Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയജലം അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചിട്ടും നടന്നില്ല; തന്റെ ജീവൻ തിരികെ കിട്ടിയതിനേക്കാൾ സന്തോഷമായിരുന്നു മിയയുടെ മനസിൽ യജമാനനെ കണ്ടപ്പോൾ തോന്നിയത്; ചാലക്കുടിയിലെ പ്രളയക്കെടുതിയിൽ നഷ്ടമായെന്ന് കരുതിയ നായയെ തിരിച്ചു കിട്ടിയ കഥ ഏവരുടേയും കണ്ണ് നിറയ്ക്കും

പ്രളയജലം അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചിട്ടും നടന്നില്ല;  തന്റെ ജീവൻ തിരികെ കിട്ടിയതിനേക്കാൾ സന്തോഷമായിരുന്നു മിയയുടെ മനസിൽ യജമാനനെ കണ്ടപ്പോൾ തോന്നിയത്; ചാലക്കുടിയിലെ പ്രളയക്കെടുതിയിൽ നഷ്ടമായെന്ന് കരുതിയ നായയെ തിരിച്ചു കിട്ടിയ കഥ ഏവരുടേയും കണ്ണ് നിറയ്ക്കും

മറുനാടൻ ഡെസ്‌ക്‌

ചാലക്കുടി: കര കവിഞ്ഞെത്തിയ പ്രളയ ജലം കേരളത്തിൽ സംഹാര താണ്ഡവമാടിയാണ് കടന്ന് പോയത്. മനുഷ്യ ജീവനുകൾക്കൊപ്പം നിരവധി മിണ്ടാപ്രാണികളേയും നമുക്ക് നഷ്ടമായി. രക്ഷാപ്രവർത്തകരുടെ കരങ്ങളിലൂടെ സുരക്ഷിതരായി ജീവിതത്തിലേക്ക് മടങ്ങി വന്ന മൃഗങ്ങൾ ഭാഷകൾക്കതീതമായ നന്ദിയാണ് പ്രകടിപ്പിച്ചത്.

അതിൽ ഏവരുടേയും മനസിൽ മായാതെ നിൽക്കുന്ന ഒന്നാണ് ചാലക്കുടിയിൽ വളർത്തു നായയെ രക്ഷപെടുത്തിയ സംഭവം. ചാലക്കുടിയിൽ വെട്ടുകടവ് പാലത്തിനടുത്ത് നിന്ന് അതിസാഹസികമായി രക്ഷിച്ച നായയും അതിന്റെ ഉടമസ്ഥനും തമ്മിൽ കണ്ടപ്പോൾ കണ്ട സ്നേഹപ്രകടനങ്ങൾ വിവരിച്ചെഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്തുകൊണ്ടും മനുഷ്യരെക്കാൾ നന്ദിയും,സ്‌നേഹവുമുള്ള വർഗമാണ് നായ??

നാട്ടിലെ പ്രളയഭീതിയിൽ അപകടത്തിൽ നിന്നും ചില അപകടങ്ങൾ ഒഴികെ മനുഷ്യ സാധ്യമായവരെല്ലാം കയറി പോന്നു..
എന്നാൽ ഈ പ്രളയത്തിന്റെ നഷ്ടങ്ങളിലൊരിടത്തും കയറി പറ്റാൻ കഴിയാതെ പോകുന്നവരാണ് വളർത്തു മൃഗങ്ങൾ...
ഇന്ന് ചാലക്കുടിയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് തിരികെ പോരാൻ നിൽക്കുമ്പോഴാണ് നിഖിലിന്റെ ഫോണിലേക്ക് വെട്ടുകടവ് പാലത്തിനടുത്ത് ഒരു നായ കുടുങ്ങി കിടപ്പുണ്ട്, റെസ്‌ക്യൂ ടീമിന്റെ സഹായം വേണമെന്നറിയച്ചത്...
പ്രളയകാലത്ത് മനുഷ്യരെ രക്ഷിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുള്ള തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ നിധിൻ പുല്ലൻ പറഞ്ഞു

' വണ്ടിയെടുക്ക് ചേട്ടാ നമുക്ക് രക്ഷിക്കാം', ഒരു നായയുടെ കാര്യമല്ലേ, എത്ര മൃഗങ്ങളുടെ ജഡങ്ങൾ കരക്കടിഞ്ഞു, ഇതിലിപ്പോ എന്താണുള്ളത്..?? ഞാൻ മനസില്ലാ മനസോടെ വണ്ടിയെടുത്തു... ചെല്ലുമ്പോൾ വെട്ടുകടവ് പാലത്തിന്റെ നടുവിലെ തൂണിന് താഴെയായി മരവും, ചവറും അടിഞ്ഞ് കൂടിയതിന് നടുവിൽ കറുത്ത ഒരു നായ.. ഞങ്ങൾ വടമന്വേഷിച്ചു, പല വഴികൾ ചിന്തിച്ചു..

മനുഷ്യനല്ലല്ലോ കുടുങ്ങിയത് നായയല്ലേ..? വടം കിട്ടിയില്ല... ഞങ്ങൾ ഇറങ്ങി ഒരു ചെറിയ പ്ലാസ്റ്റിക്ക് കയറുമായി ..
പുല്ലൻ ദീർഘത്തിലേക്ക്, ഒഴുക്കിലേക്കിറങ്ങി നീന്തി... പിന്നാലെ ഞാനും വെള്ളത്തിൽ ചാടി പകുതിയിൽ എന്റെ മുണ്ടഴിഞ്ഞ് കാലിൽ ചുറ്റി ഞാൻ ഒഴുക്കിലേക്ക് വലിച്ചെറിയപ്പെട്ട പോലെ തോന്നി... ഉള്ള ശക്തിയെടുത്ത് നീന്തി ഞാൻ കരപറ്റി... പുല്ലനപ്പോൾ കിട്ടിയ പ്ലാസ്റ്റിക്ക് കയർ കൊണ്ടാരു കുരുക്കിട്ട് നായയെ വലിച്ചെടുക്കാൻ തുടങ്ങിയിരുന്നു....
ഏറെ ശ്രമങ്ങൾക്കൊടുവിലവൻ നായയെ കരയിലെത്തിച്ചു..
എങ്ങനെയെല്ലാമോ റോഡിലേക്ക് അടുപ്പിച്ചു.. കൂടിയിരുന്ന കാഴ്ചക്കാർ കയ്യടിക്കുന്നുണ്ടായിരുന്നു....
ഞങ്ങൾ എങ്ങനെയും നായയെ ആരെയെങ്കിലും ഏൽപ്പിക്കാൻ, ഇനി ഇതിനെ തലയിൽ നിന്നൊഴിവാക്കാൻ നിൽക്കുമ്പോൾ വഴിയാത്രക്കാരിലൊരാൾ നായയുടെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു... പത്ത് മിനിറ്റിനകം ഉടമസ്ഥൻ ഹാജരായി... ''മിയ, എവിടെയായിരുന്നു...??'

ഉടൻ ആ നായ എന്റെ കയ്യിൽ നിന്നും കുതറി ഉടമയുടെ അരികിലേക്കോടി.. കാലുകൾ ഉയർത്തി ആ മനുഷ്യന്റെ നെഞ്ചിൽ വച്ചു...
അതവർക്കിടയിലെ ഭാഷയിൽ ആലിംഗനമമായിരുന്നു.... അയാൾ നഷ്ടമായ മകളെ തിരികെ കിട്ടിയ ആനന്ദം പോലെ പൊട്ടി കരയുന്നു....
ഏങ്ങലടിച്ച് കരയുന്ന ആ മനുഷ്യനെ ആശ്വസിപ്പിക്കും പോലെ മിയ പറ്റി ചേർന്ന് നിന്നു... അവസാനിക്കാത്ത മനുഷ്യസ്‌നേഹം എന്ന് പരിമിതമായ നമ്മുടെ പദസമ്പത്തുകളോട് എനിക്കപ്പോൾ എന്തെന്നില്ലാത്ത അവജ്ഞ തികട്ടി വന്നു... സ്‌നേഹം മനുഷ്യനും മനുഷ്യനും മാത്രമായി സംവരണപ്പെട്ട ഒരാശയമല്ല, അതിന് സാർവ്വത്രികമായ ഒരു നൂൽപ്പാലം നെയ്ത
ഒട്ടേറെ ജീവിതങ്ങളുണ്ട്... സ്‌നേഹത്തിന് സംവദിക്കാൻ അക്ഷരങ്ങളും വാക്കുകളും ലിപികളും വേണ്ട.....

അതൊരു കണ്ണീർ തുള്ളിയായി ആന്റോ ചേട്ടനിലൂടെ കിനിഞ്ഞ്, ആലിംഗനമായി മിയയിലൂടെ പകർന്ന്,
സഹജീവിയുടെ അപകടകരമായ ജീവിതാവസ്ഥയോട് അസ്വസ്ഥനായി
ഒഴുക്കിനെതിരെ നീന്തി, കയറിൽ കുരുക്കി കരയിലേക്കെത്തുന്ന നിധിൻ പുല്ലനിലൂടെ ചംക്രമണം ചെയ്യപ്പെടുന്ന പ്രളയമാണ്...
എല്ലാ മനുഷ്യനും ഒന്നാകാൻ പ്രേരിപ്പിക്കപ്പെടുന്ന കാലത്തും
അസമയത്തെ വെറുപ്പിന്റെ പ്രചാരകർക്കെതിരെ കേരളം അതിജീവിക്കാൻ പ്രാപ്തി നേടുന്നതും ഇവരിലൂടെയെല്ലാമാണ്....!
കടപ്പാട് : Vyshakhan

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP