മൂക്കിലെ ദശമാറാൻ ചികിത്സക്കെത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്ക് ഓപ്പറേഷൻ നടത്തിയ ഡോക്ടർ സുരേഷ് കുമാറിന് സസ്പെൻഷൻ; സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; ഡോക്ടറുടെ അനാസ്ഥക്ക് ഇരയായത് കരവാരക്കുണ്ട് സ്വദേശികളുടെ മകൻ മുഹമ്മദ് ഡാനിഷ്
May 22, 2019 | 11:37 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
മഞ്ചേരി: ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴു വയസ്സുകാരനെ ആളുമാറി ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് ഡോക്ടറെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉത്തരവിട്ടിട്ടുണ്ട്. മൂക്കിലെ ദശമാറാൻ ചികിത്സ തേടിയ ബാലന് ഹെർണിയക്ക് ഓപ്പറേഷൻ നടത്തിയ ഡോക്ടർ സുരേഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
മൂക്കിലെ ദശ മാറ്റാൻ ചികിത്സക്കെത്തിയ കരുവാരകുണ്ട് കേരളാംകുണ്ട് സ്വദേശി മജീദ്- ജഹാന ദമ്പതികളുടെ മകൻ ഏഴുവയസുകാരൻ മുഹമ്മദ് ഡാനിഷിനേയാണ് ഹെർണിയക്ക് ശസ്ത്രക്രീയ നടത്തിയത്. ശസ്ത്രക്രീയക്ക് ശേഷം കുട്ടിയുടെ പിതാവ് പരാതിപ്പെട്ടെങ്കിലും മുഹമ്മദ് ഡാനിഷിന് ഹെർണിയയും ഉണ്ടായിരുന്നുവെന്നായിരുന്നു ഡോക്ടറുടെ മറുപടി. ആശുപത്രിയിലെ സീനിയർ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്.
പിന്നാലെ ബന്ധുക്കൾ പ്രതിഷേധം ഉയർത്തിയതോടെയാണ് വീഴ്ച സമ്മതിച്ചത്. മൂത്രസഞ്ചിക്ക് ചികിൽസ തേടി മണ്ണാർക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ ആറര വയസുകാരൻ ധനുഷും മെഡിക്കൽ കോളജിലുണ്ട്. ദാനിഷും ധനുഷുമായുള്ള പേരിലെ സാമ്യമാണ് ചികിൽസ മാറാൻ കാരണമായതെന്ന് പിന്നാലെ സമ്മതിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ദാനിഷിനെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ശസ്ത്രക്രിയക്കായി കുട്ടിയെ ഓപറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചു. 10.30ഓടെ ഓപറേഷൻ പൂർത്തിയായി കുട്ടിയെ രക്ഷിതാവ് കാണാൻ കയറിയതോടെയാണ് മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടന്നതായി ബോധ്യപ്പെട്ടത്. ഉടൻ ഡോക്ടറെ വിവരമറിയിച്ചു.മൂത്രസഞ്ചിയിൽ വെള്ളം നിറയുന്ന രോഗത്തിന് ചികിത്സക്കെത്തിയ മണ്ണാർക്കാട് ചിറക്കൽപ്പടി സ്വദേശിയായ ആറര വയസ്സുകാരൻ ധനുഷിനും ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിരുന്നു. ധനുഷിന് വയറിന് താഴെയായിരുന്നു ശസ്ത്രക്രിയ. കുട്ടികളുടെ പേരുകൾ തമ്മിലുള്ള സാമ്യമാണ് കൈപ്പിഴക്ക് കാരണമെന്നാണ് സൂചന.
സംഭവം പുറത്തായതോടെ ഓപറേഷൻ തിയറ്ററിനടുത്തുള്ളവരോട് മുഴുവൻ ആശുപത്രി അധികൃതർ മാറാൻ ആവശ്യപ്പെട്ടു. കുട്ടിക്ക് ഹെർണിയ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഹെർണിയക്കും ശസ്ത്രക്രിയ നടത്തിയെന്ന വിചിത്ര മറുപടിയാണ് സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർ നൽകിയത്. അതേസമയം, കുട്ടിയെ വീണ്ടും ഓപറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച് മൂക്കിലെ ദശക്കും ശസ്ത്രക്രിയ നടത്തിയതായും രക്ഷിതാക്കൾ പറഞ്ഞു.
