആശുപത്രി വിട്ടത് രോഗിയായ പെൺകുട്ടിയുടെ വീട്ടുകാർ എത്തിയ ശേഷം: പ്രമേഹം മൂർച്ഛിച്ച് അവശയായ രേഷ്മയുടെ ജീവൻ രക്ഷിച്ച ആയിഷയാണ് ഡോക്ടർ

സ്വന്തം ലേഖകൻ

തിരൂർ: തീവണ്ടിയാത്രയ്ക്കിടയിൽ അസുഖം മൂർച്ഛിച്ച് അവശയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് യുവ ഡോക്ടർ മാതൃകയായി. പ്രമേഹം കൂടി അവശയായ സഹയാത്രികയായ നഴ്‌സിങ് വിദ്യാർത്ഥിയെ ഒറ്റയ്ക്കാക്കാതെ വഴിയിലിറങ്ങി പാതിരാത്രിയിൽ ആശുപത്രിയിലെത്തിച്ചാണ് ആയിഷ എന്ന ഡോക്ടർ മാതൃകയായത്. മാത്രമല്ല പുലരുവോളം പെൺകുട്ടിക്ക് കൂട്ടിരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ വന്ന ശേഷം മാത്രമാണ് ഡോക്ടർ ആശുപത്രി വിട്ടു പോയത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം.

കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലർച്ചെ മാവേലി എക്സ്‌പ്രസിൽ ലേഡീസ് കമ്പാർട്ട്‌മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവം. മംഗലാപുരം സിറ്റി കോളേജിലെ നഴ്‌സിങ് വിദ്യാർത്ഥിയും കൊല്ലം കല്ലുംതാഴം അയത്തിൽ സ്വദേശിയുമായ രേഷ്മ അനിൽകുമാറി(18)നാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ പ്രമേഹം കൂടി ഛർദിയും തളർച്ചയുമുണ്ടായത്. പുലർച്ചെ മൂന്നുമണിയോടെ റെയിൽവേ സുരക്ഷാനമ്പറിൽ വിളിച്ചുപറഞ്ഞശേഷം അതേ കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന ഡോക്ടർ ആയിഷ രേഷ്മയെ പരിചരിക്കുകയും തിരൂർ റെയിൽവേസ്റ്റേഷനിൽ ഇറക്കുകയുമായിരുന്നു. പെൺകുട്ടിയെ തനിച്ചാക്കാതെ ഒപ്പം കൂടിയ ഡോക്ടറും റെയിൽവേ ഉദ്യോഗസ്ഥർ ഏർപ്പാടുചെയ്ത ആംബുലൻസിൽ കയറി. ഇവർതന്നെ രേഷ്മയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. കൂട്ടായി ആംബുലൻസ് ഡ്രൈവർമാരായ മുരളീധരനും ജലീലുമുണ്ടായിരുന്നു.

ഡോ. ആയിഷ തന്നെയാണ് രേഷ്മയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. രേഷ്മയുടെ അസുഖം കുറഞ്ഞതിനുശഷം തിങ്കളാഴ്ച രാവിലെയാണ് ആയിഷ ജോലിസ്ഥലത്തേക്ക് പോയത്. ഉച്ചയോടെ ബന്ധുക്കൾ തിരൂർ ജില്ലാ ആശുപത്രിയിലെത്തി രേഷ്മയെ വീട്ടിലേക്ക് കൊണ്ടുപോയി. കൊല്ലം കാവനാട് മുക്കാട് സ്വദേശിയാണ് എറ്റിൽ ഭവനിൽ ഡോ. ആയിഷ. മംഗലാപുരം വെൻലോക്ക് ജില്ലാ ആശുപത്രിയിലാണ് ഇരുപത്തിനാലുകാരിയായ ഈ ഡോക്ടർ ജോലിചെയ്യുന്നത്.

സഹയാത്രികയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്ന് ഡോക്ടർ ആയിഷ പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരും ആംബുലൻസ് ഡ്രൈവർമാരും ജില്ലാ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നൽകിയ സഹകരണമാണ് രേഷ്മയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP