ഗോരക്ഷകർ ചമഞ്ഞെത്തിയവർ അടിച്ചുമാറ്റിയത് പിക്കപ്പ് വാനും അരലക്ഷം രൂപയും രണ്ടു പശുക്കളെയും; കാസർകോട്ട് പശുക്കടത്ത് ആരോപിച്ച് ഹംസയേയും അൽത്താഫിനെയും ആക്രമിച്ച ഏഴംഗ സംഘം എത്തിയത് ഹ്യൂണ്ടായി ഇയോൺ കാറിൽ
June 24, 2019 | 06:45 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കാസർക്കോഡ്: ബദിയടുക്കയിൽ പശുക്കടത്ത് ആരോപിച്ച് ഡ്രൈവവറെയും സഹായിയെയും ആക്രമിച്ചു. കർണാടകയിൽ നിന്നും കാസർകോട്ടെ ബന്തിയോട്ടേക്ക് പശുവിനെ കൊണ്ടുവരികയായിരുന്ന പിക്ക് അപ്പ് ഡ്രൈവർ ഹംസയേയും സഹായി അൽത്താഫിനെയും മർദ്ദിച്ച ഏഴംഗ സംഘം പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി. രണ്ട് പശുവും ഒരു കിടാവുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
കർണാടക പുത്തൂരിൽ നിന്നും പശുക്കളെയും കൊണ്ട് വരുന്നതിനിടെ എൺമകജെ മഞ്ചനടുക്കയിൽ വച്ചാണ് ഇന്ന് രാവിലെ അക്രമമുണ്ടായത്. കാറിലെത്തിയ സംഘം പശുക്കടത്ത് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കിലുള്ള മർദ്ദനത്തിൽ പരുക്കേറ്റ പുത്തൂർ പർപുഞ്ച സ്വദേശികളായ ഹംസ, അൽത്താഫ് എന്നിവരെ കാസർകോട്ടെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂർ കെദിലയിലെ ഇസ്മയിൽ എന്നയാളാണ് പശുക്കളെ കാസർകോട്ടെ ബന്തിയോട്ടെക്ക് എത്തിക്കാൻ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളർത്തു കേന്ദ്രം നടത്തുന്ന ഹാരിസിന് നൽകാനായി അരലക്ഷം രൂപയും ഇസ്മയിൽ ഇവരുടെ കൈവശം നൽകിയിരുന്നു. പണം കൈമാറാൻ എത്തിയപ്പോഴായിരുന്നു അക്രമമെന്ന് ഹംസ പറഞ്ഞു.
ഹംസയും അൽത്താഫും മർദ്ദനമേറ്റു വിണയുടൻ അക്രമി സംഘം പിക്ക് അപ്പ് വാനുമായി സ്ഥലം വിട്ടു. പശുക്കളെ കൊണ്ടുവരുന്നതിനായി കർണാടക മൃഗസംരണ വകുപ്പിലെ വെറ്റിനറി ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും അരലക്ഷം രൂപയും സംഘം അപഹരിച്ചതായും ഹംസ പറഞ്ഞു. ഇരുവരുടെയും പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്തു. ഇതിനിടെ കർണാടക വിട്ലയിൽ പിക്ക് അപ്പ് വാൻ കണ്ടെത്തിയിട്ടുണ്ട്. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിനിരയായവരിൽ നിന്നു പൊലീസ് മൊഴിയെടുത്തു. ഹ്യുണ്ടായി ഇയോൺ കാറിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പും കാസർകോഡ് കർണാടക അതിർത്തി പ്രദേശത്ത് പശുക്കടത്തിന്റെ പേരിൽ അക്രമമുണ്ടായിട്ടുണ്ട്.
